ലണ്ടൻ: രണ്ടാം പകുതിയിൽ യൂറി ടീലെമെൻസ് നേടിയ ഏക ഗോളിന് നീലക്കുപ്പായക്കാരെ മുക്കി എഫ്.എ കപ്പ് മാറോടുചേർത്ത് ലെസ്റ്റർ സിറ്റി. ബ്രെൻഡൻ റോഡ്ജേഴ്സ് പരിശീലകനായി എത്തിയ ശേഷം കളിയേറെ മാറിയ ലെസ്റ്റർ സിറ്റി അതിവേഗ മുന്നേറ്റങ്ങളുമായി വെംബ്ലി മൈതാനത്ത് എതിരാളികളെ പിറകിലാക്കിയാണ് ചരിത്രത്തിലാദ്യമായി ചാമ്പ്യൻഷിപ്പ് നാട്ടിലെത്തിക്കുന്നത്.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 25 വാര അകലെനിന്ന് ബെൽജിയൻ താരം ടീലെമാൻസ് പായിച്ച ബുള്ളറ്റ് ഷോട്ട് ചെൽസി ഗോളി കെപ അരിസബലഗയെ കീഴടക്കി വലയുടെ മുകളറ്റം ചുംബിക്കുകയായിരുന്നു. ലോക്ഡൗണിനു ശേഷം കാണികൾക്ക് പ്രവേശനം അനുവദിച്ചുകിട്ടിയ മൈതാനത്ത് 21,000 പേരെ സാക്ഷി നിർത്തിയായിരുന്നു കിരീടധാരണം.
ഇരുവട്ടം ഗോളിനടുത്തെത്തിയ ചെൽസി താരങ്ങൾ ലെസ്റ്റർ ഗോളി കാസ്പർ ഷ്മിഷേലിെൻറ കണ്ണഞ്ചും സേവുകൾക്കു മുമ്പിൽ തോൽവി സമ്മതിച്ചു. മറുവശത്ത്, വെസ് മോർഗൻ സ്വന്തം പോസ്റ്റിലേക്കു പായിച്ച ഗോൾ വാറിൽ റഫറി വേണ്ടെന്നുവെക്കുകയും ചെയ്തു.
ചാമ്പ്യൻസ് ലീഗ് കലാശപ്പോരിന് ഇടമുറപ്പിച്ച ചെൽസി കിരീട ഡബ്ൾ സ്വന്തമാക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ സീസണിലും ടീം ഫൈനലിൽ തോൽവി സമ്മതിച്ചിരുന്നു. മറുവശത്ത്, പ്രിമിയർ ലീഗിൽ ആദ്യ നാലിലെത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുമെന്ന് ലെസ്റ്റർ ഏകദേശം ഉറപ്പാക്കുകയും ചെയ്തു. ഇതേ ടീമുകൾ തമ്മിൽ പ്രിമിയർ ലീഗിൽ അടുത്ത ദിവസം ഇറങ്ങുേമ്പാഴും പോരാട്ടം തീപാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.