ഹൂസ്റ്റൺ (യു.എസ്): ലോക ചാമ്പ്യന്മാരെന്ന പകിട്ടിനൊപ്പമെത്താത്ത, നിറമകന്ന പ്രകടനത്തിനൊടുവിൽ നെഞ്ചിടിപ്പിന്റെ നൂൽപാലം കടന്ന് അർജന്റീന സെമിയിൽ. ആപത് ഘട്ടങ്ങളിൽ രക്ഷകനായി അവതരിക്കുന്ന പതിവുവീര്യം വീണ്ടും എമിലിയാനോ മാർട്ടിനെസ് പുറത്തെടുത്തപ്പോൾ അർജന്റീന കഷ്ടിച്ച് കരകയറുകയായിരുന്നു. കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച എക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 2-4ന് കീഴടക്കിയാണ് ലയണൽ മെസ്സിയും കൂട്ടരും അവസാന നാലിലെത്തിയത്. എതിരാളികളുടെ ആദ്യ രണ്ടു കിക്കുകൾ തടഞ്ഞിട്ടാണ് മാർട്ടിനെസ് കരുത്തുകാട്ടിയത്. ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് വിധിനിർണയം നേരെ ടൈബ്രേക്കറിലെത്തിയത്. കളിക്കിടെ 62-ാം മിനിറ്റിൽ ക്യാപ്റ്റൻ എന്നർ വലൻസിയ പെനാൽറ്റി പാഴാക്കിയത് എക്വഡോറിന് തിരിച്ചടിയായി.
ഷൂട്ടൗട്ടിൽ മെസ്സി തൊടുത്ത ആദ്യ കിക്കിൽതന്നെ അർജന്റീനക്ക് അവിശ്വസനീയമായി പിഴച്ചു. കിക്ക് ക്രോസ്ബാറിനിടിച്ച് പുറത്തേക്ക്. എക്വഡോറിന്റെ ആദ്യകിക്ക് എയ്ഞ്ചൽ മെന എടുത്തത് ഇടതുവശത്തോട്ട് ഡൈവ് ചെയ്ത് വീണ് തട്ടിയകറ്റി എമിലിയാനോ മാർട്ടിനെസ് ആ മുൻതൂക്കം അടച്ചുകളഞ്ഞു. അടുത്ത കിക്ക് ഹൂലിയൻ ആൽവാരസ് വലയിലേക്ക്. എക്വഡോറിന്റെ അലൻ മിൻഡ എടുത്ത രണ്ടാം കിക്കും തട്ടിയകറ്റി മാർട്ടിനെസിന്റെ മെയ്‍വഴക്കം. മുൻതൂക്കം അർജന്റീനക്ക്. അലക്സിസ് മക്അലിസ്റ്ററുടെ അടുത്ത കിക്ക് വലതുപോസ്റ്റിനോട് ചേർന്ന് വലയിൽ. അടുത്ത കിക്ക് ജോൺ യെബോയ എക്വഡോറിനുവേണ്ടി വലയിലെത്തിച്ചു. ഗോൺസാലോ മോണ്ടിയലിന്റെ ശ്രമം ലക്ഷ്യത്തിലെത്തിയതോടെ അർജന്റീന മുൻതൂക്കം നിലനിർത്തി. വീണ്ടും എക്വഡോർ ലക്ഷ്യം കണ്ടു. ഇക്കുറി ജോർഡി കസീഡോയാണ് വല കുലുക്കിയത്. ഒടുവിൽ വിധിനിർണായകമായ അവസാന കിക്ക് നിക്കോളാസ് ഒടാമെൻഡി ഗോളി അലക്സാണ്ടർ ഡൊമിൻഗ്വസിന് പിടികൊടുക്കാതെ പോസ്റ്റിനോട് ചേർന്ന് വലയിലെത്തിച്ചതോടെ അർജന്റീന സെമിയിൽ.
