കളിയഴകും വേഗവും മേളിക്കുന്ന യൂറോപ്യൻ ഫുട്ബാളിെൻറ മാറ്റുരക്കൽ മഹാമാമാങ്കമായ യൂറോകപ്പിന് വിസിലുയരാൻ ദിവസങ്ങൾ മാത്രം. ഒപ്പം ലാറ്റിനമേരിക്കൻ ഫുട്ബാൾ ചന്തത്തിെൻറ പ്രദർശനശാലയായ കോപ അമേരിക്കയിലും പന്തുരുണ്ടാൽ കാൽപന്ത് പ്രേമികൾക്ക് രാവെളുക്കുവോളം ടെലിവിഷനിൽനിന്ന് കണ്ണെടുക്കാൻ നേരമുണ്ടാകില്ല. കോവിഡ് ഭീഷണി കാരണം ഇത്തവണ കോപ അമേരിക്ക നടക്കുമോ എന്നതിൽ ഇപ്പോഴും തീർപ്പ് വന്നിട്ടില്ലെന്നത് മറ്റൊരു കാര്യം. കോവിഡ് ഭീഷണി ഏറെക്കുറെയൊഴിഞ്ഞ യൂറോപ്പിൽ പക്ഷേ, അത്തരം ആശങ്കകൾ ഒന്നുമില്ല. പഴയപോലെ തിങ്ങിനിറയില്ലെങ്കിലും ആരാധകരെമ്പാടും ഗാലറിയിൽ ആർപ്പുവിളികളുമായുണ്ടാകും.
ലോകമെമ്പാടുമുള്ള കാൽപന്തു പ്രേമികൾ യൂറോപ്പിലെ പച്ചപ്പുൽ മൈതാനങ്ങളിലേക്ക് ഇടതടവില്ലാതെ കണ്ണും കാതും മനസ്സും കൂർപ്പിച്ചിരിക്കുന്ന നാളുകളാണ് വരാൻ പോകുന്നത്. ജൂൺ 12 മുതൽ ജൂലൈ 12 വരെ, പതിവിൽനിന്ന് വിപരീതമായി 11 രാജ്യങ്ങളിലായാണ് ഒരു മാസം നീളുന്ന പോരാട്ടം നടക്കുന്നത്. ഇംഗ്ലണ്ട്, റഷ്യ, അസർബൈജാൻ, ജർമനി, ഇറ്റലി, നെതർലൻഡ്, റൊമേനിയ, ഹംഗറി, ഡെൻമാർക്ക്, സ്കോട്ലൻറ്, സ്പെയിൻ എന്നീ രാജ്യങ്ങളിലായാണ് മത്സരങ്ങൾ. 2019 മാർച്ച് മുതൽ നവംബർ വരെ നടന്ന, 55 ടീമുകൾ പെങ്കടുത്ത യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ വഴിയെത്തിയ 20 ടീമുകളും േപ്ലഒാഫ് വഴിയെത്തിയ നാല് ടീമുകളും അടക്കം 24 ടീമുകളാണ് യൂറോപ്യൻ കിരീടപോരാട്ടത്തിൽ അണിനിരക്കുന്നത്. ആറ് ഗ്രൂപ്പുകളായാണ് മത്സരം. ഒരോ ഗ്രൂപ്പ് ചാമ്പ്യമാരും റണ്ണേഴ്സ് അപ്പുകളും മുഴുവൻ ഗ്രൂപ്പുകളിൽനിന്നുമായുള്ള മികച്ച നാലു സ്ഥാനക്കാരും നോക്കൗട്ടിൽ കടക്കും.
പോർച്ചുഗൽ ആണ് നിലവിലെ ജേതാക്കൾ. 2016 ലാണ് അവസാനമായി ടൂർണമൻറ് നടന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന മത്സരങ്ങൾ കോവിഡ് പ്രതിസന്ധി മൂലം ഇൗ വർഷത്തേക്ക് മാറ്റുകയായിരുന്നു. ജൂൺ 12 ന് പുലർച്ചെ 12.30ന് തുർക്കി^ഇറ്റലി മത്സരത്തോടെയാണ് ടൂർണമൻറിന് വിസിൽ മുഴങ്ങുക. വാർ നടപ്പാക്കുന്ന ആദ്യ യൂറോ എന്ന പ്രത്യേകതയും ഉണ്ട്.
യൂനിയൻ ഒാഫ് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ^ യുവേഫയുടെ കീഴിലാണ് ടൂർണമൻറ് നടക്കുന്നത്. 1960 ൽ ഫ്രാൻസ് ആണ് പ്രഥമ യൂറോ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അന്ന് യൂറോപ്യൻ നേഷൻസ് കപ്പ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത് പിന്നീട് യൂറോ കപ്പായി മാറി. അക്കാലത്ത് രാഷ്ടീയമായും സാമ്പത്തികമായും വിഭജിക്കപ്പെട്ടിരുന്ന യൂറോപ്യൻ രാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യം കൂടി ടൂർണമൻറിനുണ്ടായിരുന്നു. സോവിയറ്റ് യൂനിയൻ ആയിരുന്നു പ്രഥമജേതാക്കൾ. യൂഗോസ്ലാവ്യ റണ്ണേഴ്സുമായി.
കൂടുതൽ തവണ ജേതാക്കളായത് ജർമനിയും സ്പെയിനുമാണ്. മൂന്ന് തവണ വീതം.യൂറോപ്യൻ ലീഗ് ഫുട്ബാളിലും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലും ഒരുപോലെ മിന്നുന്ന ഒരുപിടി താരങ്ങളുടെ സാന്നിധ്യമാണ് ടൂർണമൻറിെൻറ ആകർഷക ഘടകം. താരങ്ങളുടെ മഹാസമ്മേളനമാണ് പല ടീമുകളിലും. താരാധിക്യത്താൽ ആദ്യ 11 പേരെ കണ്ടെത്താൻ കോച്ചുമാർ പെടാപാട് പെടേണ്ടി വരുന്നതും യൂറോപ്യൻ ഫുട്ബാളിലെ പതിവ് കാഴ്ചയാണ്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല.
