എല്ലാം കൊണ്ടും 2001 ആവർത്തിക്കുമോ? 23 വർഷങ്ങൾക്ക് ശേഷം നാണക്കേടിന്‍റെ റെക്കോർഡുമായി ഇന്ത്യൻ ടീം

ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് നാണക്കേടിന്‍റെ റെക്കോർഡ്. ഇന്ത്യയുടെ തട്ടകത്തിൽ നടക്കുന്ന തുടർച്ചയായ രണ്ട് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 100ൽ അധികം ലീഡ് വഴങ്ങിയിരിക്കുകയാണ്. 2001ന് ശേഷം ആദ്യമായാണ് ഇന്ത്യ തുടർച്ചയായി ഒന്നാം ഇന്നിങ്സ് ലീഡ് നൂറിന് മുകളില് വഴങ്ങുന്നത്.

2001ൽ ആസ്ട്രേലിയ ഇന്ത്യയിൽ പര്യടനം നടത്തിയപ്പോഴായിരുന്നു ഇങ്ങനെ സംഭവിച്ചത്. 2001 ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഒന്നാം ഇന്നിങ്സിൽ 176 റൺസിൽ ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 349 റൺസാണ് ഒന്നാം ഇന്നിങ്സിൽ നേടിയത്. 173 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിങ്സിലുണ്ടായത്. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 219 റൺസിൽ ഓൾ ഔട്ടായി. ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തുകയും ചെയ്തു.

കൊൽക്കത്തിയിൽ വെച്ച് നടന്ന രണ്ടാം ടെസ്റ്റിലും ആസ്ട്രേലിയ ഒന്നാം ഇന്നിങ്സ് ലീഡ് 100 കടത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒന്നാം ഇന്നിങ്സിൽ 445 എന്ന സ്കോർ ഉയർത്തി. ഇതിന് ഇന്ത്യയുടെ മറുപടി 171 റൺസ് മാത്രമായിരുന്നു. 274 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ പക്ഷേ ശക്തമായി തിരിച്ചുവന്നു. ഫോളോ ഓൺ വഴങ്ങിയിട്ടും രണ്ടാം ഇന്നിങ്സിൽ ഏഴിന് 657 എന്ന സ്കോർ ഉയർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. പിന്നാലെ 212 റൺസിൽ ഓസ്ട്രേലിയയെ പുറത്താക്കി ഇന്ത്യ 171 റൺസിന്റെ ചരിത്ര വിജയവും നേടി. ടെസ്റ്റ് ക്രിക്കറ്റിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ മത്സരങ്ങളിലൊന്നായി കൊൽക്കത്ത ടെസ്റ്റ് മാറുകയും ചെയ്തു.

23 വർഷങ്ങൾക്കിപ്പുറം ഇന്ത്യ ചരിത്രം ആവർത്തിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. ബംഗളൂരുവിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ‍യെ 46 റൺസിന് ഓൾഔട്ടാക്കിയതിന് ശേഷം ന്യൂസിലാൻഡ് 356 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. പിന്നീട് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 106 റൺസിന്‍റെ ലീഡ് നേടിയെങ്കിലും ന്യൂസിലാൻഡ് അനായാസാം വിജയിക്കുകയായിരുന്നു.

വീണ്ടുമൊരിക്കൽ കൂടി ഇന്ത്യൻ സംഘം 100ലധികം റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരിക്കുകയാണ്. പൂണെയിൽ വെച്ച് നടക്കുന്ന ടെസ്റ്റിൽ ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 259ന് മറുപടിയായി ഇന്ത്യ 156 റൺസാണ് നേടിയത് അവസാനിച്ചു. 103 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് 255 റൺസുമെടുത്ത് പുറത്തായി. കൊൽക്കത്തയിൽ ആസ്ട്രേലിയക്കെതിരെ അന്ന് ഇന്ത്യ ചരിത്ര വിജയം രേഖപ്പെടുത്തിയതുപോലെ ഇന്ത്യക്ക് ഇത്തവണ പറ്റുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിൽ 359 റൺസ് പിന്തുടരുന്ന ഇന്ത്യ 140ന് നാല് എന്ന നിലയിലാണ്. 

Tags:    
News Summary - indian team continuously conceded first innings lead of 100 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.