യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ലാമിൻ യമാൽ. കഴിഞ്ഞദിവസം ഗ്രൂപ്പ് എച്ചിൽ എഫ്.സി പോർട്ടോക്കെതിരായ മത്സരത്തിലാണ് ബാഴ്സലോണ താരം ഈ നേട്ടം സ്വന്തമാക്കിയത്.
ബാഴ്സക്കായി പ്ലെയിങ് ഇലവനിൽ കളത്തിലിറങ്ങുമ്പോൾ താരത്തിന് 16 വയസ്സും 83 ദിവസവും. ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയാണ്. ബൊറൂസിയ ഡോർട്ട്മുണ്ടിന്‍റെ യൂസുഫ മൗക്കോക്കോയുടെ പേരിലാണ് ഈ റെക്കോഡ്. 2020ൽ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിക്കുമ്പോൾ താരത്തിന്‍റെ പ്രായം 16 വയസ്സും 18 ദിവസവുമായിരുന്നു.
താരം മത്സരത്തിൽ പകരക്കാരനായാണ് കളത്തിലിറങ്ങിയത്. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളിന്‍റെ ബലത്തിലാണ് ബാഴ്സ മത്സരം ജയിച്ചുകയറിയത്. എന്നാൽ, മത്സരത്തിന്‍റെ 71ാം മിനിറ്റിൽ രസകരമായ ഒരു സംഭവം അരങ്ങേറി. എതിർ ടീം താരം പരിക്കേറ്റ് ഗ്രൗണ്ടിൽ കിടക്കുന്ന തക്കംനോക്കി ലാമിൻ പന്ത് ഗ്രൗണ്ടിനു പുറത്തേക്ക് അടിച്ച് ഒഴിവാക്കി. പിന്നാലെ താരം വേഗത്തിൽ ഗ്രൗണ്ട് വിട്ട് ഡ്രസിങ് റൂമിലേക്ക് ഓടുന്നതാണ് കണ്ടത്.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആരാധകരും താരത്തിനായി കാത്തിരുന്നു. ഇതിനിടെ മത്സരം പുനരാരംഭിക്കുകയും ബാഴ്സ പത്തുപേരിലേക്ക് ചുരുങ്ങുകയും ചെയ്തു. വേഗം താരം ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ പരിശീലകൻ സാവി ലാമിന് പകരക്കാരനെ ഇറക്കിയതുമില്ല. ഒമ്പതു മിനിറ്റ് കഴിഞ്ഞിട്ടും താരം മടങ്ങിവരാതായതോടെ 80ാം മിനിറ്റിൽ ലാമിന് പകരക്കാരനായി മാർകോ അലൊൻസോയെ കളത്തിലിറക്കി.
വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ താരം ടോയ്‍ലറ്റിലേക്ക് പോയതാണെന്ന് മത്സരശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സാവി വെളിപ്പെടുത്തിയതോടെയാണ് സംഗതി പുറംലോകം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.