ബെർലിൻ: മുൻനിര ടൂർണമെന്റുകളിൽ കിരീടത്തോടടുക്കുമ്പോൾ കാലിടറുന്നതാണ് ഏറെയായി ഇംഗ്ലീഷ് സംഘത്തിന്റെ നടപ്പുരീതി. 2020ൽ യൂറോ കപ്പ് ഫൈനൽ വരെയെത്തിയവർക്ക് ഇത്തവണ പക്ഷേ, കപ്പുയർത്തുന്നതിൽ കുറഞ്ഞതൊന്നും ആരാധകർ സമ്മതിക്കില്ല. ജർമൻ മൈതാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും മികച്ച കളി പുറത്തെടുത്തെന്നു പറയാനാകില്ലെങ്കിലും ഗ്രൂപ് സിയിൽ ടീം തോൽവിയറിയാതെ ഒന്നാമന്മാരായാണ് യോഗ്യത ഘട്ടം പിന്നിട്ടത്. ഫ്രാൻസ്, സ്പെയിൻ, ജർമനി, പോർചുഗൽ ടീമുകളും തോൽവിയറിയാതെ നോക്കൗട്ടിലെത്തിയവരാണ്. ഗ്രൂപ് ഘട്ടത്തിൽ സെർബിയ, ഡെന്മാർക്, സ്ലൊവീനിയ എന്നിവരായിരുന്നു എതിരാളികൾ.
സെർബിയക്കെതിരെ ജയത്തോടെ തുടങ്ങിയവർ ഡെന്മാർക്, സ്ലൊവീനിയ എന്നിവയുമായി സമനിലയിൽ മടങ്ങി. ടീം ഓരോ കളിയിലും കൂടുതൽ മോശമായെന്ന തോന്നൽ വന്നതോടെ അവസാനം െസ്ലാവീനിയക്കെതിരായ കളിയിൽ കൂക്കിവിളിച്ചും കുപ്പികളെറിഞ്ഞും ആരാധകർ രോഷം പരസ്യമാക്കിയിരുന്നു. ഇവ മറികടക്കാൻ ഇരട്ട എൻജിനുമായി ടീം കളി നയിക്കുമെന്ന പ്രതീക്ഷയിലാണ് കോച്ച് ഗാരെത് സൗത്ഗേറ്റ്. 2020ലെ യൂറോയിൽ പ്രീ ക്വാർട്ടറിൽ ജർമനിയെ കടന്നായിരുന്നു ടീമിന്റെ ഫൈനൽ യാത്ര. ഞായറാഴ്ച പക്ഷേ, സ്ലോവാക്യ അത്ര നിസ്സാരക്കാരല്ല. ഗ്രൂപ് ഘട്ടത്തിൽ ബെൽജിയത്തെ വീഴ്ത്തിയാണ് അവരുടെ വരവ്. നിർണായക മത്സരത്തിൽ റുമേനിയയെ സമനിലയിൽ പിടിച്ച് പ്രീക്വാർട്ടറിലെത്തിയ സംഘത്തിന് 1993ൽ രാജ്യം സ്വതന്ത്രമായ ശേഷം ആദ്യമായി അവസാന എട്ടിലെങ്കിലും എത്തണം. 2016ലും ടീം പ്രീക്വാർട്ടറിലെത്തിയിരുന്നെങ്കിലും അതിനപ്പുറത്തേക്ക് ഒരിക്കൽപോലും മുന്നേറിയിട്ടില്ല.
ഫിൽ ഫോഡൻ തിരികെയെത്തുന്ന ഇംഗ്ലീഷ് സംഘത്തിൽ ലൂക് ഷാ, കൗമാരതാരം കോബി മെയ്നൂ എന്നിവർക്ക് കോച്ച് അവസരം നൽകിയേക്കും. ഹാരി കെയ്ൻ നയിക്കുന്ന ആക്രമണം തന്നെയാകും വരും മത്സരത്തിലും ടീമിന്റെ കരുത്ത്. ഡെന്മാർക്കിനെതിരെ ഗോൾ കണ്ടെത്തിയ താരം ദേശീയ ജഴ്സിയിൽ 64 ഗോളുകളാണ് ഇതുവരെ കുറിച്ചത്. സ്ലോവാക്യക്കെതിരെ കളിച്ച ആറു വട്ടവും തോൽവിയറിഞ്ഞിട്ടില്ലെന്നതും ഇംഗ്ലണ്ടിന് അനുകൂലമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.