ബ്വേനസ് ഐറിസ്: അർജന്റീനക്ക് ആദ്യ ലോകകിരീടം നേടിക്കൊടുത്ത പരിശീലകൻ സീസർ ലൂയിസ് മെനോട്ടി അന്തരിച്ചു. 85 വയസ്സായിരുന്നു. 2019 മുതൽ അർജന്റീന ടീം ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്ന അദ്ദേഹം മെക്സിക്കോയെയും സ്പാനിഷ് ക്ലബ് ഫുട്ബാളിലെ വമ്പന്മാരായ ബാഴ്സലോണ, അത്ലറ്റിക്കോ മഡ്രിഡ് തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 11 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. 1974 മുതൽ ’83 വരെയാണ് അർജന്റീനയുടെ പരിശീലക സ്ഥാനത്തിരുന്നത്.
1938 നവംബർ അഞ്ചിന് റൊസാരിയോയിലായിരുന്നു മെനോട്ടിയുടെ ജനനം. അർജന്റീനയിലെ റൊസാരിയോ സെൻട്രൽ, ബൊക്ക ജൂനിയേഴ്സ്, ബ്രസീലിലെ സാേന്റാസ് തുടങ്ങിയ ക്ലബുകളുടെ ജഴ്സിയണിഞ്ഞു. 1963ലാണ് ദേശീയ ടീമിലെത്തുന്നത്. 11 മത്സരങ്ങളിൽ രണ്ട് അന്താരാഷ്ട്ര ഗോളുകളും സ്ട്രൈക്കറായിരുന്നു മെനോട്ടിയുടെ പേരിലുണ്ട്. 1970ൽ ന്യൂവെൽസ് ഓൾഡ് ബോയ്സിലാണ് പരിശീലക ജീവിതം ആരംഭിച്ചത്. 1973ൽ ഹുറാക്കാന ക്ലബിനെ അർജന്റൈൻ ചാമ്പ്യന്മാരാക്കി. 1974ൽ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുത്തു.
1978 ജൂൺ 25ന് ബ്വേനസ് ഐറിസിൽ നടന്ന ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനെ 3-1ന് തോൽപിച്ചാണ് ഡാനിയൽ പാസരല്ല നയിച്ച അർജന്റീന ടീം ചരിത്രത്തിലാദ്യമായി ലോകകിരീടം ഉയർത്തിയത്. 1982 ലോകകപ്പിന് ശേഷം ദേശീയ ടീം വിട്ട മെനോട്ടി, ബാഴ്സലോണയുടെ പരിശീലകനാകുകയും 1983ൽ കോപ്പ ഡെൽ റേ വിജയത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു. ഡസനിലധികം ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുൾപ്പെടെയുള്ളവർ മെനോട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.