ഏഷ്യ കപ്പ്, ഹൈബ്രിഡ് മോഡലിൽ നടത്താനുള്ള തീരുമാനത്തിൽനിന്ന് പാകിസ്താൻ പിന്മാറുന്നതായി റിപ്പോർട്ട്. തങ്ങൾക്ക് കൂടുതൽ മത്സരങ്ങൾ വേണമെന്ന നിലപാടിലാണ് പാക് ക്രിക്കറ്റ് ബോർഡ്. ദുബൈയിൽ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലെ (എ.സി.സി) ബോർഡ് മീറ്റിങ്ങിൽ ഇക്കാര്യം ഉന്നയിക്കും.
പാകിസ്താൻ വേദിയാകുന്ന ഏഷ്യ കപ്പിന് ടീമിനെ അയക്കില്ലെന്ന് ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയത്. ബി.സി.സി.ഐയുടെയും പി.സി.ബിയുടെയും സമ്മതത്തോടെ പാകിസ്താനിലും ശ്രീലങ്കയിലുമായി മത്സരങ്ങൾ നടത്താനായിരുന്നു തീരുമാനം. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെ നടക്കുന്ന ടൂർണമെന്‍റിലെ നാലു മത്സരങ്ങൾ പാകിസ്താനിലും ഒമ്പത് മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും.
പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനായി സാക അഷ്റഫ് ചുമതലയേറ്റതിനു പിന്നാലെയാണ് നിലപാടു മാറ്റം. മത്സരത്തിന്‍റെ ഷെഡ്യൂൾ പൂർണമായി പുറത്തുവിട്ടിട്ടില്ലെങ്കിലും പാകിസ്താന് കൂടുതൽ മത്സരങ്ങൾ ലഭിക്കാനുള്ള സാധ്യത കുറവാണ്. ഏഷ്യാ കപ്പിന്റെ ഒമ്പത് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ശ്രീലങ്കയിലെ വേദികളിൽ മഴക്ക് സാധ്യതയുള്ളതിനാൽ, പാകിസ്താനിൽ നാലിൽ കൂടുതൽ മത്സരങ്ങൾ നടത്താൻ അനുവദിക്കണമെന്ന് എ.സി.സി യോഗത്തിൽ പാക് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ഏഷ്യ കപ്പ് ഷെഡ്യൂൾ തീരുമാനിക്കുന്നതിനാണ് ദുബൈയിൽ എ.സി.സി യോഗം ചേരുന്നത്. മുൻ പി.സി.ബി ചെയർമാൻ നെജം സേതിയാണ് ഹൈബ്രിഡ് മോഡൽ നിർദേശിച്ചത്. പിന്നാലെ ഇന്ത്യയും എ.സി.സിയും അത് അംഗീകരിക്കുകയായിരുന്നു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. രണ്ടു ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ഗ്രൂപ്പിൽനിന്നും മികച്ച രണ്ടു ടീമുകൾ വീതം അവസാന നാലിലെത്തും. ഇതിൽ രണ്ടുപേർ ഫൈനലിലേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.