ന്യൂഡൽഹി: ടെസ്റ്റ് അരങ്ങേറ്റത്തിൽതന്നെ സെഞ്ച്വറി തികച്ച അത്ഭുത ബാലൻ യശസ്വി ജയ്സ്വാളിന് ഇത് കഠിനാധ്വാനത്തിന്റെ ഫലം. ഒന്നുമില്ലായ്മയിൽനിന്ന് രാജ്യത്തെ പ്രതീക്ഷയുള്ള ഭാവിതാരമായി ഉയർന്ന യശസ്വി ഉത്തർപ്രദേശിലെ സാധാരണ കുടുംബത്തിലാണ് ജനിച്ചത്. പിന്നീട് ക്രിക്കറ്റ് പരിശീലനത്തിനായി മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് കുഞ്ഞു യശസ്വി അക്കാലത്ത് പരിശീലനം നടത്തിയത്. പാൽക്കച്ചവട കടയിൽ സെയിൽസ്മാനായും പിന്നീട് പാനിപൂരി വിൽപനക്കാരനായും വേഷമിടേണ്ടി വന്നു.
മുംബൈ സാന്താക്രൂസിലെ പരിശീലകനായ ജ്വാല സിങ്ങാണ് ഈ മിടുക്കന്റെ കഴിവ് തിരിച്ചറിഞ്ഞത്. പിന്നീട് അണ്ടർ 19 ഇന്ത്യൻ ടീമിലേക്കും ഐ.പി.എല്ലിലേക്കും എൻട്രി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയതോടെ സീനിയർ ടീമിലേക്കും വിളി വന്നു. ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയുമടക്കം എമേർജിങ് താരത്തിനുള്ള പുരസ്കാരവും ഐ.പി.എല്ലിൽ നേടി. ഒരു ഷോട്ട് തന്നെ 300 തവണ പരിശീലിക്കുന്ന കഠിനാധ്വാനിയാണ് യശ്വസി. തകർപ്പൻ ഷോട്ടുകളുതിർക്കാൻ ബേസ് ബാളിലും പരിശീലിക്കാറുണ്ടായിരുന്നു.
21കാരനായ യശസ്വി ആദ്യകളിയുടെ പരിഭ്രമമില്ലാതെയാണ് ഡൊമിനിക്കയിലെ റോസൂവിൽ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് വീശിയത്. അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന 17ാമത്തെ ഇന്ത്യക്കാരനായി താരം മാറി. രോഹിത് ശർമയുമായി ചേർന്ന് 229 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുയർത്തിയതും വെസ്റ്റിൻഡീസിനെതിരായ റെക്കോഡായി. രണ്ട് മുംബൈ ബാറ്റർമാരുടെ റെക്കോഡ് കൂടിയാണിത്. വിൻഡീസിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 150 റൺസ് വിക്കറ്റ് പോകാതെ മറികടന്നതോടെ അതും റെക്കോഡായി.
13 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ താരം അരങ്ങേറ്റത്തിൽ വിദേശ മണ്ണിൽ സെഞ്ച്വറി നേടുന്നത്. ജയ്സ്വാൾ കുറിച്ച 171 റൺസ് ആദ്യ കളിയിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച മൂന്നാമത്തെ സ്കോറാണ്. അരങ്ങേറ്റ ടെസ്റ്റിൽ പ്ലെയർ ഓഫ് ദ മാച്ചാവുന്ന രാജ്യത്തെ എട്ടാമത്തെ താരവുമായി. കളി ഇന്ത്യ അനായാസം ജയിച്ചത് മറ്റൊരു മധുരം. യശസ്വിയുടെ പിന്നിലെ ശക്തി പിതാവ് ഭൂപേന്ദ്ര ജയ്സ്വാളിന്റെ പിന്തുണയും പ്രാർഥനയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.