ആരുയർത്തും ആ കപ്പ്?
ലോക ഫുട്ബാളിൽ യൂറോപ്പിെൻറ അപ്രമാദിത്യം ശക്തമായി തുടരുന്ന കാലമാണിത്. ലാറ്റിനമേരിക്കൻ ഫുട്ബാൾ അതിെൻറ പ്രതാപകാലം നഷ്ടപ്പെട്ട്, ഏറെക്കുറെ യൂറോപ്യൻ കളിശൈലിയിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. യൂറോപ്യൻ ക്ലബ് ഫുട്ബാളിെൻറ ജനപ്രിയതയും ആഗോള പ്രേക്ഷക മൂല്യവും കേമ്പാളപരതയുമെല്ലാം യൂറോപ്പിെൻറ ഇൗ മേധാവിത്വത്തിന് സഹായകമായി. ദേശീയ ടീം സെലക്ഷനെ പോലും ശക്തമായി സ്വാധീനിക്കാനുള്ള ശേഷി ക്ലബ് ഫുട്ബാളിന് കൈവന്നു.
യൂറോപിലെ മുൻനിര ടീമുകൾക്കെല്ലാം കേരളത്തിൽ ആരാധകരുണ്ട്. മുമ്പ് കാലത്ത്, ബ്രസീൽ, അർജൻറീന എന്നിങ്ങനെ രണ്ട് ചേരികളിൽ മാത്രമായി ഭൂരിഭാഗം ആരാധകരും ഒതുങ്ങിയിരുന്നെങ്കിൽ ഇന്ന് സ്ഥിതി മാറി. ഫുട്ബാളിനെ ഗൗരവപൂർവം സമീപിക്കുന്ന ആർക്കും യൂറോപ്യൻ ഫുട്ബാളിനെ അവഗണിക്കാനാവില്ല എന്ന സ്ഥിതി വന്നു. ലോകകപ്പോ യൂറോ കപ്പോ കോപ അമേരിക്കയോ വരുന്ന സീസണിൽ മാത്രം ഫുട്ബാൾ സംസാരിക്കുന്ന സ്ഥിതി മാറി. സീസണൽ ഫുട്ബാൾ ആരാധകരിൽ പലരും സ്ഥിരം കളിക്കമ്പക്കാരായി. ഇന്ത്യയിൽ അടക്കം ജനപ്രിയ ഫുട്ബാൾ ലീഗുകൾ വന്നു. യൂറോപ്യൻ ലീഗുകളിലെ പരിചയസമ്പന്നരായ പലരും വന്നതോടെ നമ്മുടെ കളി രീതികൾ തന്നെ മാറി. വർഷം മുഴുവനും ഫുട്ബാൾ എന്നതിലേക്ക് കഴിഞ്ഞ അഞ്ചാറ് വർഷത്തിനിടെ കാര്യങ്ങൾ മാറി.
ഫിഫയുടെ ആദ്യ പത്ത് റാങ്കിൽ ഏഴും യൂറോപ്യൻ ടീമുകളാണ്. ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ, ഇറ്റലി, ഡെൻമാർക്ക് ടീമുകൾ യഥാക്രമം ആദ്യ പത്തിലുണ്ട്. രണ്ടാമത്തെ പത്തിലുള്ള ജർമനി, ക്രൊയേഷ്യ, നെതർലൻഡ്സ്, സ്വിറ്റ്സർലാൻഡ് ടീമുകളെയും എഴുതിതള്ളാനാവില്ല. ഒരോ ടീമും ഒന്നിനൊന്ന് മികച്ചവർ. 2006 മുതലുള്ള നാല് ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളായിരുന്നു ജേതാക്കൾ. ഇൗ നാല് ലോകകപ്പുകളിൽ മൂന്നിലും റണ്ണേഴ്സ് അപ്പും യൂറോപ്യൻ ടീമുകൾക്ക് തന്നെ. ആദ്യ നാല് സ്ഥാനങ്ങളിലും യൂറോപ്യൻ ടീമുകളുടെ മേധാവിത്വം കാണാം. യോഗ്യത മത്സര പരീക്ഷണം കഴിഞ്ഞുവരുന്ന ടീമുകൾ ആയതുകൊണ്ട് തന്നെ എളുപ്പത്തിൽ ജയിച്ചുകളയാം എന്ന പ്രതീക്ഷ എത്ര കരുത്തുറ്റ ടീമിനുമുണ്ടാവില്ല. ഒരോ മത്സരവും കടുത്തതാകും. ഗ്രൂപ്പ് ഘട്ടത്തിൽ പോലും പ്രവചനാതീതമാകും കാര്യങ്ങൾ. ഇൗ മത്സരവീര്യമാണ് യൂറോകപ്പിനെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്ന കാര്യങ്ങൾ. എങ്കിലും കിരീട ഫേവറിറ്റുകളായ ചില ടീമുകളുണ്ട്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇവരിൽ ഒരു ടീമാകും ഇത്തവണയും കപ്പിൽ മുത്തമിടുക.
ഫ്രഞ്ച് വിപ്ലവം ആവർത്തിക്കുമോ?
