കണക്കുകളിൽ കൃത്രിമം ആരോപിച്ച് സീരി എയിൽ യുവന്റസിന്റെ 15 പോയിന്റ് കുറച്ച നടപടിയിൽ താത്കാലിക ഇളവ്. കഴിഞ്ഞ ജനുവരിയിൽ എടുത്ത നടപടി റദ്ദാക്കിയ രാജ്യത്തെ പരമോന്നത കായിക കോടതി വിഷയത്തിൽ വീണ്ടും വാദം കേൾക്കാൻ നിർദേശം നൽകി. യുവൻറസ് വാദം തോറ്റാൽ ഇതേ ശിഷ വീണ്ടും നടപ്പാകുമെന്ന ആശങ്കയുണ്ട്. ഇതോടൊപ്പം, ടോട്ടൻഹാം ഫുട്ബാൾ ഡയറക്ടർ ഫാബിയോ പരാറ്റിസിക്ക് ഏർപ്പെടുത്തിയ 30 മാസ വിലക്ക് കോടതി ശരി വെക്കുകയും ചെയ്തിട്ടുണ്ട്. ടോട്ടൻഹാം ചുമതലയിൽനിന്ന് പരാറ്റിസി നേരത്തെ വിട്ടുനിന്നിരുന്നു.
വിധിയെ തുടർന്ന്, യുവന്റസിനെതിരായ കേസ് ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ കോടതി മുമ്പാകെ വീണ്ടും വാദം കേൾക്കും. 2019- 2021 കാലയളവിൽ ക്ലബ് നടത്തിയ ട്രാൻസ്ഫറുകളുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ശിക്ഷക്ക് കാരണമായത്. കൃത്രിമമായി രേഖയുണ്ടാക്കിയെന്നായിരുന്നു കേസ്. ക്ലബ് ലൈസൻസിങ് ഉൾപ്പെടെ വിഷയങ്ങളിൽ യുവേഫ അന്വേഷണവും ക്ലബ് നേരിടുന്നുണ്ട്.
പോയിന്റ് നഷ്ടമായതിനെ തുടർന്ന് സീരി എ ആദ്യ നാലിൽനിന്ന് പുറത്തായിരുന്ന യുവന്റസ് നിലവിൽ മൂന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.