റിയോ ഡി ജനീറോ: കോപ അമേരിക്ക ഫൈനലിൽ തോൽപിച്ചതിന് കണക്കുതീർക്കാൻ ബ്രസീൽ അർജൻറീനക്കെതിരെ പോരിനിറങ്ങുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിലാണ് രണ്ടു മാസത്തെ ഇടവേളക്കുശേഷം ഇരു രാജ്യങ്ങളും നേർക്കുനേർ അണിനിരക്കുന്നത്. എക്വഡോർ-ചിലി, ഉറുഗ്വായ്-ബൊളീവിയ, പരഗ്വെ-കൊളംബിയ, പെറു-വെനിസ്വേല മത്സരങ്ങളും ഇന്നുണ്ട്. രാത്രി 12.30നാണ് ബ്രസീൽ - അർജന്റീന പോരാട്ടം.
ദക്ഷിണ അമേരിക്കൻ യോഗ്യത റൗണ്ടിൽ ഏഴിൽ ഏഴും ജയിച്ചാണ് ടിറ്റെയുടെ മഞ്ഞപ്പടയുടെ കുതിപ്പ്. 21 പോയൻറുമായി കാനറികൾ ഏറെ മുന്നിലാണ്. തോൽക്കാത്തവരെന്ന കരുത്ത് നെയ്മറിനും കൂട്ടർക്കും ആത്മവിശാസം നൽകും. ഒരു മത്സരവും തോറ്റിട്ടില്ലെങ്കിലും മൂന്ന് സമനില കുടുങ്ങിയതാണ് അർജൻറീനയെ പിറകിലാക്കിയത്.
നാലു ജയത്തോടെ 15 പോയൻറുമായി രണ്ടാം സ്ഥാനത്താണ് അർജൻറീന. നേർക്കുനേർ വന്ന അവസാന പത്തു മത്സരങ്ങളിൽ ബ്രസീൽ ഒരുപടി മുന്നിലാണ്. അഞ്ചു മത്സരങ്ങളിൽ ബ്രസീൽ ജയിച്ചപ്പോൾ കോപ ഫൈനൽ അടക്കം മെസ്സിപ്പട നാലെണ്ണം ജയിച്ചു.
ഒരു മത്സരം സമനിലയിലായി. കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രീമിയർ ലീഗ് താരങ്ങളില്ലാതെയാണ് ബ്രസീൽ ടീം. എങ്കിലും നെയ്മർ, കെസമിറോ, ഡാനി ആൽവെസ്, ഗബ്രിയേൽ ബാർബോസ എന്നിവരെല്ലാം ടീമിലുണ്ട്.
അവസാന മത്സരത്തിൽ ചിലിയെ 1-0ത്തിനാണ് ബ്രസീൽ തോൽപിച്ചത്. എവർട്ടൻ റിബെയ്റോയാണ് സ്കോറർ. മറുവശത്ത് അർജൻറീനയും സെറ്റാണ്. സൂപ്പർ താരം ലയണൽ മെസ്സിയടക്കം റോഡ്രിഗോ ഡിപോൾ, ലിയാനാർഡോ പാരഡസ്, എയ്ഞ്ചൽ ഡി മരിയ, നികോളസ് ഒട്ടമെൻഡി എല്ലാവും ഫിറ്റ്.
ഒപ്പം പൗലോ ഡിബാല, എമിലിയാനോ ബ്യൂൻഡില, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരും ദേശീയ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ വെനിേസ്വലയെ 3-1ന് തോൽപിച്ചത് അർജൻറീനക്ക് ആത്മവിശ്വാസമേകും. ലൊട്ടാറോ മാർടിനസ്, ജോക്വിൻ കൊറീയ, എയ്ഞ്ചൽ കൊറീയ എന്നിവരാണ് ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.