താരപ്രഭയും സമീപകാല പ്രകടനവും പരിശോധിച്ചാൽ നിലവിലെ ലോക ജേതാക്കളായ ഫ്രാൻസിനോളം ശക്തരായ മറ്റൊരു ടീമുമില്ല യൂറോയിൽ. ലോകകപ്പിൽ നിർത്തിയിടത്തുനിന്നാണ് ഫ്രാൻസ് യൂറോയിൽ തുടങ്ങുക. കഴിഞ്ഞ യൂറോ ഫൈനലിൽ പോർച്ചുഗലിനോടേറ്റ പരാജയത്തിന് കണക്കുതീർക്കുക എന്ന ഉദ്ദേശ്യവുമുണ്ട്. കഴിഞ്ഞ ദിവസം വെയിൽസിനെതിരായി നടന്ന സന്നാഹ മത്സരത്തിൽ അതിെൻറ സൂചന അവർ നൽകുകയും ചെയ്തു. ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു ടീമിെൻറ ജയം. ലോകകിരീടത്തിലേക്ക് ടീമിനെ നയിച്ച മുൻ ദേശീയ താരം കൂടിയായ ദിദിയർ ദെഷാംപ്സിന് കീഴിലാണ് ഇക്കുറിയും ഫ്രാൻസ് അണിനിരക്കുന്നത്.
വേഗതയും കരുത്തും കളി മികവും ഒത്തുചേർന്ന, ആഫ്രിക്കൻ വംശജരായ ഒരുപിടി താരങ്ങളാണ് ഇത്തവണയും ഫ്രാൻസിെൻറ നെട്ടല്ല്. ഇക്കുറി ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിേലക്ക് നയിച്ച എൻഗോളോ കാന്‍റെറ എന്ന മധ്യനിരയിലെ ഇന്ദ്രജാലക്കാരൻ തന്നെയാകും ടീമിെൻറ കൂന്തുമുന. കാന്‍റെയെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും മികച്ച നേട്ടത്തിലേക്കുള്ള നിർണായക ചുവട് കൂടിയാകും യൂറോ കപ്പ്. അഥവാ, യൂറോ കപ്പ് ഫ്രാൻസ് നേടിയാൽ ഇക്കുറി ബാലൻ ദ ഒാറും ഫിഫ ദി ബെസ്റ്റും യുവേഫ ഫുട്ബാളർ ഒാഫ് ദി ഇയറും അടക്കം പുരസ്കാരങ്ങൾ കാെൻറയെ തേടിയെത്തുമെന്നുറപ്പാണ്.
ദീർഘകാലത്തെ ഇടവേളക്ക് ശേഷം കരീം ബെൻസമക്ക് ദേശീയ കളിക്കുപ്പായത്തിൽ തിരിച്ചെത്താൻ അവസരം ലഭിച്ചത് യൂറോയുടെ വരവോടെയാണ്. റയൽമാഡ്രിഡിന് വേണ്ടി സീസണിൽ ഗോളുകൾ അടിച്ചുകൂട്ടിയ ബെൻസമെക്ക് ദഷാംപ്സ് ആദ്യ പതിനൊന്നിൽ ഇടം നൽകുമെന്നു തന്നെയാണ് കരുതുന്നത്. ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്കായി പതിവ് ഫോമിലുള്ള കിലിയൻ എംബാപ്പേ, ബാഴ്സലോണയിൽ ശരാശരി എങ്കിലും ദേശീയ കുപ്പായത്തിൽ എപ്പോഴും മിന്നിത്തിളങ്ങുന്ന ആേൻറായിൻ ഗ്രിൻസ്മാൻ, കിങ്സ്ലി കോമൻ, ബാഴ്സയുടെ തന്നെ ഉസ്മാൻ ഡെംബലേ എന്നിവർ മുന്നേറ്റത്തിൽ അണിനിരക്കും. മധ്യ നിരയിൽ കാൻറക്ക് പുറമെ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ പോൾ പോഗ്ബ കൂടിയുണ്ടാകും കളി മെനയാൻ. റഫാൽ വരാനെയും പവാർഡും കിംപബെയുമടങ്ങുന്ന പ്രതിരോധ നിരയും കരുത്തരാണ്. ടോട്ടൻഹാമിെൻറ ഹ്യൂഗോ ലോറിസാണ് ലോകകപ്പിലെന്ന പോലെ ഗോൾവല കാക്കുന്നതും ടീമിനെ നയിക്കുന്നതും. നിലവിലെ ജേതാക്കളായ പോർച്ചുഗലും ജർമനിയും ഹംഗറിയുമടങ്ങുന്ന മരണഗ്രൂപ്പിലാണ് ഫ്രാൻസുള്ളത് എന്നതിനാൽ, ലോകകപ്പിനെക്കാളും ദുഷ്കരമാകും ഫ്രാൻസിന് ഇക്കുറി യൂറോ.
സുവർണ ബെൽജിയം
ഫിഫ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ബെൽജിയത്തിന് ഇത്തവണ കപ്പിൽ കുറഞ്ഞ ലക്ഷ്യങ്ങളില്ല. 2018 ലോകകപ്പിൽ നന്നായി കളിച്ചിട്ടും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടണ്ടേ വന്നവരാണ് അവർ. സെമിയിൽ ഫ്രാൻസിനോട് ഒറ്റഗോളിന് വീണുപോയി അവർ. ലോകകപ്പിലെ മിന്നും പ്രകടനത്തിലേക്ക് ടീമിനെ നയിച്ച സുവർണ തലമുറ തന്നെയാണ് യൂറോ കപ്പിലും ടീമിനെ മുന്നിൽനിന്ന് നയിക്കുന്നത്. 1980 ലെ രണ്ടാം സ്ഥാനമാണ് യൂറോയിലെ ടീമിെൻറ എടുത്തുപറയാവുന്ന നേട്ടം.