35-ാം മിനിറ്റിൽ കോർണർകിക്കിൽനിന്നായിരുന്നു അർജന്റീന ഗോളിന്റെ പിറവി. മെസ്സി തൊടുത്ത കിക്കിൽ പന്തിനെ അലക്സിസ് മക് അലിസ്റ്റർ തലകൊണ്ട് മറിച്ചുനൽകിയപ്പോൾ ഗോൾപോസ്റ്റിനരികെനിന്ന് ഫ്രീഹെഡറിൽ ലിസാൻഡ്രോ മാർട്ടിനസ് വലയിലേക്ക് തള്ളുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാർ വിജയം ഉറപ്പിച്ചുനിൽക്കെ, ഇഞ്ചുറി ടൈമിൽ കെവിൻ റോഡ്രിഗ്വസ് നേടിയ ഗോൾ വിധിനിർണയം ഷൂട്ടൗട്ടിലെത്തിക്കുകയായിരുന്നു.
കളിയുടെ ആദ്യഘട്ടത്തിൽ പന്തിന്മേൽ നിയന്ത്രണം പുലർത്തി പതിയെ കളംപിടിക്കാനുള്ള അർജന്റീന മോഹങ്ങളെ ലക്ഷണമൊത്ത പ്രത്യാക്രമണങ്ങൾ കൊണ്ട് എക്വഡോർ നിഷ്പ്രഭമാക്കുന്നതായിരുന്നു കാഴ്ച. മുന്നേറ്റത്തിൽ ഉറച്ച അവസരങ്ങൾ തുറന്നെടുക്കാൻ അർജന്റീനക്ക് കഴിയാതിരുന്ന ഈ ഘട്ടത്തിൽ അവരുടെ ഗോൾമുഖം ഇടക്കിടെ റെയ്ഡ് ചെയ്ത് എക്വഡോർ അതിശയിപ്പിച്ചു. ഇടതുവിങ്ങിലൂടെയായിരുന്നു അവരുടെ ഇരച്ചുകയറ്റങ്ങൾ. പതിവ് ഒത്തിണക്കത്തിന്റെ അഭാവം അർജന്റീനയിൽ മുഴച്ചുനിന്നപ്പോൾ 14-ാം മിനിറ്റിൽ ഭാഗ്യം കൊണ്ടാണ് അവരുടെ വല കുലുങ്ങാതിരുന്നത്. ജെറമി സാമിയെന്റോയുടെ നീക്കം ക്ലോസ്റേഞ്ചിൽനിന്ന് ഗോളി എമിലിയാനോ മാർട്ടിനെസ് ശ്രമകരമായാണ് തടഞ്ഞത്.
ആദ്യ 20 മിനിറ്റിനിടെ എക്വഡോർ മൂന്നുതവണ അർജന്റീന വലയിലേക്ക് പന്തുപായിച്ചപ്പോൾ ഒരുമുന്നേറ്റം പോലും അർജന്റീനയുടെ കണക്കിൽ ഉണ്ടായിരുന്നില്ല. എക്വഡോർ ഡിഫൻസും കേമമായിരുന്നു. മിസ്പാസുകളിൽ പലകുറി അർജന്റീനാ മുന്നേറ്റങ്ങളുടെ വലക്കണ്ണികൾ പൊട്ടുന്നതും അവരുടെ സ്വതസിദ്ധമായ കളിയൊഴുക്കിനെ ബാധിച്ചു. ലോക ചാമ്പ്യന്മാരായ എതിരാളികൾക്കെതിരെ നന്നായി ഹോംവർക്ക് ചെയ്ത് വന്നപോലെയായിരുന്നു എക്വഡോറിന്റെ നീക്കങ്ങൾ.
ഇടവേളക്കുശേഷവും എക്വഡോർ തളർന്നില്ല. കൊണ്ടും കൊടുത്തും അവർ അർജന്റീനക്കൊപ്പം പിടിച്ചു. ക്യാപ്റ്റൻ എന്നർ വലൻസിയയും ‘വണ്ടർകിഡ്’ കെൻഡ്രി പയസും നയിച്ച എക്വഡോർ ആക്രമണങ്ങളെ പിൻനിരയിലിറങ്ങി പിടിച്ചുനിർത്താൻ അർജന്റീനക്ക് നന്നായി പണിപ്പെടേണ്ടി വന്നു. വലൻസിയ ആഞ്ഞുകയറുന്നതിന് അറച്ചുനിന്ന അർജന്റീന ഒരു ഗോളിന്റെ ലീഡിൽ പിടിച്ചുതൂങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നതുപോലെ തോന്നി. യഥാർഥ ഫൗളുകളും ‘അഭിനയ’ ഫൗളുകളം തരാതരം പോലെ കളിയിൽ അരങ്ങുതകർത്തുകൊണ്ടിരുന്നു.
