ചങ്കിടിപ്പേറും, ഇനി തീപാറും പോരാട്ടങ്ങൾ; യൂറോ കപ്പ് പ്രീക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

ബെർലിൻ: യൂറോ ഫുട്ബാൾ ഗ്രൂപ് റൗണ്ട് പോരാട്ടങ്ങൾക്ക് അന്ത്യമായപ്പോൾ പ്രീ ക്വാർട്ടർ മത്സര ചിത്രം വ്യക്തമായി. ആറ് ഗ്രൂപ്പുകളിൽനിന്ന് ആദ്യ രണ്ട് സ്ഥാനക്കാരെന്ന നിലയിൽ 12ഉം മികച്ച നാല് മൂന്നാംസ്ഥാനക്കാരുമാണ് അവസാന 16ൽ ഇടംപിടിച്ചത്. ജർമനി, സ്പെയിൻ, ഇംഗ്ലണ്ട്, ഓസ്ട്രിയ, റുമാനിയ, പോർചുഗൽ എന്നിവയാണ് യഥാക്രമം എ മുതൽ ഇ വരെ ഗ്രൂപ് ജേതാക്കൾ.

സ്വിറ്റ്സർലൻഡ്, ഇറ്റലി, ഡെന്മാർക്, സ്ലൊവേനിയ, ഫ്രാൻസ്, ബെൽജിയം, തുർക്കിയ എന്നിവർ റണ്ണറപ്പുകളായും സ്ലൊവേനിയ (സി), നെതർലൻഡ്സ് (ഡി), സ്ലോവാക്യ (ഇ), ജോർജിയ (എഫ്) എന്നിവർ മൂന്നാം സ്ഥാനക്കാരായും മുന്നേറി. പ്രീക്വാർട്ടർ മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും.

ജർമനിക്ക് ഡെന്മാർക്ക്; ഫ്രാൻസിന് ബെൽജിയം

കിരീട ഫേവറിറ്റുകൾ തമ്മിൽ പ്രീക്വാർട്ടറിൽ നേരിട്ട് ഏറ്റുമുട്ടുന്നില്ല. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ശനിയാഴ്ച ആദ്യ കളിയിൽ സ്വിറ്റ്സർലൻഡിനെ നേരിടും. അന്നേദിവസം ആതിഥേയരായ ജർമനി ഡെന്മാർക്കുമായും പിറ്റേന്ന് സ്ലൊവാക്യയുമായി ഇംഗ്ലണ്ടും ഏറ്റുമുട്ടും. ജൂൺ 30ലെ രണ്ടാം മത്സരം സ്പെയിനും ജോർജിയയും തമ്മിലാണ്. ജൂലൈ ഒന്നിനാണ് ഫ്രാൻസ്-ബെൽജിയം പോരാട്ടം. പോർചുഗലിന് സ്ലൊവേനിയയും നെതർലൻഡ്സിന് റുമാനിയയും ഓസ്ട്രിയക്ക് തുർക്കിയയുമാണ് പ്രതിയോഗികൾ.

ക്രൊയേഷ്യ പോയി; യുക്രെയ്ന് യോഗമില്ല

മികച്ച നാല് മൂന്നാംസ്ഥാനക്കാരിൽ ഇടംപിടിച്ച് നോക്കൗട്ട് പ്രതീക്ഷിച്ച് ആറ് ടീമുകൾ രംഗത്തുണ്ടായിരുന്നു. നാല് വീതം പോയന്റുമായി നെതർലൻഡ്സ് (ഡി), ജോർജിയ (എഫ്), സ്ലോവാക്യ (ഇ) എന്നിവർ കടന്നപ്പോൾ ശേഷിച്ച സ്ഥാനത്തിനായി മൂന്ന് വീതം പോയന്റുള്ള സ്ലൊവേനിയ (സി), ഹംഗറി (എ) ടീമുകൾ തമ്മിലായി മത്സരം. ഒരേ പോയന്റ് വന്നാൽ പരിഗണിക്കാൻ വിവിധ ഘടകങ്ങളുണ്ടായിരുന്നു. ഗോൾ വ്യത്യാസം, അടിച്ച ഗോൾ, ജയം, ഡിസിപ്ലിനറി പോയന്റ് (കാർഡുകൾ അടിസ്ഥാനമാക്കി), ക്വാളിഫയർ റാങ്കിങ് എന്നിവ. ഹംഗറിയുടെ ഗോൾ വ്യത്യാസം പൂജ്യവും സ്ലൊവേനിയയുടെത് -3ഉം ആയപ്പോൾതന്നെ അക്കാര്യത്തിൽ തീരുമാനമായി. രണ്ട് പോയന്റ് മാത്രമുണ്ടായിരുന്ന ക്രൊയേഷ്യയുടെ കാര്യത്തിൽ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അതേസമയം, ഗ്രൂപ് സിയിൽ ഡെന്മാർക്കിന് മൂന്ന് പോയന്റേയുള്ളൂവെങ്കിലും രണ്ടാംസ്ഥാനക്കാരെന്ന നിലയിൽ നേരത്തേ കടന്നിരുന്നു. ഗ്രൂപ് ഇയിലെ യുക്രെയ്ന് നാല് പോയന്റുണ്ട്. പക്ഷേ, ലഭിച്ചത് നാലാംസ്ഥാനം മാത്രമായതിനാൽ പരിഗണിച്ചില്ല.