ടീമിലെ എല്ലാവരും അവരവരുടെ ലീഗിലെ മികവുറ്റ താരങ്ങളാണ്. മാഞ്ചസ്റ്റർ സിറ്റിയെ ഇക്കുറി പ്രീമിയർ ലീഗ് കിരീടത്തിലേക്കും ചാമ്പ്യൻസ്ലീഗ് ഫൈനലിലേക്കും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെവിൻ ഡിബ്രൂയ്നെ ആണ് ടീമിെൻറ കരുത്തും കരളും. ഒരേ സമയം കളി മെനയാനും അവസരങ്ങൾ സൃഷ്ടിക്കാനും അവശ്യഘട്ടത്തിൽ ഗോളും അസിസ്റ്റും കണ്ടെത്താനും ഡ്രിബ്രൂയ്നെക്ക് സാധിക്കുന്നു. പ്രീമിയർ ലീഗിൽ ആറു ഗോളും 12 അസിസ്റ്റുകളും കണ്ടെത്തിയ താരം ചാമ്പ്യൻസ്ലീഗ് ഫൈനലിൽ പരിക്കേറ്റ് പുറത്തായിരുന്നു.
പരിക്ക് സാരമുള്ളതല്ലെന്നും താരം ടീമിനൊപ്പം ചേരുമെന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇറ്റാലിയൻ സീരി എയിൽ മിന്നും ഫോമിലുള്ള റൊമേലു ലുക്കാക്കുവാണ് മറ്റൊരു പ്രമുഖൻ. സീരി എയിലെ പോയ സീസണിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ലുക്കാക്കുവാണ്. ലോകകപ്പിൽ ബെൽജിയത്തിെൻറ നെട്ടല്ലായിരുന്ന ഏദൻ ഹസാഡ് ഇക്കുറി ടീമിനൊപ്പമുണ്ടെങ്കിലും പരിക്കും ഫോമില്ലായ്മയും താരത്തെ അലട്ടുന്നുണ്ട്.
റയലിൽ ഹസാഡിെൻറ സഹതാരവും ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവുമായ ടിബോ കോർേട്ടാ എന്ന വൻമരം ഗോൾവല കാക്കാനെത്തുേമ്പാൾ പരിശീലകൻ റോബർേട്ടാ മാർട്ടിനസിന് അധികം സമ്മർദം അനുഭവിക്കേണ്ടി വരില്ല. യൂറോ യോഗ്യത മത്സരങ്ങളിൽ പത്തിൽ പത്തു കളികളും ജയിച്ച ടീം അടിച്ചുകൂട്ടിയത് നാൽപത് ഗോളുകളാണ്. വഴങ്ങിയതാവെട്ട മൂന്നേ മൂന്ന് ഗോളുകൾ മാത്രവും. ഗ്രൂപ്പ് ബിയിൽ ഡെൻമാർക്ക്, ഫിൻലാൻഡ്, റഷ്യ ടീമുകളാണ് ബെൽജിയത്തിന് എതിരാളികളായുള്ളത്. അതിനാൽ തന്നെ ടീമിനെ സംബന്ധിച്ച് ഗ്രൂപ്പ് ഘട്ടം അത്ര വലിയ വെല്ലുവിളിയല്ല.
CR 7നും പോർച്ചുഗലും
ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ അവസാന യൂറോകപ്പാകുമോ 2021 ലേത് ? ക്രിസ്റ്റ്യാനോ ആയുതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല എന്നെതത്രെ സത്യം. റോണോ അടുത്ത യൂറോ കളിച്ചാലും ഇല്ലെങ്കിലും ഇത്തവണ കിരീടം നിലനിർത്തുക എന്നതിൽ കവിഞ്ഞ ലക്ഷ്യങ്ങളൊന്നും പറങ്കിപ്പടക്കില്ല. പ്രഥമ യുവേഫ നാഷൻസ് ലീഗ് കിരീടം കൂടി ഷെൽഫിലെത്തിച്ചതിെൻറ ആത്മവിശ്വാസം അവർക്കുണ്ട്.
ക്രിസ്റ്റ്യാനോയുടെ മികവിനൊപ്പം ഫെർണാണ്ടോ സാേൻറാസ് എന്ന സൂപ്പർ പരിശീലകെൻറ തന്ത്രങ്ങൾ കൂടി ചേരുേമ്പാൾ പോർച്ചുഗീസുകാർക്ക് ആത്മവിശ്വാസം വർധിക്കും. 2014 മുതൽ ടീമിനെ പരിശീലിപ്പിക്കുന്നത് സാേൻറാസ് ആണ്. ക്രിസ്റ്റ്യാനോ എന്ന ഒറ്റൊരാളിൽ കേന്ദ്രീകരിച്ച് മുന്നേറിയിരുന്ന പോർച്ചുഗൽ സംഘത്തെ ഒത്തിണക്കമുള്ള ടീമായി പരിവർത്തിപ്പിച്ചത് അദ്ദേഹമായിരുന്നു. യുവേഫ നാഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോ ഇല്ലാതെയാണ് ടീം സെമി വരെയെത്തിയത്. റൊണോൾഡോക്കൊപ്പം ജാവോ ഫെലിക്സ്, ഡിയാഗോ ജോട്ട, ആന്ദ്രെ സിൽവ എന്നിവരടങ്ങുന്ന മുന്നേറ്റനിര ശക്തം.
യുനൈറ്റഡിനായി കളിമെനയുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ബ്രൂണോ ഫെർണാണ്ടസ്, മാഞ്ചസ്റ്റർ സിറ്റിയിൽ പഴയ ഫോമില്ലെങ്കിലും നന്നായി കളിക്കുന്ന ബെർണാഡോ സിൽവ, വില്യം കാർവാലോ, ഡാനിലോ പെരേര, ജാവോ മുട്ടീന്യോ, റെനാറ്റോ സാഞ്ചസ് എന്നിവരടങ്ങിയ മധ്യനിര കരുത്തർ തന്നെ.
