ബംഗളൂരു: ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ദേശീയ റെക്കോഡ് പ്രഭയോടെ തുടക്കം. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പുരുഷന്മാരുടെ 100 മീറ്റർ മത്സരത്തിൽ സർവിസസിന്റെ എച്ച്.എച്ച്. മണികണ്ഠ 10.23 സെക്കൻഡിന്റെ പുതിയ വേഗം കുറിച്ചു. 2016ൽ ന്യൂഡൽഹിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ അമാലി മാലിക് തീർത്ത 10.26 സെക്കൻഡിന്റെ റെക്കോഡാണ് പഴങ്കഥയായത്. 2021ൽ വാറങ്കലിൽ അംലാൻ ബൊർഗോഹെയ്ൻ കുറിച്ച 10.34 സെക്കൻഡ് എന്ന മീറ്റ് റെക്കോഡും ഇതോടെ തകർന്നു.
കർണാടക ഉഡുപ്പി സ്വദേശിയാണ് 22 കാരനായ മണികണ്ഠ. സർവിസസിൽ മലയാളി കോച്ച് അബൂബക്കറിന് കീഴിൽ പരിശീലിക്കുന്ന യുവതാരം കഴിഞ്ഞമാസം ട്രയൽ റണ്ണിൽ 10.45 സെക്കൻഡിലും ഇന്റർ സർവിസസ് മീറ്റിൽ 10.31 സെക്കൻഡിലും ഓടിയെത്തിയിരുന്നു. റെക്കോഡ് നേടാനായതിൽ സന്തോഷമുണ്ടെന്നും ഫൈനലിൽ റെക്കോഡ് തിരുത്തണമെന്നാണ് ആഗ്രഹമെന്നും മണികണ്ഠ ‘മാധ്യമ’ത്തോട് പറഞ്ഞു. പുരുഷ- വനിതാ വിഭാഗം 100 മീറ്റർ ഫൈനൽ വ്യാഴാഴ്ച നടക്കും. കനത്ത മഴ മത്സരക്രമത്തിന്റെ താളം തെറ്റിച്ച ആദ്യ ദിനം നാല് ഫൈനലുകൾ നടന്നെങ്കിലും കേരളത്തിന് അക്കൗണ്ട് തുറക്കാനായില്ല.
പുരുഷന്മാരുടെ 10,000 മീറ്റർ ഇനത്തിൽ മഹാരാഷ്ട്രയുടെ ദിനേശ് സ്വർണവും സർവിസസിന്റെ മോഹൻ സൈനി വെള്ളിയും നേടി. വനിതാ വിഭാഗത്തിൽ ഹിമാചലിന്റെ സീമയും റെയിൽവേസിന്റെ കവിത യാദവും യഥാക്രമം സ്വർണവും വെള്ളിയും നേടി. കേരളത്തിന്റെ എം.എസ്. ശ്രുതി 10ഉം റീബ ജോർജും 12ഉം സ്ഥാനക്കാരായി. പുരുഷ പോൾവോൾട്ടിൽ മധ്യപ്രദേശിന്റെ ദേവ് മീണ സ്വർണം നേടി.
കേരളത്തിന്റെ അക്ഷയ് എട്ടാമതായി. വനിതകളുടെ ഹാമർ ത്രോയിൽ അൻമോൽ കൗർ സ്വർണവും താനിയ ചൗധരി വെള്ളിയും കുറിച്ചു. വ്യാഴാഴ്ച പുരുഷന്മാരുടെ 110 മീ. ഹർഡ്ൽസ്, വനിതകളുടെ 100 മീ. ഹർഡ്ൽസ്, വനിതകളുടെ ലോങ് ജംപ് എന്നിവയുടെ ഫൈനലുകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.