പുണെ: രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം കിവീസിന്‍റെ ചിറകരിഞ്ഞ് സ്പിന്നർ വാഷിങ്ടൺ സുന്ദർ. ഏഴു വിക്കറ്റുകൾ പിഴുത വാഷിങ്ടൺ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ന്യൂസിലൻഡിന്‍റെ ആദ്യ ഇന്നിങ്സ് 259 റൺസിൽ അവസാനിച്ചു. 76 റൺസ് നേടിയ ഓപണർ ഡെവൺ കോൺവെയാണ് അവരുടെ ടോപ് സ്കോറർ. രചിൻ രവിന്ദ്രയും (65) അർധ ശതകം കണ്ടെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ നായകൻ രോഹിത് ശർമയാണ് പുറത്തായത്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ബാറ്റിങ് നിരയെ ഇന്ത്യൻ സ്പിൻനിര വെള്ളം കുടിപ്പിക്കുകയായിരുന്നു. വാഷിങ്ടൺ ഏഴ് വിക്കറ്റ് നേടിയപ്പോൾ ശേഷിച്ച മൂന്ന് വിക്കറ്റ് ആർ. അശ്വിൻ തന്‍റെ പോക്കറ്റിലാക്കി. ഓപണർമാരായ ക്യാപ്റ്റൻ ടോം ലാഥം (15), ഡെവൺ കോൺവെ എന്നിവർക്കു പുറമെ വിൽ യങ്ങിന്‍റെ (18) വിക്കറ്റുമാണ് അശ്വിൻ സ്വന്തമാക്കിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താനായത് കിവീസിനെ വമ്പൻ സ്കോർ നേടുന്നതിൽനിന്ന് തടഞ്ഞു.
ഡാരിൽ മിച്ചൽ (18), മിച്ചൽ സാന്‍റ്നർ (33) എന്നിവരാണ് കിവീസ് നിരയിൽ രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. ടോം ബ്ലണ്ടൽ (മൂന്ന്), ഗ്ലെൻ ഫിലിപ്സ് (ഒമ്പത്), ടിം സൗത്തി (അഞ്ച്), അജാസ് പട്ടേൽ (നാല്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്കോർ. ബൗളിങ് ആക്രമണം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യൻ പേസർമാർക്ക് പ്രതീക്ഷിച്ച പുറത്തെടുക്കാനായില്ല. ആറോവർ എറിഞ്ഞ ആകാശ് ദീപ് 41 റൺസ് വിട്ടുനൽകി. വെസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ എട്ടോവറിൽ 32 റൺസും വഴങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ ഒറ്റ റൺ മാത്രം ചേർക്കുന്നതിനിടെയാണ് രോഹിത്തിനെ നഷ്ടമായത്. മൂന്നാം ഓവറിന്‍റെ അവസാന പന്തിൽ ടിം സൗത്തി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. കിവീസിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറിന് 243 റൺസ് പിന്നിലാണ് ഇന്ത്യ. രണ്ടാം ദിനം വമ്പൻ സ്കോർ നേടുകയെന്ന ലക്ഷ്യമാണ് ടീം ഇന്ത്യക്ക് മുന്നിലുള്ളത്. യുവതാരങ്ങളായ യശ്വസി ജയ്സ്വാളും (6*) ശുഭ്മൻ ഗില്ലുമാണ് (10*) ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.