പ്രതിരോധത്തിൽ ഇളകാപാറയായി തുടരുന്ന വെറ്ററൻ പെപ്പെയുടെ സാന്നിധ്യം ഇക്കുറിയും ടീമിനൊപ്പമുണ്ട്. ഒപ്പം പ്രീമിയർ ലീഗിൽ ഇത്തവണ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റൂബൻ ഡയസ് കൂടി ചേരുേമ്പാൾ പ്രതിരോധം കനക്കും. ക്രിസ്റ്റ്യാനോ റൊണോൾഡോക്ക് ശേഷം ഇതാദ്യമായാണ് ഇൗ പുരസ്കാരം ഒരു പോർച്ചുഗൽ താരത്തെ തേടിയെത്തുന്നത്. ബാഴ്സലോണയിൽനിന്ന് കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ വൂൾവ്സിലേക്ക് കൂട് മാറിയ നെൽസെൺ സെമേഡോ, ജാവോ കാൻസലോ, റഫേൽ ഗരീറോ തുടങ്ങിയവർ ഉൾപ്പെടുന്ന പ്രതിരോധ നിരയും മികവുറ്റവർ തന്നെ.
റൂയി പാട്രീഷ്യയാകും ഒന്നാം ഗോൾകീപ്പർ. പക്ഷേ, ഫ്രാൻസും ജർമനിയും ഹംഗറിയുമടങ്ങുന്ന ഗ്രൂപ് എഫിലെ മരണപോരുകൾ കടന്ന് നോക്കൗട്ടിൽ കടക്കുക എന്നതാകും ടീമിെൻറ വെല്ലുവിളി. കഴിഞ്ഞ ദിവസം സ്പെയിനെതിരായ സന്നാഹ മത്സരത്തിലെ ദയനീയ പ്രകടനം ആരാധകർക്ക് വലിയ ഷോക്കാണ് നൽകിയത്. ഇതിനെ മറികടന്ന് ടീം മുന്നേറുമെന്നാണ് പ്രതീക്ഷ.
സ്പെയിനിെൻറ പുതുനിര
കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി സ്പാനിഷ് ടീമിെൻറ പ്രതിരോധക്കോട്ട കാത്ത നായകൻ സെർജിയോ റാമോസില്ലാതെയാണ് ലൂയി എൻറിക്വെയുടെ പരിശീലകത്വത്തിൽ സ്പെയിൻ യൂറോക്ക് എത്തുന്നത്. ഇടക്കാലത്ത് വ്യക്തിപരമായ കാരണങ്ങളാൽ പരിശീലക സ്ഥാനം ഒഴിഞ്ഞ എൻറിക്വെ തിരിച്ചുവന്ന ശേഷം യുവനിരക്ക് പ്രാധാന്യം നൽകിയുള്ള ടീമിനെ വാർത്തെടുക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പോർച്ചുഗലിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ അത് കാണുകയും ചെയ്തു.
ക്രിസ്റ്റ്യാനോ റെണാൾഡോ നയിച്ച നിലവിലെ ജേതാക്കൾ കൂടിയായ പോർച്ചുഗലിന് പന്തുതൊടാൻ പോലും അവസരം നൽകാതെയാണ് സ്പെയിനിെൻറ പുതുനിര കളി നയിച്ചത്. മികച്ച മുന്നേറ്റങ്ങൾ നടത്താനായെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ മുന്നേറ്റ നിരക്ക് സാധിച്ചില്ല എന്ന പരിമിതിയുമുണ്ട്. ബാഴ്സലോണക്കെന്ന പോലെ സ്പെയിനിെൻറയും പവർ എഞ്ചിൻ മധ്യനിരയിൽ കളി മെനയുന്ന സെർജി ബുസ്ക്വിറ്റ്സ് എന്ന ഭാവനാസമ്പന്നൻ ആണ്. എങകിലും ടൂർണമെന്‍റിന് കിക്കോഫുയരും മുേമ്പ ബുസ്ക്വിറ്റ്സിന് കോവിഡ് ബാധിച്ചത് ടീമിനെ ആശങ്കയിലേക്ക് നടത്തിയിട്ടുണ്ട്.
യൂറോയിലും ബുസ്കി സ്പാനിഷ് പടയുടെ മധ്യനിര നിയന്ത്രിച്ചേക്കും. ആൽവാരോ മൊറാട്ടയും ജേറാദ് മൊറീന്യോയും നയിക്കുന്ന മുന്നേറ്റ നിര ഗാലറിയിൽ ഒാളങ്ങൾ സൃഷ്ടിക്കാൻ പോന്നവരാണ്. പ്രതിരോധത്തിൽ ബാഴ്സലോണ അടുത്തിടെ സൈൻ ചെയ്ത എറിക്ക് ഗാർഷ്യ, ബാഴ്സയുടെ തന്നെ ജോർഡി ആൽബ, ചാമ്പ്യൻസ്ലീഗ് കിരീട മികവിലെത്തുന്ന സെസാർ ആസ്പിലിക്യൂയേറ്റ എന്നിവരുണ്ടാകും. ഉനായ് സിമോനോ പരിചയസമ്പന്നനായ ഡേവിഡ് ഡി ഗിയയോ ഗോൾവല കാക്കും. ഗ്രൂപ്പ് 'ഇ' യിൽ സ്ലോവാക്യ, പോളണ്ട്, സ്വീഡൻ എന്നീ ടീമുകളാണ് എതിരാളികൾ.
അഭിമാനം തിരിച്ചുപിടിക്കാൻ അസൂറിപ്പട
2006 ലോകജേതാക്കളായ ഇറ്റലി അപമാനത്തിെൻറ പടുകുഴിയിൽനിന്നാണ് തിരിച്ചുവരവിനൊരുങ്ങുന്നത്. 2018 ലെ ലോകകപ്പിന് യോഗ്യത പോലും നേടാനാകാതെ പോയ ആ ഇറ്റലിയല്ല ഇക്കുറി യൂറോക്കിറങ്ങുന്നത്. േറാബർേട്ടാ മാൻസീനിക്ക് കീഴിൽ അടിമുടി പൊളിച്ചുവാർക്കൽ ടീമിനകത്ത് നടന്നു. യൂറോ യോഗ്യത മത്സരങ്ങളിലെ ടീമിെൻറ പ്രകടനം വിലയിരുത്തിയാൽ മതി അത് മനസ്സിലാകാൻ. പത്തിൽ പത്തും ജയിച്ചാണ് അവർ യൂറോക്കെത്തുന്നത്.
