ഇന്ത്യയും ആസ്ട്രേലിയും തമ്മിൽ ഏറ്റുമുട്ടുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഒരു ടെസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിച്ചേക്കില്ല. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിൽ ഏതെങ്കിലും ഒന്നിലായിരിക്കും രോഹിത് കളിക്കാതിരിക്കുക എന്നാണ് റിപ്പോർട്ട്. . രോഹിത് ബി.സി.സി.ഐയെ സമീപിച്ചതായും വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഒന്നിൽ കളിക്കില്ലെന്ന് അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
ടീമിന്‍റെ ഓപ്പണിങ് ബാറ്ററും കൂടിയായ രോഹിത് ടീമിൽ ഇല്ലാത്തത് ആദ്യ ഇലവന്‍റെ സന്തുലിതയെ ബാധിക്കാൻ സാധ്യതയുണ്ട്. താരം പിന്മാറിയാൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന അഭിമന്യു ഈശ്വരനെ ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. എന്നാൽ യശസ്വി ജയ്സ്വാളിന്റെ ഓപണറായി ഇറങ്ങുക ശുഭ്മൻ ഗില്ലോ കെ.എൽ. രാഹുലോ ആയിരിക്കും. നവംബർ 22 മുതലാണ് ബോർഡർ-ഗാവസ്കർ ട്രോഫി ആരംഭിക്കുക.
രോഹിത്തിന്‍റെ അഭാവത്തിൽ മുമ്പ് കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. എന്നാൽ നിലവിൽ ടെസ്റ്റിൽ ഉപനായക പദവി ആരും ഏറ്റെടുക്കാത്തതിനാൽ തന്നെ ആര് നയിക്കുമെന്ന് വ്യക്തമല്ല. ആസ്ട്രേലിയൻ മണ്ണിലാണ് ഇത്തവണ ബോർഡർ-ഗവാസ്കർ ട്രോഫി അരങ്ങേറുക. 2021ലാണ് അവസാനമായി ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര ആസ്ട്രേലിയയിൽ കളിച്ചത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇന്ത്യൻ വിജയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.