ഇസ്റ്റംബുൾ: പ്രതിരോധക്കോട്ടയൊരുക്കി എതിരാളികൾക്ക് ഗോളും കളിയും നിഷേധിച്ച് കപ്പുയർത്താനെത്തിയ ഇന്റർ മിലാനെ കടന്ന് മാഞ്ചസ്റ്റർ സിറ്റി യൂറോപ്യൻ ചാമ്പ്യൻമാർ. പരിക്ക് അലട്ടിയ ഡി ബ്രുയിനെ നേരത്തെ കരക്കിരുത്തേണ്ടിവന്നിട്ടും ഇസ്റ്റംബുൾ അതാതുർക് മൈതാനത്തെ ആവേശത്തിലാഴ്ത്തി എതിരില്ലാത്ത ഒരു ഗോളിനാണ് ഇത്തിഹാദുകാർ ജയിച്ചുകയറിയത്. ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം പിടിച്ച ടീം ഇതോടെ ഒരു സീസണിൽ മൂന്ന് കിരീടങ്ങളെന്ന ചരിത്രവും സ്വന്തം പേരിലാക്കി.
മെല്ലെ തുടങ്ങിയ കളയുടെ മൂന്നാം മിനിറ്റിൽ ആദ്യ അവസരം തുറന്നത് എർലിങ് ഹാലൻഡ്. അർധാവസരം കാലിലൊതുക്കാനാകാതെ അടിച്ചുപറത്തിയത് ക്രോസ്ബാറിന് മുകളിലൂടെ ഗാലറിയിൽ. വല കോർത്ത് മുന്നേറിയ മനോഹര നീക്കങ്ങളുമായി ഇന്റർ ഗോൾമുഖത്ത് വട്ടമിട്ട സിറ്റി അടുത്ത നീക്കവുമായി എത്തുന്നത് ആറാം മിനിറ്റിൽ. പൊതിഞ്ഞുനിന്ന ഇന്റർ പ്രതിരോധനിരക്ക് നടുവിലൂടെ ബെർണാർഡോ അടിച്ച പന്തും പുറത്തേക്ക്. കോട്ട കെട്ടിയ പിൻനിരയുടെ കരുത്തുമായി ഇറ്റാലിയൻ ടീം കളിതിരിച്ചുപിടിച്ചപ്പോൾ തുടക്കത്തിലുണ്ടായിരുന്ന മേൽക്കൈ സിറ്റിക്ക് നഷ്ടമാകുന്നതായി തോന്നി.
അതിനിടെ, അതിവേഗ കൗണ്ടർ അറ്റാക്കുമായി ഒന്നു രണ്ട് തവണ ലോട്ടറോ മാർടിനെസിന്റെ നേതൃത്വത്തിൽ ഇറ്റാലിയൻ ടീം സിറ്റി ഗോൾവലക്ക് അരികെയുമെത്തി. രണ്ടാം പകുതിയിലും കളിയുടെ ഒഴുക്കിന് കാര്യമായ മാറ്റങ്ങൾ വന്നില്ല.
ഒരു ടീം ആക്രമിച്ച് കളിക്കാനും എതിർ ടീം പ്രതിരോധമൊരുക്കാനും മത്സരിച്ചപ്പോൾ ഗോളുകളും പിറക്കാതെ നിന്നു. ലഭിച്ച അർധാവസരങ്ങളാകട്ടെ, ഇരു ടീമും വലയിലെത്തിക്കാനാവാതെ പതറി. അതിനിടെ, കെവിൻ ഡി ബ്രുയിൻ കയറിയത് സിറ്റി നീക്കങ്ങളുടെ മൂർച്ച കുറച്ചു. എന്നാൽ, കളിയുടെ ഗതി മാറ്റി 68ാം മിനിറ്റിൽ ഗോളെത്തി.
എതിർ ബോക്സിൽ മാനുവൽ അകാൻജി ബെർണാഡോ സിൽവക്ക് നൽകിയ പന്ത് പിറകോട്ട് നൽകിയ പാസ് റോഡ്രിയുടെ കാലുകളിൽ. 16 വാര അകലെനിന്ന് പായിച്ച പൊള്ളുംഷോട്ട് ഗോളിക്ക് അവസരമേതും നൽകാതെ വലയിൽ. അതോടെ ആക്രമണം കനപ്പിച്ച ഇറ്റാലിയൻ ടീം തൊട്ടുപിറകെ ഗോളിനരികെയെത്തിയെങ്കിലും ആദ്യം ക്രോസ്ബാറും പിറകെ നിർഭാഗ്യവും വില്ലനായി.
പിന്നെയും ഇരു ടീമും കളി കടുപ്പിച്ച് നിറഞ്ഞുനിന്നു. ഇന്റർ മിലാൻ ഗോളിനരികെയെത്തിയ ഒന്നിലേറെ അവസരങ്ങൾ ലക്ഷ്യം കാണാൻ മടിച്ചുനിന്നത് സിറ്റിക്ക് ഭാഗ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.