ഇൗ വർഷം നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിലും വിജയക്കുതിപ്പ് തുടർന്നു. ലാസിയോയുടെ ഗോളടിയന്ത്രം സീറോ ഇമ്മോബിലെ, യുവൻറസിെൻറ ഫെഡറിക്കോ കിയേസ, നാപോളിയുടെ ലോറെൻസോ ഇൻസീനേ എന്നിവരാണ് മുന്നേറ്റത്തിൽ ടീമിെൻറ കരുത്ത്. പ്രതിരോധത്തിൽ പരിചയസമ്പന്നരായ ലിയനാഡോ ബൊനൂച്ചി, ജിയോർജിയോ ചെല്ലീനി എന്നിവർക്കൊപ്പം േഫ്ലാറൻസിയും എമേഴ്സണും അണിനിരന്നേക്കും. ജോർജീന്യോയും മാർക്കോ വെറാട്ടിയും ഒരുമിക്കുന്ന മധ്യനിര മികവ് നിലനിർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സീരി എയിലെ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട എ.സി മിലാെൻറ ഡോണറുമ്മ ആകും ഗോൾവല കാക്കുക.
പ്രീമിയർ ഇംഗ്ലണ്ട്
പ്രീമിയർ ലീഗ് താരങ്ങളുടെ ആധിക്യം കൊണ്ട് മിന്നുന്ന ടീമാണ് ഇംഗ്ലണ്ട്. കഴിഞ്ഞ യൂറോയിൽ പ്രീ കോർട്ടറിൽ ദുർബലരായ െഎസ്ലൻറിനോട് ഏറ്റ തോൽവി ചില്ലറ നാണക്കേടൊന്നുമല്ല ടീമിനുണ്ടാക്കിയത്. രണ്ട് വർഷത്തിന് ശേഷം വന്ന ലോകകപ്പിൽ പക്ഷേ, ടീം സെമി വരെ മുന്നേറി. ലോകകപ്പിൽ ടോപ്സ്കോറായ ഹാരി കെയ്ൻ തന്നെയാണ് ഗാരെത് സൗത്ത്ഗേറ്റ് പരിശീലിപ്പിക്കുന്ന ടീമിെൻറ നായകൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം കുപ്പായത്തിൽ ടോപ്സ്കോററും ടോപ്പ് അസിസ്റ്റ് പ്രൊവൈഡറുമായി (23 ഗോൾ, 14 അസിസ്റ്റ്) മിന്നും േഫാമിലാണ് നായകൻ.
മിന്നും ഫോമിലുള്ള സിറ്റിയുടെ ഫിൽ ഫോഡൻ, സിറ്റിയുടെ റഹീം സ്റ്റർലിങ്, യുനൈറ്റഡിെൻറ മാർകോസ് റാഷ്ഫോഡ് എന്നിവരും കെയ്നിനൊപ്പമുണ്ടാകും. മധ്യനിരയിൽ ലിവർപൂളിെൻറ നായകൻ ജോർദൻ ഹെൻഡേഴ്സൻ, മേസൻ മൗണ്ട് എന്നിവരുണ്ട്. പിന്നിൽ ഉറച്ച കോട്ട തീർക്കാൻ ഹാരി മഗ്വയറും അലക്സാണ്ടർ ആർനോൾഡും കൈൽ വാക്കറും അടക്കമുള്ള താരനിര. ജോർദാൻ പിക്േഫാർഡ് തന്നെയാകും വല കാക്കാൻ സാധ്യത. സൗത്ഗേറ്റിന്റെ കീഴിലെത്തുന്ന ഇംഗ്ലണ്ട് കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഗ്രൂപ്പ് ഡിയിൽ കരുത്തരായ ക്രെയേഷ്യ, സ്കോട്ട്ലൻറ്, ചെക്ക് റിപ്പബ്ലിക് എന്നിവരാണ് ഇംഗ്ലണ്ടിെൻറ എതിരാളികൾ.
പ്രതാപം വീണ്ടെടുക്കാൻ ജർമനി
2014 ലെ ലോക ജേതാക്കൾക്ക് ഇതത്ര നല്ലകാലമല്ല. മാത്രമല്ല, പോയ വർഷം യുവേഷ നാഷൻസ് ലീഗിൽ സ്പെയിനോട് ഏകപക്ഷീയമായ ആറ് ഗോളിന് തോറ്റത് ടീമിനും ആരാധകർക്കും വലിയ നോവാണ് സമ്മാനിച്ചത്. ശേഷം ലോകകപ്പ് യോഗ്യത റൗണ്ടിൽ നോർത്ത് മാസിഡോണിയയോട് തോൽക്കുകയും ചെയ്തു. യൂറോ കപ്പിലാകെട്ട, മരണഗ്രൂപ്പായ എഫിൽ ഫ്രാൻസിനോടും പോർച്ചുഗലിനോടും ഹംഗറിയോടുമാണ് ടീമിന് എതിരിടേണ്ടത്.
