ദോഹ: ഏഷ്യൻ കപ്പിലെ ഗ്രൂപ് റൗണ്ട് പോരാട്ടങ്ങൾക്ക് വ്യാഴാഴ്ചയിലെ നാല് അങ്കങ്ങളോടെ സമാപനം. ഗ്രൂപ് ‘ഇ’, ‘എഫ്’ ടീമുകളാണ് നിർണായക മത്സരങ്ങളിൽ ബൂട്ടുകെട്ടുന്നത്. നിലവിൽ ആർക്കും പ്രീക്വാർട്ടർ ഉറപ്പിക്കാൻ കഴിയാത്ത ഗ്രൂപ് ‘ഇ’യിൽ ഇന്നത്തെ മത്സരങ്ങൾ ഏറെ നിർണായകമായി മാറും. അതേസമയം, സൗദി അറേബ്യ പ്രീക്വാർട്ടറിൽ പ്രവേശിച്ച ‘എഫി’ൽനിന്ന് തായ്ലൻഡ്, ഒമാൻ ടീമുകളെ കാത്തിരിക്കുന്നത് വിധി നിർണായക അങ്കങ്ങൾ.
ദക്ഷിണ കൊറിയയുടെ ഈസി വാക്കോവർ പ്രതീക്ഷിച്ച ‘ഇ’യാണ് ടൂർണമെന്റിലെ മരണഗ്രൂപ്പായി മാറിയത്. ആദ്യ കളിയിൽ ബഹ്റൈനെ 3-1ന് വീഴ്ത്തിയ കൊറിയക്കാർക്ക് ജോർഡനെതിരായ രണ്ടാം മത്സരമാണ് തിരിച്ചടിയായത്. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ പിറന്ന സെൽഫ് ഗോൾ തോൽവിയുടെ നാണക്കേടിൽനിന്ന് കൊറിയക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. മത്സരം 2-2ന് സമനിലയായതോടെ ജോർഡനും കൊറിയയും നാല് പോയന്റ് വീതം സ്വന്തമാക്കി ഒന്നും രണ്ടും സ്ഥാനക്കാരായി. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ മലേഷ്യയും കൊറിയയുമാണ് മത്സരം. ജയിച്ചാൽ വെല്ലുവിളിയില്ലാതെ ഏഴ് പോയന്റുമായി അവർക്ക് പ്രീക്വാർട്ടറിൽ ഇടംനേടാം.
അതേസമയം, ജോർഡന് ഖലീഫ സ്റ്റേഡിയത്തിൽ ബഹ്റൈനാണ് എതിരാളി. ഇരുവർക്കും പ്രീക്വാർട്ടർ പ്രവേശനത്തിന് നിർണായകമായ മത്സരങ്ങൾ.ജയിച്ചാൽ ബഹ്റൈൻ മുന്നോട്ട്. സമനിലയായാൽ ജോർഡനും മുന്നേറും.
ഗ്രൂപ് ‘എഫി’ൽനിന്ന് സൗദി അറേബ്യ രണ്ട് ജയവുമായി ആദ്യം പ്രീക്വാർട്ടർ പ്രവേശനം സാധ്യമാക്കി. എന്നാൽ, തായ്ലൻഡ് (4), ഒമാൻ (1) എന്നിങ്ങനെയാണ് മറ്റു പോയന്റു നിലകൾ. വ്യാഴാഴ്ച സൗദി തായ്ലൻഡിനെ നേരിടുമ്പോൾ മിന്നും പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വൈകുന്നേരം ആറിന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഒമാന് കിർഗിസ്താനാണ് എതിരാളി. ഒരു പോയന്റുള്ള ഒമാന് ജയം മാത്രം മതിയാവില്ല. ഒപ്പം, തായ്ലൻഡിനെ സൗദി തോൽപിക്കാനും പ്രാർഥിക്കണം. കളിയിൽ ഒട്ടും മോശക്കാരല്ലാത്ത കിർഗിസ്താനാണ് അവരുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.