സഗ്രേബ്: പുതുസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരമായി ഗ്രീക്ക് ഇന്റർനാഷനൽ സ്ട്രൈക്കർ ദിമിത്രി ദിയാമാന്റാകോസ് വരുമെന്ന് റിപ്പോർട്ട്. ക്രൊയേഷ്യൻ ലീഗിലെ മുൻനിര ക്ലബായ ഹാജൂക് സ്പ്ലിറ്റിന്റെ മുന്നേറ്റക്കാരനായ 29കാരൻ ബ്ലാസ്റ്റേഴ്സുമായി ധാരണയിലെത്തിയതായി ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അർധാവസരങ്ങളിൽനിന്നുപോലും വല കുലുക്കാൻ മിടുക്കുള്ള ദിമിത്രി, കൂടുമാറിയ ആൽവാരോ വാസ്ക്വേസിന്റെ പകരക്കാരനായാവും ബ്ലാസ്റ്റേഴ്സിലെത്തുക.
ഹാജൂക് സ്പ്ലിറ്റുമായിട്ടുള്ള കരാർ ദിയാമാന്റാകോസ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ശേഷം, താരം എവിടേക്കാണ് പോകുന്നതെന്ന അന്വേഷണത്തിലായിരുന്നു ക്രൊയേഷ്യൻ മാധ്യമങ്ങൾ. 'ഹാജുകുമായി വേർപിരിഞ്ഞശേഷം ഗ്രീക്ക് താരം എവിടേക്കാണ് പോകുന്നതെന്ന് അറിവായിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയിലായിരിക്കും അദ്ദേഹം കരിയർ തുടരുക' -സ്ലോബോന ദാൽമാസിയ പത്രം റിപ്പോർട്ട് ചെയ്തു.
ഗ്രീസ് അണ്ടർ 17, അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ടീമുകൾക്കുവേണ്ടി ബൂട്ടുകെട്ടിയ ഈ ആറടിക്കാരൻ ഗ്രീസ് ദേശീയ ടീമിനുവേണ്ടി അഞ്ചു കളികളിൽ ഒമ്പതു ഗോളുകൾ നേടിയിട്ടുണ്ട്. 2012ൽ അണ്ടർ 19 യൂറോകപ്പിൽ റണ്ണറപ്പായ ഗ്രീക്ക് ടീമിലെ സുപ്രധാന താരമായിരുന്നു. 2014 സെപ്റ്റംബർ ഏഴിന് റുമേനിയക്കെതിരെയാണ് സീനിയർ ടീമിൽ അരങ്ങേറിയത്.
2012ൽ ഗ്രീസ് സൂപ്പർക്ലബായ ഒളിംപിയാക്കോസിലൂടെയാണ് പ്രൊഫഷനൽ കരിയറിന് തുടക്കം. അടുത്ത മൂന്നു സീസണുകളിൽ ഗ്രീക്ക് ലീഗിൽ പനിയോനിയോസ്, ആരിസ്, എർഗോടെലിസ് ടീമുകൾക്ക് വായ്പാടിസ്ഥാനത്തിൽ ബൂട്ടുകെട്ടി. 2015-ൽ ജർമൻ ക്ലബായ കാൾസ്റൂഹറിലേക്ക് കൂടുമാറി. രണ്ടു സീസണിനുശേഷം ബോഷമിലേക്കും പിന്നാലെ സെന്റ് പൗളിയിലേക്കും ചേക്കേറി. സെന്റ് പൗളിക്കുവേണ്ടി 49മത്സരങ്ങളിൽ 38 ഗോളുകൾ നേടി മിന്നും ഫോമിലായിരുന്നു. 2020ലാണ് ഹാജുകുമായി കരാർ ഒപ്പിട്ടത്. 24 കളികളിൽ ക്ലബിനുവേണ്ടി 20 ഗോളുകൾ. കഴിഞ്ഞ സീസണിൽ വായ്പാടിസ്ഥാനത്തിൽ ഇസ്രയേൽ ടീമായ അഷ്ദോദിലാണ് കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.