പുണെ: രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്കു മേൽ ആധിപത്യം നേടി ന്യൂസിലൻഡിന്റെ മുന്നേറ്റം. സ്റ്റമ്പെടുക്കുമ്പോൾ കിവീസ് രണ്ടാം ഇന്നിങ്സിൽ അഞ്ചിന് 198 റൺസ് എന്ന നിലയിലാണ്. ടോം ബ്ലണ്ടൽ (30*), ഗ്ലെൻ ഫിലിപ്സ് (9*) എന്നിവരാണ് ക്രീസിൽ. ആകെ ലീഡ് 301 റൺസ് ആയി. രണ്ടാം ഇന്നിങ്സിലും മികച്ച ബോളിങ് പുറത്തെടുത്ത വാഷിങ്ടൺ സുന്ദറിന്റെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. വീണ അഞ്ച് കിവീസ് വിക്കറ്റിൽ നാലും സുന്ദർ പോക്കറ്റിലാക്കി. ലീഡ് ഉയർന്നതോടെ പരമ്പര കൈവിടാതിരിക്കാൻ മൂന്നാം ദിനം ടീം ഇന്ത്യ കഠിന പരിശ്രമം തന്നെ നടത്തേണ്ടിവരും.
രണ്ടാം ഇന്നിങ്സിൽ നായകൻ ടോം ലാഥമാണ് ന്യൂസിലൻഡ് ഇന്നിങ്സിന് കുതിപ്പേകിയത്. ഒരു ഘട്ടത്തിൽ താരം സെഞ്ച്വറി നേടുമെന്ന തോന്നൽ ഉളവാക്കിയെങ്കിലും സുന്ദർ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. 133 പന്തുകൾ നേരിട്ട ലാഥം പത്ത് ഫോറുകളുടെ അകമ്പടിയോടെ 86 റൺസാണ് നേടിയത്. ഡെവൺ കോൺവെ (17), രചിൻ രവീന്ദ്ര (9), ഡാരിൽ മിച്ചൽ (18) എന്നിവരുടെ വിക്കറ്റും സുന്ദർ പിഴുതു. 23 റൺസ് നേടിയ വിൽ യങ്ങിനെ ആർ. അശ്വിൻ പുറത്താക്കി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 156 റൺസിൽ അവസാനിച്ചിരുന്നു. ഏഴ് വിക്കറ്റ് നേടിയ മിച്ചൽ സാന്റ്നറാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ക്യാപ്റ്റൻ രോഹിതും സൂപ്പർ താരം വിരാട് കോഹ്ലിയും ഉൾപ്പെടെയുള്ളവർ പരാജയമായി. 38 റൺസ് നേടിയ രവീന്ദ്ര ജദേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും 30 വീതം റൺസ് നേടി. വാഷിങ്ടൺ സുന്ദർ 18 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് ശർമ (പൂജ്യം), വിരാട് കോഹ്ലി (ഒന്ന്), ഋഷഭ് പന്ത് (18), സർഫറാസ് ഖാൻ (11), ആർ. അശ്വിൻ (നാല്), ആകാശ് ദീപ് (ആറ്), ജസ്പ്രീത ബുംറ (പൂജ്യം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
കിവീസിനായി ഒരുക്കിയ സ്പിൻ കെണിയിൽ ഇന്ത്യ തന്നെ വീഴുന്ന കാഴ്ചക്കാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. ശനിയാഴ്ച മത്സരം തിരിച്ചു പിടിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ദുഷ്കര ദൗത്യമാണ്. ആദ്യ സെഷനിൽ തന്നെ കിവീസിനെ എറിഞ്ഞിടുകയും പിന്നീട് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യക്ക് ജയിക്കാനാകൂ. സീനിയർ താരങ്ങൾ ഫോം കണ്ടെത്താനാകാതെ ഉഴറുന്നത് ഇന്ത്യയെ പരമ്പര നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം. ആദ്യ ടെസ്റ്റിൽ ജയിച്ചു നിൽക്കുന്ന ന്യൂസിലൻഡ് സംഘം, ഇന്ത്യൻ മണ്ണിൽ ആദ്യ പരമ്പര പിടിക്കാനുള്ള തന്ത്രങ്ങളുമായാകും ശനിയാഴ്ച കളത്തിലിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.