ബട്‍ലർക്ക് സെഞ്ച്വറി; രാജസ്ഥാന് രണ്ടാം ജയം; മുംബൈയെ തോൽപിച്ചത് 23 റൺസിന്

മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ തോൽപിച്ച് രാജസ്ഥാൻ റോയൽസിന്റെ വിജയഭേരി. 23 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം. രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. മുംബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയും. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ എട്ടിന് 193 റൺസടിച്ചപ്പോൾ മുംബൈയുടെ പോരാട്ടം എട്ടിന് 170ലൊതുങ്ങി.

സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ച ജോസ് ബട്‍ലർ (68 പന്തിൽ 100) ആയിരുന്നു രാജസ്ഥാന്റെ ഹീറോ. ഐ.പി.എല്ലിൽ ഇംഗ്ലീഷ് താരത്തിന്റെ രണ്ടാം ശതകമാണിത്. അഞ്ച് സിക്സും 11 ഫോറുമടങ്ങിയതായിരുന്നു ബട്‍ലറുടെ ഇന്നിങ്സ്. മലയാളി പേസർ ബേസിൽ തമ്പിയുടെ ഒരോവറിൽ ബട്‍ലർ 26 റൺസടിച്ചു. തമ്പിക്ക് പിന്നീട് മുംബൈ നായകൻ രോഹിത് ശർമ പന്ത് നൽകിയതുമില്ല. ആദ്യ കളിയിൽ മൂന്നു വിക്കറ്റുമായി തിളങ്ങിയിരുന്നു തമ്പി.

ബട്‍ലർക്കുപുറമെ ഷിംറോം ഹെറ്റ്മെയറും (14 പന്തിൽ 31) നായകൻ സഞ്ജു സാംസണും (21 പന്തിൽ 30) ആണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. യശസ്വി ജയ്സ്വാളും (1) ദേവ്ദത്ത് പടിക്കലും (7) റിയാൻ പരാഗും (5) ചെറിയ സ്കോറിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ നായകൻ രോഹിത് ശർമയെയും (10) അൻമോൽപ്രീത് സിങ്ങിനെയും (5) പെട്ടെന്ന് പുറത്താക്കി രാജസ്ഥാൻ തുടക്കത്തിലേ മുൻതൂക്കം നേടി.

തിലക് വർമയും (33 പന്തിൽ 61) തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷനും (43 പന്തിൽ 54) ആക്രമിച്ചു കളിച്ചെങ്കിലും കാര്യമുണ്ടായില്ല. ബിഗ് ഹിറ്റർ എന്ന പേരുമായി വന്ന ടിം ഡേവിഡ് (1) തുടർച്ചയായ രണ്ടാം കളിയിലും പരാജയമായി. കീറൺ പൊള്ളാർഡിന് (24 പന്തിൽ 22) കാര്യമായൊന്നും ചെയ്യാനുമായില്ല. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ യുസ്വേന്ദ്ര ചഹലും നവ്ദീപ് സെയ്നിയുമാണ് രാജസ്ഥാൻ ബൗളിങ്ങിൽ തിളങ്ങിയത്.

Tags:    
News Summary - IPL 2022, Jos Buttler Century Powers Rajasthan Royals to 23-Run Win vs Mumbai Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.