അർജന്റീന ഫുട്ബാളർ എയ്ഞ്ചൽ ഡി മരിയയുടെ 36ാം ജന്മദിനമാണിന്ന്. അർജന്റീനയിലെ റൊസാരിയോയിൽ 1988 ഫെബ്രുവരി 14നായിരുന്നു ഡി മരിയയുടെ ജനനം. നിലവിൽ പോർചുഗീസ് പ്രീമിയർ ലീഗ് ക്ലബായ ബെൻഫിക്കക്കും അർജന്റീന ദേശീയ ടീമിനുംവേണ്ടി വലതു വിങ്ങിലും മിഡ്ഫീൽഡറായും കളിക്കുന്ന ഡി മരിയ ഡ്രിബ്ലിങ്, പ്ലേ മേക്കിങ്, അതുല്യമായ ഫിനിഷിങ് എന്നിവയിൽ മിടുമിടുക്കനാണ്. റൊസാരിയോ സെൻട്രൽ ക്ലബിലാണ് കരിയർ ആരംഭിച്ചത്.
2007ൽ 19ാം വയസ്സിൽ ബെൻഫിക്കയിൽ ചേർന്നു. 2010ൽ, ഡി മരിയ സ്പാനിഷ് ക്ലബായ റയൽ മഡ്രിഡിലേക്ക് 25 മില്യൺ യൂറോയുടെ പ്രതിഫല തുകക്ക് മാറി, അവിടെ 2011-12 ലാ ലിഗ കിരീടവും 2013-14 യുവേഫ ചാമ്പ്യൻസ് ലീഗും നേടി. 2014ൽ മാഞ്ചസ്റ്റർ യുനൈറ്റഡിനായി 59.7 മില്യൺ പൗണ്ടിന്റെ (75.6 മില്യൺ യൂറോ) അന്നത്തെ ബ്രിട്ടീഷ് റെക്കോഡ് ഡീലിൽ അദ്ദേഹം ഒപ്പുവെച്ചു.
എന്നാൽ, ഒരു വർഷത്തിനുശേഷം പാരിസ് സെന്റ് ജെർമെയ്നിലേക്കു പോയി. 2023ൽ ബെൻഫിക്കയിലേക്കു മടങ്ങുന്നതിനുമുമ്പ് 2022 വേനൽക്കാലത്ത് അദ്ദേഹം ഇറ്റാലിയൻ ടീമായ യുവന്റസിൽ ചേർന്നിരുന്നു.
ഡി മരിയ 2007ൽ അർജന്റീനക്കുവേണ്ടി അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റംകുറിച്ചു. അർജന്റീന അണ്ടർ-20 ടീമിനായി കളിച്ചു; ടീമിനൊപ്പം, കാനഡയിൽ നടന്ന 2007 അണ്ടർ-20 ഫിഫ ലോകകപ്പ് നേടി. 2008 ഒളിമ്പിക്സിൽ ഡി മരിയ ഫൈനലിൽ നൈജീരിയക്കെതിരെ വിജയഗോൾ നേടി അർജന്റീനക്ക് തുടർച്ചയായ രണ്ടാം ഒളിമ്പിക് സ്വർണം നേടിക്കൊടുത്തു. അർജന്റീനക്കുവേണ്ടി നാല് ഫിഫ ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്.രാജ്യത്തെ 2014ൽ ഫൈനലിലെത്തിക്കാനും 2022ലെ കലാശക്കളിയിൽ ഗോൾ നേടി ലോകകിരീടം നേടാനും സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.