‘എന്നെയല്ല, അമ്മ വന്നത് കോഹ്ലിയുടെ കളി കാണാൻ’; വിഡിയോ വൈറലായതിനു പിന്നാലെ വിൻഡീസ് താരം

പോർട്ട് ഓഫ് സ്പെയിൻ: വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാംദിനം ഗ്രൗണ്ടിനു പുറത്ത് കാത്തുനിന്ന ഒരു ആരാധിക സൂപ്പർതാരം വിരാട് കോഹ്ലിയെ കെട്ടിപിടിച്ച് സന്തോഷം കൊണ്ട് കരയുന്നതിന്‍റെ വിഡിയോ വൈറലായിരുന്നു. രണ്ടാം ദിവസത്തെ കളിക്കുശേഷം ടീം ബസിലേക്ക് മടങ്ങാനൊരുങ്ങിയ ക്ലോഹിയുടെ അരികിലേക്ക് ഓടിയെത്തിയത് വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ജോഷ്വാ ഡാ ഡിസില്‍വയുടെ അമ്മയായിരുന്നു.

കോഹ്ലിയെ കണ്ടതും കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും കരയുന്നതും വിഡിയോയിലുണ്ട്. താരത്തിനൊപ്പം നിൽക്കുന്ന ഫോട്ടോ എടുത്താണ് അവർ മടങ്ങിയത്. എന്നെ കാണാനല്ല, പകരം കോഹ്ലിയുടെ കളി കാണാനാണ് അമ്മ വന്നതെന്ന് ജോഷ്വാ ഡിസിൽവ പറഞ്ഞു. ‘വിരാട് കോഹ്ലിയെ കാണാനാണ് വരുന്നതെന്ന് ടെസ്റ്റ് മത്സരത്തിന് കുറച്ച് ദിവസം മുമ്പ് അമ്മ എന്നോട് പറഞ്ഞിരുന്നു. ഇത് ഒരു തമാശയായി തോന്നി, അതുകൊണ്ടാണ് കോഹ്ലിയോട് പറഞ്ഞത്’ -ജോഷ്വാ പറയുന്നു.

ടെസ്റ്റിന്‍റെ ആദ്യ ദിനം ബാറ്റിങ്ങിനിടെ ജോഷ്വായും കോഹ്ലിയും തമ്മിലുള്ള സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. അമ്മ താങ്കളുടെ വലിയ ആരാധകനാണെന്നും നാളെ നിങ്ങളുടെ കളി കാണാന്‍ വരുന്നുണ്ടെന്ന് പറഞ്ഞതായും അതുകേട്ട് തനിക്ക് വിശ്വസിക്കാനായില്ലെന്നും കോഹ്ലിയോട് ജോഷ്വാ പറയുന്നതാണ് ഈ സംഭാഷണത്തിലുള്ളത്.

ഗ്രൗണ്ടിനു പുറത്തെ ടീം ബസ്സിൽ ഇരിക്കുന്ന സൂപ്പർതാരത്തെ കണ്ടതും അമ്മ സന്തോഷം കൊണ്ട് തുള്ളിചാടി. പിന്നാലെ താൻ പോയി വിൻഡോയിൽ മുട്ടുകയും കോഹ്ലി ബസിനു പുറത്തേക്ക് ഇറങ്ങിവരികയുമായിരുന്നു. ജോഷ്വാ പ്രതികരിക്കുന്ന വിഡിയോ ബി.സി.സി.ഐ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ വിദേശത്ത് ഒരു ടെസ്റ്റ് സെഞ്ച്വറി കുറിച്ച ദിനമാണ് ജോഷ്വായുടെ അമ്മ സൂപ്പർതാരത്തെ കാണാനെത്തിയത്. താരത്തിന്‍റെ കരിയറിലെ 500ാം മത്സരമാണിത്. ടെസ്റ്റ് കരിയറിലെ 29ാം സെഞ്ച്വറിയും രാജ്യാന്തര കരിയറിലെ 76ാം സെഞ്ച്വറിയുമാണ് താരം നേടിയത്.

Tags:    
News Summary - Joshua Da Silva On India Star's Meeting With His Mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-01 01:49 GMT