കളി ഒരു മണിക്കൂറിലേക്ക് കടക്കവേ, തുടരെ രണ്ടു കോർണറുകൾ വഴങ്ങിയതിനിടയിലാണ് എക്വഡോറിനെത്തേടി ആ പെനാൽറ്റിയെത്തിയത്. പ്രതിരോധിക്കാനുള്ള ശ്രമത്തിനിടയിൽ റോഡ്രിഗോ ഡി പോളിന്റെ കൈയിൽ പന്തു തട്ടിയപ്പോൾ റഫറി ഉടൻ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. കിക്കെടുത്ത വലൻസിയയുടെ നിലംപറ്റെയുള്ള കിക്ക് തടയാൻ മാർട്ടിനെസ് എതിർവശത്തേക്കാണ് ഡൈവ് ചെയ്തതെങ്കിലും പന്ത് പതിയെ ഉരുണ്ട് പോസ്റ്റിനിടിച്ച് വഴിമാറിയത് അർജന്റീനക്ക് ആശ്വാസമായി. റീബൗണ്ടിൽ ഹിൻകാപിയുടെ ഷോട്ട് വലയുടെ വശത്താണ് പതിച്ചത്. 65-ാം മിനിറ്റിൽ ലൗതാരോ മാർട്ടിനെസിനെ മാറ്റി അർജന്റീന ഹൂലിയൻ ആൽവാരെസിനെ കളത്തിലിറക്കിയിട്ടും ഗോളിലേക്ക് വല കുലുങ്ങിയില്ല. പരിക്കിന്റെ പിടിയിൽനിന്ന് പൂർണമായും മുക്തനാകാത്തതുപോലെയാിരുന്നു മെസ്സിയുടെ പദചലനങ്ങൾ. മത്സരത്തിൽ തന്റെ മാസ്മരിക മുദ്ര പതിപ്പിക്കാൻ ഇതിഹാസതാരത്തിന് കഴിഞ്ഞില്ല.
ഇരുടീമും ജാഗ്രതയോടെ കളി തുടർന്നതിനൊടുവിൽ പിന്നീട് ഉറച്ച അവസരങ്ങൾ കുറവായിരുന്നു. ഡിഫൻസിൽ ശ്രദ്ധിച്ച് ഒരു ഗോളിൽ സെമിയിലേക്ക് മുന്നേറാനുള്ള അർജന്റീന നീക്കങ്ങൾക്ക് കനത്ത തിരിച്ചടി കിട്ടിയത് ഇഞ്ചുറി ടൈമിൽ. വലതു വിങ്ങിൽനിന്നുവന്ന ക്രോസിനെ കെവിൻ റോഡ്രിഗ്വസ് വലയുടെ ഇടതുമൂലയിലേക്ക് ചെത്തിയിട്ടപ്പോൾ മാർട്ടിനെസിന് ഇത്തവണ ഒന്നും ചെയ്യാനായില്ല.
പരിക്കുകാരണം പെറുവിനെതിരെ പുറത്തിരുന്നശേഷം ക്യാപ്റ്റൻ ലയണൽ മെസ്സി തിരിച്ചുവന്നപ്പോൾ സാറ്റാർട്ടിങ് ഇലവനിൽ ലൗതാറോയിരുന്നു മുന്നേറ്റത്തിൽ കൂട്ട്. ഡി പോൾ, മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ഗോൺസാൽവസ് എന്നിവരാണ് മധ്യനിരയിൽ ഇറങ്ങിയത്. ക്രിസ്ത്യൻ റൊമേറോ, ലിസാൻഡ്രോ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നഹുവേൽ മൊളീന എന്നിവർ പ്രതിരോധം കാക്കാനിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.