'ഇതാണ്​ ഇന്ത്യ', ഇവിടെ ക്രിക്കറ്റ്​ വെറുമൊരു കളിയല്ല' നടരാജന്‍റെ സ്വീകരണ വീഡിയോ പങ്കുവച്ച്​ സേവാഗ്​

ഇന്ത്യൻ ക്രിക്കറ്റ്​ ടീം അംഗമായ ടി.നടരാജന്​ ജന്മനാട്​ നൽകിയ സ്വീകരണ വീഡിയോ പങ്കുവച്ച്​ വീരേന്ദർ സേവാഗ്​. ഓസ്‌ട്രേലിയയിൽ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചതിനെത്തുടർന്നാണ്​ നടരാജൻ തിരികെ നാട്ടിലെത്തിയത്​. തമിഴ്​നാട്ടിലെ സേലം ജില്ലയിലെ ചിന്നപ്പമ്പട്ടി ഗ്രാമത്തിലാണ്​ നടരാജൻ ജനിച്ചുവളർന്നത്​. അദ്ദേഹത്തിനെ രഥംപോലെ അലങ്കരിച്ച സ്വീകരണ വാഹനത്തിൽ കയറ്റി വലിയ ജനക്കൂട്ടത്തിന്‍റെ അകമ്പടിയോടെ കൊണ്ടുപോകുന്ന വീഡിയോയാണ്​ സേവാഗ്​ പങ്കുവച്ചത്​.


'ഇത് ഇന്ത്യയാണ്. ഇവിടെ ക്രിക്കറ്റ് ഒരു കളി മാത്രമല്ല അതിലും എത്രയോ വലുതാണ്​. സേലം ജില്ലയിലെ ചിന്നപ്പമ്പട്ടി ഗ്രാമത്തിൽ എത്തിയ നടരാജന് ലഭിച്ച ഗംഭീര സ്വീകരണമാണിത്​. എന്തൊരു അതുല്യമായ കഥയാണിത്​'-സേവാഗ്​ ട്വിറ്ററിൽ കുറിച്ചു. ഓസ്​ട്രേലിയയിലെ ബ്രിസ്ബെയ്നിൽ നടന്ന ഇന്ത്യ-ഓസ്​ട്രേലിയ അവസാന ടെസ്റ്റിലാണ്​ നടരാജൻ ടീം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്​. കളിയിൽ മൂന്ന്​ വിക്കറ്റും നേടി. ബ്രിസ്‌ബേൻ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. നാല് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ വിജയിക്കുകയും ചെയ്​തു. അവസാന ദിവസത്തെ കളിയിൽ മൂന്ന് ഓവർ മാത്രം ശേഷിക്കെ 328 റൺസ് നേടിയാണ്​ ടീം ഇന്ത്യ വിജയിച്ചത്​.

89 റൺസെടുത്ത റിഷഭ് പന്തായിരുന്നു കളിയിലെ വിജയശിൽപ്പി. 1988 നുശേഷം ഗബ്ബയിൽ ഓസ്ട്രേലിയയുടെ ആദ്യ തോൽവിയാണിത്​. അവസാനം ഓസ്​ട്രേലിയയെ ഇവിടെ പരാജയപ്പെടുത്തിയത്​ വെസ്റ്റ് ഇൻഡീസാണ്​. ഇതിനുശേഷം 31 മത്സരങ്ങളിൽ ഓസീസ്​ തോൽവിയറിഞ്ഞിരുന്നില്ല. അതിൽ 24 മത്സരങ്ങൾ വിജയിച്ചപ്പോൾ ഏഴെണ്ണം സമനിലയിൽ അവസാനിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന, ടി 20 പരമ്പരകളിലും നടരാജൻ നേരത്തെ ടീം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.