കാസർകോട്: ആഗ്രഹങ്ങളുടെ പട്ടികയിൽ ഒന്നുകൂടി പൂർത്തിയാക്കി ക്രിക്കറ്റിൽ കാസർകോടിെൻറ അഭിമാന താരമായ തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ. സയ്യിദ് മുഷ്താഖ് അലി ടി 20യിൽ ഓപണറായി ഇറങ്ങി മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് സ്വപ്നത്തിലേക്ക് അസ്ഹർ ബൗണ്ടറി പായിച്ചത്.
വ്യാഴാഴ്ച നടന്ന താരലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് അസ്ഹറുദ്ദീനെ സ്വന്തമാക്കിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കൊപ്പം കളിക്കണമെന്ന ആഗ്രഹവും ഇതോടൊപ്പം പൂവണിയും. വിവരമറിഞ്ഞതോടെ തളങ്കരയിലും പരിസരങ്ങളിലും ആഘോഷം തുടങ്ങി. തളങ്കര ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റിയിലൂടെയാണ് (ടി.എ.എസ്.എസ്) 26കാരനായ അസ്ഹർ ക്രിക്കറ്റ് പരിശീലനമാരംഭിച്ചത്.
കാസർകോട് ക്രിക്കറ്റ് ഫോറം അഭിനന്ദിച്ചു
കാസർകോട്: ക്രിക്കറ്റ് താരലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം സ്വന്തമാക്കിയ കേരള രഞ്ജി ടീം താരവും കാസർകോട് സ്വദേശിയുമായ മുഹമ്മദ് അസ്ഹറുദ്ദീനെ കാസർകോട് ക്രിക്കറ്റ് ഫോറം അഭിനന്ദിച്ചു. അസ്ഹറുദ്ദീെൻറ ക്രിക്കറ്റ് ജീവിതത്തിലേക്ക് വരുന്ന ഐ.പി.എൽ സീസൺ വഴിത്തിരിവായി മാറുമെന്ന് മുൻ സംസ്ഥാന ക്രിക്കറ്റ് താരവും ക്രിക്കറ്റ് ഫോറം പ്രസിഡൻറുമായ ഫത്താഹ് ബങ്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.