ടീം എന്ന നിലക്ക് കാര്യങ്ങൾ അത്ര ശുഭകരമല്ലെങ്കിലും കളിക്കാെര ഒരോരുത്തരെയും എടുത്ത്നോക്കിയാൽ ആരും ചില്ലറക്കാരല്ല. 2014 ൽ ലോകജേതാക്കളായപ്പോൾ ടീമിലുണ്ടായിരുന്ന ക്യാപ്റ്റൻ മാനുവൽ നോയർ, തോമസ് മുള്ളർ, ടോണി ക്രൂസ്, മാറ്റ് ഹമ്മൽസ് തുടങ്ങിയവരെല്ലാം കരിയറിെൻറ വിടവാങ്ങൽ ഘട്ടത്തിലാണ്. എങ്കിലും കളി മികവിൽ പോയ സീസണിൽ ആരും പിന്നിലായിരുന്നില്ല. മുന്നേറ്റത്തിൽ സെർജി ഗനാബ്രിയും ചാമ്പ്യൻസ് ലീഗ് കിരീട തിളക്കത്തിൽ എത്തുന്ന ടിമോ വെർണറും ലോറി സനെയുമെല്ലാം പ്രതീക്ഷ നൽകുന്നുണ്ട്.
ടീം ജയിച്ചാലും തോറ്റാലും ജർമനി കടുത്ത ഒരു മാറ്റത്തിലേക്ക് കലെടുത്തുവെക്കുകയാകും യൂറോ കഴിയുന്നതോടെ. ഒന്നരപ്പതിറ്റാണ്ടായി ടീമിനെ പരിശീലിപ്പിക്കുന്ന യോക്കിം ലോയുടെ അവസാന ടൂർണമൻറ് ആണിത്. യൂറോ കിരീടത്തിൽ കുറഞ്ഞ വിടവാങ്ങൽ സമ്മാനം ലോ അർഹിക്കുന്നില്ല എന്നാകും ജർമൻ ആരാധകർ പറയുക. ബയേണിനെ തുടർകിരീടങ്ങളിലേക്ക് നയിച്ച ഹാൻസ് ഫ്ലിക്ക് ആണ് ടീമിെൻറ പുതിയ കോച്ച് ആയി വരുന്നത്. ഫ്ലിക്ക് തെൻറ ടീമിനൊപ്പമുള്ള പദ്ധതി രൂപപ്പെടുത്തുന്നതും ഇൗ ടൂർണമൻറിനെ മുൻനിർത്തിയാകും.
നെതർലാൻഡ്സും ക്രൊയേഷ്യയും
കിരീട പ്രതീക്ഷകൾ പങ്കുവെക്കുന്ന ടീമുകളാണ് നെതർലൻഡ്സും ക്രൊയേഷ്യയും. പ്രഥമയുവേഫ നാഷൻസ് ലീഗിലെ റണ്ണേഴ്സ്അപ്പ് ആയ നെതർലാൻഡ്സിെൻറ സമീപ കാല പ്രകടനം ഭേദപ്പെട്ടത് എന്നേ പറയാനാകൂ. 2014 ലോകകപ്പിനും 2016 യൂറോക്കും യോഗ്യത നേടാൻ പോലും സാധിക്കാതെ അപമാനത്തിെൻറ പടുകുഴിയിൽ ആയിരുന്ന ഒാറഞ്ച് പടയെ പുതുക്കിപ്പണിതത് റൊണാൾഡ് കൂമാൻ എന്ന പരിശീലകനായിരുന്നു.
ആര്യൻ റോബനും സ്നൈഡറും അടക്കമുള്ള സുവർണ തലമുറയുടെ സമ്പൂർണ പടിയിറക്കത്തോടെ കടന്നുവന്ന യുവനിരയുടെ കുരത്തിൽ ടീം പ്രഥമ യുവേഫ നേഷൻസ് ലീഗ് ഫൈനൽ വരെ കുതിച്ചെത്തി. അവിശ്വസനീയ തിരിച്ചുവരവായിരുന്നു അത്. പക്ഷേ, കൂമാെൻറ ബാഴ്സയിലേക്കുള്ള കൂടുമാറ്റം ഡച്ച് പടക്ക് ആ േഫ്ലാ നഷ്ടപ്പെടുത്തി. ശേഷമുള്ള മത്സരങ്ങൾ അതിെൻറ തെളിവാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ തുർക്കിയോട് 4^2 ന് തോറ്റതും അതിൽപെടും. വെർജിൽ വാൻഡൈക്ക് എന്ന പ്രതിരോധത്തിലെ വമ്പെൻറ അസ്സാന്നിധ്യമാണ് ടീമിനെ ഇക്കുറി ഏറെ അലോസരപ്പെടുത്തുന്നത്. പരിക്ക് മൂലമാണ് വാൻഡൈക്ക് സ്ക്വാഡിലില്ലാത്തത്.
ക്ലബിനും രാജ്യത്തിനുമായി ഉജ്ജ്വല ഫോമിലുള്ള ലിയോണിെൻറ െമംഫിസ് ഡീപോയൊണ് ടീമിെൻറ പ്രധാന കരുത്ത്. മധ്യനിരയിൽ ബാഴ്സലോണയുടെ ഫ്രാങ്കി ഡിയോങും ജോർജിന്യോ വിനാൾഡവും അടക്കമുള്ളവർ കളി മെനയാൻ മിടുക്കരാണ്. പ്രതിരോധത്തിൽ യുവൻറസിെൻറ മത്യാസ് ഡിലിറ്റും ഒാവൻ വിൻഡൽ അടക്കമുള്ളവർ നല്ല പ്രകടനം പുറത്തെടുത്താൽ എതിർ ടീം നന്നായി വിയർക്കും. ഫ്രാങ്ക് ഡിബോയർ ആണ് കോച്ച്. 1988 ലെ യൂറോ ജേതാക്കളാണ് നെതർലാൻഡ്സ്. ഗ്രൂപ്പ് സിയിൽ യുക്രെയ്നും ഒാസ്ട്രിയയും നോർത്ത് മാസിഡോണിയയുമാണ് ഡച്ചുകാരുടെ എതിരാളികൾ.
