ബുണ്ടസ്​ ലിഗയിൽ ലെവൻഡോവ്​സ്​കി കുതിക്കുന്നു; ബയേണും

ബെർലിൻ: ബുണ്ടസ്​ ലിഗയിൽ പിന്നെയും ഗോളടിച്ച്​ റെക്കോഡുകൾ അതിവേഗം തിരുത്തി റോബർ​ട്ട്​ ലെവൻഡോവ്​സ്​കി. വെർഡർ ബ്രെമനെതിരായ മത്സരം 3-1ന്​ ജയിച്ച ബയേൺ മ്യൂണിക്​ ഇതോടെ ബുണ്ടസ്​ ലിഗയിൽ ഒന്നാം സ്​ഥാനത്ത്​ വീണ്ടും പോയിന്‍റ് വ്യത്യാസം അഞ്ചാക്കി ഉയർത്തി.

ഒന്നാം പകുതിയിൽ ലിയോൺ ഗോരെട്​സ്​കയും (22ാം മിനിറ്റ്​) പിന്നീട്​ സെർജി നബ്​റിയും (35) തുടങ്ങിയ ഗോൾവേട്ടയാണ്​ രണ്ടാം പകുതിയിൽ ലെവൻഡോവ്​സ്​കി (67) പൂർത്തിയാക്കിയത്​. ദയനീയ തോൽവിക്കരികെ 85ാം മിനിറ്റിൽ ഒരു ഗോൾ മടക്കി ഫുൽക്രുഗ്​ വെർഡർ ബ്രെമൻ നിരയിൽ ആശ്വാസ ഗോൾ കണ്ടെത്തി. രണ്ടാം സ്​ഥാനത്തുള്ള ലീപ്​സിഷ്​ ഇന്ന്​ എയ്​ൻട്രാഷ്​ ഫ്രാങ്ക്​ഫുർട്ടിനെ തോൽപിച്ചാൽ പോയിന്‍റ്​ വ്യത്യാസം രണ്ടായി ചുരുങ്ങും.

ബ്രെമനിൽ വിരുന്നെത്തിയ ഹാൻസി ഫ്ലിക്കിന്‍റെ സംഘത്തിന്​ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ആ​തിഥേയർക്കായില്ല. എതിർ​േ​ഗാൾമുഖത്ത്​ നിരന്തരം അവസരങ്ങൾ തുറന്ന ലെവൻഡോവ്​സ്​കി പലവട്ടം ലക്ഷ്യത്തിനരികെയെത്തിയെങ്കിലും സ്വന്തം പേരിൽ ഈ സീസണിലെ 32ാം ഗോൾ പിറക്കാൻ രണ്ടാം പകുതിവരെ കാത്തുനിൽക്കേണ്ടിവന്നു.

ബുണ്ടസ്​ ലിഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഇനി ലെവൻഡോവ്​സ്​കിക്ക്​ മുന്നിൽ ഗേർഡ്​ മുള്ളർ മാത്രം. മുള്ളർ 365 ഗോളുകളുമായി ബഹുദൂരം മുന്നിലാണ്​. എന്നാൽ, ഓരോ സീസണിലും ഗോൾ എണ്ണം ശരാശരിക്കുമീതെ നിർത്തുന്ന ലെവൻഡോവ്​സ്​കി അതിവേഗം ലക്ഷ്യം പിന്നിടുമെന്ന്​ കരുതുന്നവർ അനവധി. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടവും മുള്ളറുടെ പേരിലാണ്​- 40 എണ്ണം. ഇത്തവണ കളി പാതി വഴി പിന്നിട്ടുനിൽക്കെ 32 ഗോളുകൾ സ്വന്തമാക്കിയ താരം ആ റെക്കോഡും ഈ സീസണിൽ മറികടക്കുമെന്നുതന്നെയാണ്​ കണക്കുകൂട്ടൽ.

രണ്ടാമത്തെ കളിയിൽ ഹെർത ബെർലിനെ ഏകപക്ഷീയമായ രണ്ടു ഗോളിന്​ വീഴ്​ത്തി ബൊറൂസിയ ഡോർട്​മണ്ട്​ ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത പ്രതീക്ഷകൾ വീണ്ടും ശക്​തമാക്കി. ജർമൻ മിഡ്​ഫീൽഡർ ജൂലിയൻ ബ്രാൻഡ്​റ്റും 16കാരനായ കൗമാര താരം യൂസുഫ മൂകോകുവുമാണ്​ ഡോർട്​മണ്ടിനായി ലക്ഷ്യം കണ്ടത്​. മറ്റു കളികളിൽ വുൾവ്​സ്​ബർഗ്​ ഏകപക്ഷീയമായ അഞ്ചു ഗോളിന്​ ഷാൽക്കെയെയും മെയ്​ൻസ്​ എതിരില്ലാത്ത ഒരു ഗോളിന്​ ഫ്രീബർഗിനെയും തോൽപിച്ചു. 

Tags:    
News Summary - Lewandowski gets 32nd Bundesliga goal, Bayern beats Bremen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.