ചെക്ക് മടക്കി തുർക്കിയ; അരങ്ങേറ്റത്തിൽ ജോർജിയ

പോർചുഗലിന് പിന്നിൽ എഫ് ഗ്രൂപ്പിലെ റണ്ണറപ്പുകളെന്ന നിലയിൽ പ്രീക്വാർട്ടറിൽ കടക്കാൻ രണ്ട് ടീമുകൾ കച്ചകെട്ടിയിരുന്നു. തുർക്കിയയും ചെക് റിപ്പബ്ലിക്കും. ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം 2-1ന് തുർക്കിയക്കൊപ്പം നിന്നു. ഇതോടെ ആറ് പോയന്റുമായി തുർക്കിയ കടന്നു. ചെക്കിന്റെ സമ്പാദ്യം ഇതോടെ ഒരു പോയന്റിലൊതുങ്ങി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോർചുഗൽ അരങ്ങേറ്റക്കാരായ ജോർജിയയോട് ഞെട്ടിക്കുന്ന തോൽവിയും ഏറ്റുവാങ്ങി. എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച ജോർജിയ നാല് പോയന്റോടെ മികച്ച മൂന്നാംസ്ഥാനക്കാരിൽ ഒരു ടീമായി നോക്കൗട്ടിലേക്കും മുന്നേറി.

ഗ്രൂപ് ഇയിൽ നാലു ടീമുകൾക്കും തുല്യ സാധ്യതയായിരുന്നു. സ്ലോവാക്യ-റുമാനിയ മത്സരം 1-1ലും യുക്രെയ്ൻ-ബെൽജിയം പോര് 0-0ത്തിലും കലാശിച്ചു. ഇതോടെ നാല് ടീമുകൾക്കും നാല് വീതം പോയന്റ്. ഗോൾ വ്യത്യാസത്തിൽ ആദ്യ രണ്ട് സ്ഥാനക്കാരായി റുമാനിയയും ബെൽജിയവും മികച്ച മൂന്നാസ്ഥാനക്കാരിലൊരു ടീമായി സ്ലോവാക്യയും കടന്നപ്പോൾ നിർഭാഗ്യം യുക്രെയ്ന് പുറത്തേക്ക് വഴിതുറന്നു.

പ്രീക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

തിയതിസമയംമത്സരം
ജൂൺ 29രാത്രി 9.30

സ്വിറ്റ്സർലൻഡ് × ഇറ്റലി

ജൂൺ 30

പുലർച്ചെ 12.30ജർമനി × ഡെന്മാർക്ക്

ജൂൺ 30

രാത്രി 9.30

ഇംഗ്ലണ്ട് × സ്ലൊവാക്യ
ജൂലൈ 1

പുലർച്ചെ 12.30

സ്പെയിൻ × ജോർജിയ

ജൂലൈ 1

രാത്രി 9.30

ഫ്രാൻസ് × ബെൽജിയം

ജൂലൈ 2

പുലർച്ചെ 12.30

പോർച്ചുഗൽ × സ്ലൊവേനിയ

ജൂലൈ 2

രാത്രി 9.30

റുമാനിയ × നെതർലൻഡ്സ്

ജൂലൈ 3

പുലർച്ചെ 12.30

ഓസ്ട്രിയ × തുർക്കിയ
Tags:    
News Summary - euro cup pre quarter line up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.