ദോഹ: അൽസദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ആരവത്തിൽ പന്തുതട്ടാനിറങ്ങിയ ഇന്ത്യൻ ഫുട്ബാൾ ടീം ഒരിക്കൽകൂടി ആരാധകരുടെ മനംകവർന്നാണ് തിരിച്ചുകയറിയത്. ബാറിനുതാഴെ ഗോളി ഗുർപ്രീത് സിങ് സന്ധു ഉറച്ചുനിന്നപ്പോൾ ഏഷ്യൻ ജേതാക്കളായ ഖത്തറിനെതിരെ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ തോൽവി ഏകപക്ഷീയമായ ഒരു ഗോളിന് മാത്രം.
ആദ്യപാദത്തിൽ ഖത്തറിനെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടിയിരുന്ന ഇന്ത്യക്ക് ഇത്തവണ അതിനായില്ലെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന് മാനം കാത്തു. ഇതിന് നന്ദി പറയേണ്ടത് ആദ്യപാദത്തിലേതിന് സമാനമായി ഗോൾവലക്കുമുന്നിൽ ഗംഭീര സേവുകളുമായി നിറഞ്ഞുനിന്ന കീപ്പർ ഗുർപ്രീതിനോടു തന്നെ. 29 ഷോട്ടുകളാണ് ഖത്തർ ഇന്ത്യൻ ഗോൾമുഖത്തേക്ക് പായിച്ചത്. ഇതിൽ ലക്ഷ്യത്തിലേക്കായിരുന്ന പത്തിൽ ഒമ്പതു ഷോട്ടുകളും സന്ധുവിനു മുന്നിൽ പൊലിഞ്ഞു. 33ാം മിനിറ്റിൽ അബ്ദുൽ അസീസ് ഹാതിം ആണ് സന്ധുവിനെ കീഴടക്കിയത്.
സന്ദേശ് ജിങ്കാെൻറ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പത്ത് മിനിറ്റാവുേമ്പാഴേക്കും വലതുവിങ് ബാക്ക് രാഹുൽ ബെക്കേ രണ്ടാം മഞ്ഞക്കാർഡും കണ്ട് തിരിച്ചുകയറിയതോടെ പത്തു പേരുമായാണ് ശേഷിച്ച 80 മിനിറ്റിലധികം ടീം ഇന്ത്യ ചെറുത്തുനിന്നത്. മധ്യനിരയിലെ പ്രധാന താരങ്ങളായ റൗളിൻ ബോർഗസും അനിരുദ്ധ് താപ്പയും ഇല്ലാതിരുന്നിട്ടും നായകൻ സുനിൽ ഛേത്രി ഇടവേളയിൽ കയറിയിട്ടും ഇന്ത്യ പതറിയില്ല.
മൈതാനമധ്യത്തിൽ അവസരം ലഭിച്ച സുരേഷ് വാങ്ജമും ഗ്ലാൻ മാർട്ടിൻസും പ്രതിരോധ മികവ് പ്രകടിപ്പിച്ചെങ്കിലും ക്രിയാത്മക നീക്കങ്ങൾക്ക് തുടക്കമിടാൻ കഴിയാതിരുന്നത് മുൻനിരക്ക് തിരിച്ചടിയായി. മുൻനിരയിൽ മൻവീർ സിങ്ങിനും ബിപിൻ സിങ്ങിനും ഛേത്രിക്കും പകരമെത്തിയ ഉദാന്ത സിങ്ങിനും ഒരു ഷോട്ടുപോലും തൊടുക്കാനായില്ല. ഒരിക്കൽകൂടി ഇടതുബാക്ക് സ്ഥാനത്ത് ഇറങ്ങേണ്ടിവന്ന മലയാളി താരം ആഷിഖ് കുരുണിയൻ നിരാശപ്പെടുത്തിയില്ല. പകരക്കാരനായി അവസാനഘട്ടത്തിൽ സഹൽ അബ്ദുസ്സമദും കളത്തിലിറങ്ങി.
19 പോയൻറുമായി ഖത്തർ ആണ് ഗ്രൂപ് ഇയിൽ മുന്നിൽ. 12 പോയൻറുള്ള ഒമാനും അഞ്ചു പോയൻറുള്ള അഫ്ഗാനിസ്താനും പിറകിലാണ് മൂന്നു പോയൻറുമായി ഇന്ത്യ. രണ്ടു പോയൻറുള്ള ബംഗ്ലാദേശാണ് അവസാന സ്ഥാനത്ത്. ഇന്ത്യക്ക് ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനുള്ള വഴിയടഞ്ഞെങ്കിലും ഏഷ്യൻ കപ്പ് സാധ്യത നിലനിർത്താൻ ഏഴിന് ബംഗ്ലാദേശിനെതിരെയും 15ന് അഫ്ഗാനെതിരെയും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.