ധാക്ക: ആവേശം അവസാനത്തോളം നീണ്ടുനിന്ന ഉജ്ജ്വല പോരാട്ടത്തിനൊടുവിലാണ് കരുത്തരായ ഇന്ത്യൻ വനിതകളെ ബംഗ്ലാദേശ് സമനിലയിൽ പിടിച്ചത്. രണ്ടു ടീമും 225 എടുത്ത് മത്സരം ടൈയിൽ കലാശിക്കുകയായിരുന്നു.
ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര സമനിലയിലായി. എന്നാൽ, ഔട്ടായതിനു പിന്നാലെ ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ ബാറ്റ് കൊണ്ട് സ്റ്റെമ്പിൽ തല്ലിയതും അമ്പയറോട് കയർത്തതും വ്യാപക വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ് താരങ്ങളുടെ എൽ.ബി.ഡബ്ല്യു അപ്പീൽ അനുവദിച്ചതാണ് ഇന്ത്യൻ താരത്തെ പ്രകോപിപ്പിച്ചത്.
20 പന്തിൽ 14 നിൽക്കെ നഹിദ അക്തർ എറിഞ്ഞ പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് താരം എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയത്. ബംഗ്ലാദേശ് താരങ്ങളുടെ അപ്പീലിന് മുന്നിൽ ഒന്നും ആലോചിക്കാതെ അമ്പയർ വിരലുയര്‍ത്തി. എന്നാൽ പന്ത് ഗ്ലൗസിൽ കൊണ്ടെന്നും ഔട്ടല്ലെന്നും മനസ്സിലാക്കിയ കൗർ തന്‍റെ ദേഷ്യം ഗ്രൗണ്ടിൽ തീർക്കുകയായിരുന്നു.
ആദ്യം ബാറ്റിൽ കൈകൊണ്ട് ഇടിച്ച കൗർ, പിന്നാലെ ബാറ്റു കൊണ്ട് സ്റ്റെമ്പിലും തല്ലി. ഗ്രൗണ്ട് വിട്ട് പോകുമ്പോഴും അമ്പയറോട് കയർക്കുന്നുണ്ടായിരുന്നു. മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിൽ മോശം അമ്പയറിങ്ങിനെ കുറിച്ച് കൗർ തുറന്നിടിക്കുകയും ചെയ്തു. എന്നാൽ, താരത്തിന്‍റെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്.
അമ്പയറോട് കയർത്തതും ഗ്രൗണ്ടിൽ അച്ചടക്ക ലംഘനം നടത്തിയതും അംഗീകരിക്കാനാകില്ലെന്നും താരത്തിന് പിഴ ചുമത്തണമെന്നും പലരും ചൂണ്ടിക്കാട്ടി. മത്സര വിലക്ക് ഉൾപ്പെടെയുള്ള കർശന നടപടികൾ താരത്തിനെതിരെ സ്വീകരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.