കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ കൊച്ചി ഫോഴ്സാ എഫ്.സിക്കെതിരെ ഗോൾ നേടിയ കണ്ണൂർ വാരിയേഴ്സിന്റെ ഫ്രാൻസി സോ ഡേവിഡിന്റെ ആഹ്ലാദം –കെ. വിശ്വജിത്ത്

സൂപ്പർ ലീഗ് കേരളയിൽ സമനിലക്കളി; ഓരോ ഗോളടിച്ച് കണ്ണൂരും കൊച്ചിയും

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ കോർപറേഷൻ സ്റ്റേഡിയത്തിൽ വീണ്ടും സമനിലക്കളി. കണ്ണൂർ വാരിയേഴ്സും ഫോഴ്സ കൊച്ചിയുമാണ് ഓരോ ഗോളടിച്ച് പിരിഞ്ഞത്. 18ാം മിനിറ്റിൽ കൊച്ചി ഫോഴ്സയുടെ ഗോളി സുഭാഷിഷ് റോയ് തനിക്ക് ലഭിച്ച പാസ് കാലുകൊണ്ട് നിയന്ത്രണത്തിലാക്കി തട്ടിനീക്കി ബോക്സിനരികിലെത്തിച്ച് സഹകളിക്കാരനു നേരെ നീട്ടിയടിക്കാൻ ശ്രമിക്കവെ വാരകൾക്കകലെ മുന്നിൽനിന്ന് ചാടിയ കണ്ണൂർ വാരിയേഴ്സിന്റെ സ്പെയിൻ താരം ഡേവിഡ് ഗ്രാൻഡേയുടെ കാലിൽ തട്ടിയാണ് പോസ്റ്റിലേക്ക് കടന്നത്.

ഫോഴ്സ മുന്നേറ്റക്കാരായ റാഫേൽ അഗസ്റ്റോയും സെയ്ദ് മുഹമ്മദ് നിദാലും നിജോ ഗിൽബർട്ടും ക്യാപ്റ്റൻ അർജുൻ ജയരാജും ആക്രമണോത്സുക മുന്നേറ്റം നടത്തിയത് കണ്ണൂർ ഗോളിയെ സമ്മർദത്തിലാക്കി. 37ാം മിനിറ്റിൽ മുഹമ്മദ് നൽകിയ വലതുവശത്തുനിന്ന് ഉയർത്തി നൽകിയ ക്രോസ് വാരിയേഴ്സിന്റെ ഗോളി കുത്തിയകറ്റി. അൽവാരോ അൽവാരസിന്റെയും വികാസിന്റെയും ക്യാപ്റ്റൻ ഡാർഡിനിരോ കോർപയുടെയും പ്രതിരോധം രണ്ടു മിനിറ്റ് അധികം നീണ്ട ആദ്യ പകുതി വരെ ഗോൾ വഴങ്ങാതെ കാത്തു.

രണ്ടാം പകുതിയിൽ ഫോഴ്സയുടെ ജഗനാഥിന്റെയും നിഥിൻ മധുവിന്റെയും ശക്തമായ പ്രതിരോധം വാരിയേഴ്സിന്റെ ആക്രമണ മുനയൊടിച്ചു. 75ാം മിനിറ്റിൽ നിജോ ഗിൽബർട്ടിനു പകരം കമൽപ്രീത് സിങ്ങിനെ ഇറക്കി. സെക്കൻഡുകൾക്കകം വലതു വിങ്ങിൽനിന്ന് നിഥിൻ ഉയർത്തിനൽകിയ പാസിൽ ബസന്ത് സിങ് അതിമനോഹരമായി ഹെഡ് ചെയ്ത് വാരിയേഴ്സിന്റെ ഗോളി അജ്മലിന് പിടിനൽകാതെ വിദഗ്ധമായി വലയിലെത്തിച്ച് 1-1 സമനില പിടിച്ചു.

കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പിന്നീട് മത്സരം തീ പാറുന്ന പോരാട്ടത്തിലേക്ക് എത്തിയെങ്കിലും ഗോൾനിലയിൽ മാറ്റമില്ലാതെ സമനിലയിൽ കലാശിച്ചു. രണ്ടാം പാതിയുടെ അവസാന സെക്കൻഡിൽ റാഫേലിനെ മാറ്റി അരുൺ ലാലിനെ പരീക്ഷിച്ചെങ്കിലും ഗോൾനിലയിൽ മാറ്റം വരുത്താനായില്ല.

Tags:    
News Summary - Draw in Super League Kerala; Kannur and Kochi scored a goal each

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.