ബെർലിൻ: യൂറോ കപ്പ് ഫുട്ബാളിൽ ശനിയാഴ്ച കരുത്തന്മാർ ആദ്യ കളിക്കിറങ്ങുന്നു. ഇന്ത്യൻ സമയം വൈകീട്ട് 6.30ന് ഹംഗറിയും സ്വിറ്റ്സർലൻഡും ഏറ്റുമുട്ടും. രാത്രി 9.30ന് മുൻ ജേതാക്കളായ സ്പെയിൻ കരുത്തരായ ക്രൊയേഷ്യയെ നേരിടും. യൂറോ കപ്പിന്റെ രണ്ടാംദിനത്തിലെ ആദ്യ മത്സരമെന്ന നിലയിൽ ഇന്ത്യൻ സമയം അർധരാത്രി 12.30ന് നിലവിലെ ജേതാക്കളായ ഇറ്റലി അപ്രതീക്ഷിതമായി യോഗ്യത നേടിയ അൽബേനിയയുമായി മാറ്റുരക്കും. മരണഗ്രൂപ് എന്നറിയപ്പെടുന്ന ബി ഗ്രൂപ്പിൽ സ്പെയിൻ വ്യാഴവട്ടത്തിന് ശേഷം കിരീടം വീണ്ടെടുക്കാനാണ് ബെർലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനിൽ അലയടിക്കുന്ന വിവാദങ്ങൾക്കിടെയാണ് സ്പാനിഷ് അർമഡയുടെ വരവ്. ഫെഡറഷേനിലെ വിവാദങ്ങൾ ടീമിനെ ബാധിക്കില്ലെന്നാണ് കോച്ച് ലൂയിസ് ഡി ലാ ഫുയന്റെ പറയുന്നത്. കഴിഞ്ഞ വർഷം യുവേഫ നാഷൻസ് ലീഗ് കിരീടം നേടിയതിന്റെ പകിട്ടും ടീമിനുണ്ട്. 2008ലും 2012ലും യൂറോ കപ്പും 2010ൽ ലോകകപ്പും നേടിയ പ്രതാപകാലവും കാളപ്പോരുകാരുടെ മനസ്സിലെ ആഹ്ലാദസ്മരണയാണ്. 1964ലും യൂറോ കപ്പ് നേടി. രണ്ട് കണ്ണീർ ഷൂട്ടൗട്ടുകളുടെ സമീപകാല കഥയുമുണ്ട്. കഴിഞ്ഞ യൂറോ സെമിയിൽ ഇറ്റലിയോട് തോറ്റതായിരുന്നു ഒന്ന്. 2022 ലോകകപ്പിൽ മൊറോക്കോയോട് തോറ്റതായിരുന്നു രണ്ടാമത്തേത്.
അൽവാരോ മൊറാട്ട, ലാമിൻ യമൽ, ഫെറാൻ ടോറസ്, ജോസലു തുടങ്ങിയവരാണ് സ്പെയിനിന്റെ മുന്നേറ്റ നിരക്കാർ. റോഡ്രി ഹെർണാണ്ടസും ഫെർമിൻ ലോപസും ഫാബിയൻ യുറയിസുമടങ്ങുന്ന മധ്യനിരക്കും കരുത്തുണ്ട്. ഡാനി കർവാജൽ പ്രതിരോധത്തിൽ ശക്തനാണ്. യുവത്വവും പരിചയസമ്പത്തും ഇഴചേരുന്ന ടീമാണിത്. മിക്ക താരങ്ങളെയും കോച്ച് ഫുയന്റെക്ക് ചെറുപ്പം മുതൽ പരിചിതമാണ്. 2015ൽ അണ്ടർ 19, 2019ൽ അണ്ടർ 21 ടീമുകൾ യൂറോ കപ്പ് നേടിയപ്പോൾ ഇദ്ദേഹമായിരുന്നു പരിശീലകൻ.
കഴിഞ്ഞ വർഷം യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച പലരെയും പരിശീലിപ്പിച്ചു. അണ്ടർ 15 ടീമിൽ പെഡ്രി, മൈക്കൽ ഒയാർസബൽ, ഫാബിയൻ റൂയിസ്, മൈക്കൽ മെറിനോ, മാർക്കോ അസെൻസിയോ, ഡാനി ഓൾമോ എന്നിവരുടെ പരിശീലകനുമായിരുന്നു. അത്ലറ്റികോ ബിൽബാവോയുടെ യുനെയ് സൈമണാകും ഗോൾകീപ്പർ.
നാഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന്റെ പകരം വീട്ടാനുണ്ട് ക്രൊയേഷ്യക്ക്. കഴിഞ്ഞ യൂറോകപ്പ് പ്രീക്വാർട്ടറിൽ അധികസമയത്ത് 5-3ന് സ്പെയിൻ ക്രൊയേഷ്യയെ തോൽപിച്ചിരുന്നു. വെറ്ററൻ താരം ലൂക്ക മോഡ്രിച്ചും മാറ്റിയോ കൊവാസിച്ചും ഇവാൻ പെരിസിച്ചുമടക്കമുള്ള പ്രമുഖർ ക്രൊയേഷ്യ നിരയിലുണ്ട്. മോഡ്രിച്ചിനിത് അഞ്ചാം യൂറോ കപ്പാണ്. ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും സ്വന്തമാക്കിയാണ് റയൽ മഡ്രിഡ് താരമായ മോഡ്രിച്ചിന്റെ വരവ്. മാഞ്ചസ്റ്റർ സിറ്റിയുടെ കൊവാസിച്ചിനൊപ്പം സഹതാരം ജോസ്കോ ഗ്വാർഡിയോളും ഫോമിലാണ്.
ഡോട്ട്മുണ്ടിലാണ് നിലവിലെ ജേതാക്കളായ ഇറ്റലിയുടെ ആദ്യ മത്സരം. എതിരാളികൾ ദുർബലരായതിനാൽ വിജയപ്രതീക്ഷ ഏറെയാണ്. കഴിഞ്ഞ യൂറോ കപ്പ് നേടിയെങ്കിലും ഖത്തർ ലോകകപ്പിൽ ഇറ്റലി യോഗ്യത നേടിയിരുന്നില്ല. റഷ്യയിലെ ലോകകപ്പിലും സാന്നിധ്യമറിയിക്കാതിരുന്ന ഇറ്റലിക്കാർക്ക് യൂറോയിൽ ആധിപത്യം ആവർത്തിക്കുകയാണ് ലക്ഷ്യം. ബൊറൂസിയ ഡോട്ട്മുണ്ട് സ്റ്റേഡിയത്തിൽ 2006 ലോകകപ്പിലാണ് ഇറ്റലി ആദ്യമായി കളിക്കുന്നത്. അന്ന് എക്സ്ട്രാടൈമിൽ ആതിഥേയരായ ജർമനിയെ 2-0ത്തിന് തോൽപിച്ചിരുന്നു. ഞരമ്പിന് പരിക്കേറ്റിരുന്ന ഡേവിഡ് ഫ്രാറ്റസി ആരോഗ്യക്ഷമത വീണ്ടെടുത്തിട്ടുണ്ട്. നികോളോ ബാരല്ലെയും നികോളോ ഫാജിയോലിയും പരിക്ക് മാറി സജ്ജരാണ്. അൽേബനിയയുമായി നാല് തവണ ഏറ്റുമുട്ടിയതിൽ നാലും ജയിച്ചത് ഇറ്റലിയാണ്. അൽബേനിയ ടീമിലെ പത്ത് പേർ ഇറ്റാലിയൻ ലീഗിൽ കളിക്കുന്നവരാണ്.
യോഗ്യത മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഹംഗറി യൂറോ കപ്പിന് യോഗ്യത നേടിയത്. എതിരാളികളായ സ്വിറ്റ്സർലൻഡ് തുടർച്ചയായ മൂന്നാം തവണയാണ് യോഗ്യത നേടുന്നത്. ഹംഗറിയുടെ സ്റ്റാർ മിഡ്ഫീൽഡറും ലിവർപൂൾ താരവുമായ ഡൊമിനിക് സോബോസ്ലായ്ക്ക് ശനിയാഴ്ച ഇസ്രായേലിനെതിരായ സൗഹൃദ മത്സരത്തിനിടെ ഇടതു തുടയിൽ പരിക്കേറ്റിരുന്നു. ഈ താരം കളിക്കുമെന്നാണ് വിവരം.
ഇന്റർ മിലാന്റെ യാൻ സോമറാകും സ്വിസ് ഗോൾ വല കാക്കുക. വിങ്ങർ സ്റ്റീവൻ സുബറിന് പരിക്കായതിനാൽ വെറ്ററൻ താരം ഷെർദാൻ ഷാക്കിരി പകരം ആദ്യ ഇലവനിലെത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.