ലോകകപ്പ് ഫൈനലിലെ നഷ്ടത്തിന് യൂറോ കപ്പ് കൊണ്ട് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് ലൂക്കാ മോഡ്രിച്ചിെൻറ നേതൃത്വത്തിൽ ക്രൊയേഷ്യൻ സംഘം എത്തുന്നത്. യൂറോ കപ്പിൽ ക്വാർട്ടറിനപ്പുറം കടക്കാൻ ഇതുവരെ യോഗമുണ്ടായിട്ടില്ല ടീമിന്. 2018 ലെ പോലെ റയൽമാഡ്രിഡിെൻറ ലൂക്കാ മോഡ്രിച്ച് തന്നെയാണ് ടീമിെൻറ കരുത്ത്. ലോകകപ്പ് ടീമിലുണ്ടായിരുന്ന ഇവാൻ റാക്കിടിച്ചും മരിയോ മൻസൂക്കിച്ചും ദേശീയ ടീമിൽനിന്ന് വിരമിച്ചു. സിമെ വ്രസാൽകോ, ദെജാൻ ലോവ്റെൻ, ദൊമഗോജ് വിദ, ഇവാൻ പെരിസരിച്ച്, മാറ്റിയോ കൊവാസിച്ച് തുടങ്ങിയ താര നിര ടീമിലുണ്ട്. ലോകകപ്പിൽ ടീമിനെ പരിശീലിപ്പിച്ച സ്ലാറ്റ്കോ ദാലിച്ച് തന്നെയാണ് ലോക റാങ്കിങിൽ 14ാം സ്ഥാനത്തുള്ള ടീമിനെ പരിശീലിപ്പിക്കുന്നത്. ലോകകപ്പ് സെമിയിലെ പോലെ ഇംഗ്ലണ്ട് ആണ് ഗ്രൂപ്പ് ഡിയിലെ പ്രധാന എതിരാളികൾ. ചെക്ക് റിപ്പബ്ലിക്കും സ്കോട്ട്ലാൻറുമാണ് മറ്റു ഗ്രൂപ്പ് അംഗങ്ങൾ.
ആരെയും എഴുതിത്തള്ളാനാവില്ല
കിരീട സാധ്യത കൂടുതലും മേൽപറഞ്ഞ ടീമുകൾക്കെന്ന് പറയുേമ്പാഴും മറ്റു ചില ടീമുകളെയും എഴുതിത്തള്ളാനാവില്ല. അത്ഭുതകരമായ കുതിപ്പ് നടത്താൻ കെൽപ്പുള്ള ടീമുകൾ വേറെയുമുണ്ട്. ലോകറാങ്കിങിൽ പത്താം സ്ഥാനത്തുള്ള ഡെൻമാർക്ക് ആണ് അതിൽ പ്രധാനി. 1992 യൂറോ കിരീടം നേടി യൂറോപ്പിനെ ഞെട്ടിച്ചവരാണ് ഡാനിഷ് പട. ടൂർണമൻറിന് 10 ദിവസം മുന്നെ യൂഗോസ്ലാവിയക്ക് പകരമായി എത്തിയ ടീമായിരുന്നു അന്ന് ഡെൻമാർക്ക്. പക്ഷേ, ആ പാരമ്പര്യം തുടർന്നുവന്നവർക്ക് നിലനിർത്താനായില്ല. ഇൻറർമിലാെൻറ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ, ബാഴ്സലോണയുടെ സ്ട്രൈക്കർ മാർട്ടിൻ ബ്രാത്ത്വൈറ്റ് പോലുള്ള പ്രമുഖർ കാസ്പർ ജുൽമാൻഡ് പരിശീലിപ്പിക്കുന്ന ടീമിലുണ്ട്. യുവേഫ നാഷൻസ് ലീഗിെൻറ സെമി ഫൈനലിസ്റ്റുകളായ സ്വിറ്റ്സർലാൻഡ് ആണ് ഇൗ ഗണത്തിൽ പെടുത്താവുന്ന മറ്റൊരു ടീം.
2002 ലോകകപ്പിൽ സെമി വരെ നീണ്ട അത്ഭുതക്കുതിപ്പ് നടത്തിയ തുർക്കി സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുത്ത ടീമാണ്. പോയ യൂറോയിൽ സെമി ഫൈനലിൽ എത്തി ഞെട്ടിച്ച ടീമാണ് ഗാരെത് ബെയ്ലിെൻറ കരുത്തിലെത്തുന്ന വെയ്ൽസ്. സ്വിറ്റ്സർലാൻഡും തുർക്കിയും വെയ്ൽസും പക്ഷേ, പോരടിക്കുന്നത് ഗ്രൂപ്പ് എയിലാണ്. ലോകകപ്പിലും യൂറോ കപ്പിലുമെല്ലാം മിനിമം ഗ്യാരൻറി പെർഫോമൻസ് പുറത്തിറക്കാറുള്ള സ്വീഡൻ, റോബർട്ട് ലെവൻഡോസ്കിയുടെ ഒറ്റയാൾ കരുത്തിലെത്തുന്ന പോളണ്ട് ടീമുകളും ക്വാർട്ടർ വരെയെങ്കിലും മുന്നേറാൻ കരുത്തുള്ളവരാണ്. ഇവിരിലൊന്നും പെടാത്ത ഒരു ടീം അസാധ്യ മുന്നേറ്റം നടത്തിയാലും ഞെേട്ടണ്ടതില്ല. ആർക്കും എന്തും സംഭവിക്കാം, യൂറോയുടെ ചരിത്രം പറയുന്നത് അതാണ്. ശൂന്യതയിൽ നിന്നും കിരീടത്തിൽ മുത്തമിട്ട 2004ലെ ഗ്രീസിനെ എങ്ങനെ മറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.