ലണ്ടൻ: നാലു തവണ ലോക ചാമ്പ്യന്മാരായ ജർമനിയെ മുട്ടുകുത്തിച്ച് വലിയ മേൽവിലാസങ്ങളുടെ ആർഭാടമില്ലാത്ത നോർത്ത് മാസിഡോണിയ. തീപാറും ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ കണ്ട യൂറോപ്യൻ മണ്ണിലാണ് വമ്പന്മാരുടെ വിജയ കുതിപ്പുകൾക്കിടെ ജർമനിയുടെ അപ്രതീക്ഷിത വീഴ്ച. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഗൊരാൻ പാെണ്ടവിന്റെ ഗോളിൽ മാസിഡോണിയയാണ് ആദ്യം സ്കോർ ചെയ്തത്. പെനാൽറ്റി ഗോളാക്കി മാറ്റി ഇൽകെ ഗുണ്ടൊഗൻ ജർമനിയെ ഒപ്പമെത്തിച്ചു. പക്ഷേ, ലോക റാങ്കിങ്ങിൽ ഏെറ പിറകിൽ 65ാമതുള്ള മാസിഡോണിയ കളിയവസാനിക്കാൻ അഞ്ചു മിനിറ്റ് ശേഷിക്കെ എൽമാസിലൂടെ വിജയം പിടിച്ചെടുത്തു. തൊട്ടുമുന്നെ ചെൽസി താരം ടിമോ വെർണറിലൂടെ ജർമനി വിജയ ഗോൾ നേടിയെന്നു തോന്നിച്ചെങ്കിലും പുറത്തേക്കടിച്ച് അവസരം തുലച്ചു. ഗ്രൂപ് ജെയിൽ ജർമനിക്ക് ആദ്യ തോൽവിയായിരുന്നു ബുധനാഴ്ച രാത്രിയിലേത്. ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ ആദ്യമായി ഗോൾ വഴങ്ങിയതും ഇതേ മത്സരത്തിൽ.
മത്സരഫലങ്ങളോടെ രണ്ടു ജയങ്ങളുമായി മാസിഡോണിയ ഗ്രൂപ് ജെയിൽ രണ്ടാം സ്ഥാനത്തെത്തി. അർമീനിയയാണ് ഒന്നാമത്. ജർമനി മൂന്നാമന്മാരാണ്.
മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പോളണ്ടിനെ വീഴ്ത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിന് ലീഡ് നൽകിയപ്പോൾ പോളിഷ് താരം മോൾഡർ രണ്ടാം പകുതിയിൽ സമനില നൽകി. 85ാം മിനിറ്റിൽ ഹാരി മഗ്വയറാണ് ഇംഗ്ലീഷ് പ്രതീക്ഷ കാത്ത് വിജയ ഗോൾ കുറിച്ചത്. ആസ്ട്രിയക്കെതിരായ പോരാട്ടത്തിൽ ഏകപക്ഷീയമായ നാലു ഗോളുകളുമായി ഡെൻമാർക്ക് വിജയം ആഘോഷമാക്കി. ഡിലാനി രണ്ടു വട്ടം സ്കോർ ചെയ്തപ്പോൾ ബ്രത്വെയ്റ്റ്, ഹോബ്യർഗ് എന്നിവർ ഓരോ ഗോളുകളും നേടി. സെൻസി, ഇമ്മൊബീൽ എന്നിവർ ലക്ഷ്യംകണ്ട മറ്റൊരു മത്സരത്തിൽ ഇറ്റലി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലിത്വാനിയയെ മറികടന്നു. ഗ്രീസ്മാന്റെ ഗോളിൽ ബോസ്നിയയെ തോൽപിച്ച് ഫ്രാൻസ് കുതിപ്പ് തുടർന്നു. സ്പെയിൻ 3-1ന് കൊസോവയെ വധിച്ച മത്സരത്തിൽ ഓൽമോ, ടോറസ്, മൊറീനോ എന്നിവരായിരുന്നു സ്പെയിനിനു വേണ്ടി പന്ത് വലക്കണ്ണികളിലെത്തിച്ചത്. ഹലീമി കൊസോവക്കായി ആശ്വാസ ഗോൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.