മെക്സിക്കോയെ പൂട്ടി അർജന്റീനയെ എതിരിടാൻ എക്വഡോർ; ജമൈക്കയെ വീഴ്ത്തി വെനിസ്വേല

അരിസോണ: കോപ അമേരിക്കയിൽ തുടർച്ചയായ മൂന്നാം ജയവുമായി വെനിസ്വേലയും മെക്സിക്കോയെ ഗോൾരഹിത സമനിലയിൽ തളച്ച് എക്വഡോറും കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ. ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയാണ് വെനിസ്വേല ഒന്നാം സ്ഥാനക്കാരായി മുന്നേറിയതെങ്കിൽ ഗോൾശരാശരിയിൽ മെക്സിക്കോയെ മറികടന്നാണ് എക്വഡോറിന്റെ ക്വാർട്ടർ പ്രവേശം.

ഗ്രൂപ് ബിയിലെ നിർണായക പോരാട്ടത്തിൽ ആദ്യ പകുതി ഗോൾരഹിതമായതോടെ പ്രതീക്ഷയിലായ എക്വഡോറിനെതിരെ രണ്ടാം പകുതിയിൽ മെക്സിക്കോ കൂടുതൽ ആക്രമിച്ചു കളിച്ചെങ്കിലും ഷോട്ടുകളൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതിനിടെ,  മുന്നേറ്റതാരം ഗില്ലർമോ മാർട്ടിനസിനെ എക്വഡോർ താരം ഫെലിക്സ് ടോറസ് ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റിയിലേക്ക് വിസിലൂതിയെങ്കിലും വി.എ.ആർ പരിശോധനയിൽ കോർണറിൽ ഒതുങ്ങിയതും മെക്സിക്കൻ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. മിനിറ്റുകൾക്കകം ജൂലിയൻ ക്വിനോനസിന് ഗോൾ നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും മുതിലാക്കാനായില്ല.

മത്സരത്തിൽ 60 ശതമാനവും പന്ത് വരുതിയിലാക്കുകയും 19 ഷോട്ടുകളുതിർക്കുകയും ചെയ്തിട്ടും ലക്ഷ്യം കാണാനാവാത്തതാണ് അവരുടെ വഴിയടച്ചത്. ടൂർണമെന്റിൽ കളിച്ച മൂന്ന് മത്സരങ്ങളിൽനിന്നായി മെക്സിക്കോ 57 ഷോട്ടുകളുതിർത്തപ്പോൾ ഒരു തവണ മാത്രമാണ് അവർക്ക് ഗോളടിക്കാനായത്. കഴിഞ്ഞ അഞ്ച് കോപ ടൂർണമെന്റുകളിൽ നാലാം തവണയാണ് മെക്സിക്കോ ക്വാർട്ടർ കാണാതെ പുറത്താവുന്നത്. ഗ്രൂപ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്തെത്തിയ അർജന്റീനയാണ് വ്യാഴാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ക്വാർട്ടറിൽ എക്വഡോറിന്റെ എതിരാളികൾ.

ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് വെനിസ്വേല തകർത്തുവിട്ടത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ മൂന്ന് തവണ ലക്ഷ്യം കണ്ടാണ് അവർ ജയം പിടിച്ചത്. 49ാം മിനിറ്റിൽ എഡ്വാർഡ് ബെല്ലോയിലൂടെ അക്കൗണ്ട് തുറന്ന വെനിസ്വേല ഏഴ് മിനിറ്റിനകം സലോമൻ റോൻഡനിലൂടെ ലീഡ് ഇരട്ടിപ്പിച്ചു. നിശ്ചിത സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ എറിക് റാമിറസ് ഗോൾപട്ടിക പൂർത്തിയാക്കുകയായിരുന്നു. കാനഡയാണ് ക്വാർട്ടറിൽ വെനിസ്വേലയുടെ എതിരാളികൾ.

Tags:    
News Summary - Ecuador lock out Mexico and face Argentina; Venezuela defeated Jamaica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.