പോർട്ടോ വാഴുന്ന പോർച്ചുഗീസ് മൈതാനങ്ങളിൽ ഇത്തവണ ബെൻഫിക്ക ബഹുദൂരം മുന്നിലാണ്. കിരീട പ്രതീക്ഷയിൽ എതിരാളികൾ എളുപ്പം പിടിക്കാനാവാത്തത്ര പിറകിലും. 2019നു ശേഷം മുൻനിര കിരീടങ്ങളൊന്നും നേടാനാകാത്ത ബെൻഫിക്ക പക്ഷേ, അതിലും വലിയ അദ്ഭുതങ്ങൾ ഇതിനകം സാധ്യമാക്കിയ ആഘോഷത്തിലാണ്.
യൂറോപിലെ ഏറ്റവും മികച്ച ഫുട്ബാൾ അക്കാദമികളിലൊന്ന് നടത്തുന്നുവെന്നതാണ് ടീമിന്റെ വലിയ വിജയം. ലോകകപ്പിലെ ഹാട്രിക് നേട്ടക്കാരനും സീസണിൽ പ്രിമേര ലീഗിലെ ടോപ് സ്കോററുമായ ഗോൺസാലോ റാമോസടക്കം താരങ്ങളെ സംഭാവന ചെയ്ത പരിശീലനക്കളരിയാണിത്. പോർച്ചുഗൽ പ്രതിരോധതാരം അന്റോണിയോ സിൽവ, മിഡ്ഫീൽഡർ േഫ്ലാറന്റീന തുടങ്ങിയവരും ഇവിടെനിന്നിറങ്ങിയവർ. ഇനിയുമേറെ പേരുകൾ മുമ്പ് ഇവിടെ നിന്ന് ടീം വിട്ട് മറ്റു ജഴ്സികളിലേക്ക് മാറിയിട്ടുമുണ്ട്. യൊആവോ ഫെലിക്സ് എന്ന സൂപർ താരത്തെ 2019ൽ ബെൻഫിക്ക വിൽക്കുന്നത് 11.5 കോടി പൗണ്ടിന്. റൂബൻ ഡയസിനെ 2020ൽ മാഞ്ചസ്റ്റർ സിറ്റിക്ക് കൈമാറിയതും മോശമല്ലാത്ത തുകക്ക്. സിറ്റിയിൽ പഴയ ബെൻഫിക്ക നിരയിലെ മൂന്നു പേർ വേറെയുമുണ്ട്- എഡേഴ്സൺ, ബെർണാഡോ സിൽവ, യൊആവോ കാൻസലോ എന്നിവർ. ഇതിൽ കാൻസലോ കഴിഞ്ഞ ജനുവരിയിൽ ബയേണിലെത്തി. അർജന്റീനയുടെ യുവതാരം എൻസോ ഫെർണാണ്ടസ്, ഉറുഗ്വായ് താരം ഡാർവിൻ നൂനസ് എന്നിവർക്കുമുണ്ട് ബെൻഫിക്ക ബന്ധം.
നിലവിൽ ലോകത്തിലെ ഏറ്റവും ലാഭകരമായി നടത്തുന്ന അക്കാദമിയാണ് ബെൻഫിക്കയുടെത്. റയൽ മഡ്രിഡിനെക്കാൾ മുന്നിൽ. 2015 മുതൽ താരവിൽപന വഴി മാത്രം ക്ലബുണ്ടാക്കിയത് 3678 കോടി രൂപയാണ്.
ആറു വയസ്സിനും 12 നുമിടയിൽ പ്രായമുള്ള കുട്ടികളെ എടുത്താണ് ടീം പരിശീലിപ്പിക്കുന്നത്. അതേ സമയം, ടീം ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ക്ലബ് ബ്രൂഗിനെ വൻ മാർജിനിൽ വീഴ്ത്തി ക്വാർട്ടറിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.