ഫ്ലോറിഡ: കോപ അമേരിക്ക കലാശപ്പോരിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് കളംവിട്ട അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ ദൃശ്യങ്ങൾ ആരാധകരെ കണ്ണീരണിയിച്ചു.
35ാം മിനിറ്റിൽ കൊളംബിയൻ ബോക്സിനുള്ളിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ വീണാണ് വലതുകാലിൽ പരിക്കറ്റത്. ടെച്ച് ലൈനിൽ നിന്ന് ഷോട്ടുതിർക്കാൻ ശ്രമിച്ച മെസ്സിയെ കൊളംബിയൻ താരം സാന്റിയാഗോ ഏരിയാസ് പരുക്കൻ ടാക്ലിങിലൂടെ വീഴ്ത്തുകയായിരുന്നു.
വേദനകൊണ്ട് പുളയുന്ന മെസ്സിയെ ദൃശ്യങ്ങളിൽ കാണാമെങ്കിലും അൽപ സമയത്തിനകം മെസ്സി ഗ്രൗണ്ടിൽ തിരിച്ചെത്തി. രണ്ടാം പകുതിയിലും കളി തുടർന്ന മെസ്സിക്ക് 63ാം മിനിറ്റ് വരെയെ കളിക്കാൻ കഴിഞ്ഞുള്ളൂ. പന്തിന് പിറകെ ഓടാൻ ശ്രമിച്ച മെസ്സി വേദനകൊണ്ട് ഗ്രൗണ്ടിൽ വീണു. തുടർന്ന് സൂപ്പർതാരത്തെ പിൻവലിക്കാൻ സ്കലോനി തയാറാകുകയായിരുന്നു.
കണ്ണീരോടെ കളം വിട്ട മെസ്സി ഡഗ്രൗട്ടിലിരുന്നും പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ ആരാധകരെയും കണ്ണീരണിയിച്ചു.
ആദ്യപകുതിയിൽ മികച്ച മുന്നേറ്റങ്ങളുമായി കൊളംബിയയാണ് ഒരുപടി മുന്നിൽനിന്നത്. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ അർജന്റീന എതിർ ഗോൾമുഖത്ത് ഭീതി വിതച്ചു. വലതു വിങ്ങിൽനിന്ന് മോണ്ടിയേൽ നൽകിയ ക്രോസ് അൽവാരസ് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്കായിരുന്നു. ആറാം മിനിറ്റിലാണ് കൊളംബിയയുടെ മികച്ച മുന്നേറ്റം കണ്ടത്. എന്നാൽ, ലൂയിസ് ഡയസിന്റെ ലോങ് ഷോട്ട് എമിലിയാനോ മാർട്ടിനസ് അനായാസം കൈയിലൊതുക്കി. തുടർന്നും അർജന്റീന ബോക്സിലേക്ക് പലതവണ കൊളംബിയൻ താരങ്ങൾ ഇരച്ചുകയറി. ഇതിനിടെ കൊർദോബയുടെ ഷോട്ട് പോസ്റ്റിനോട് ചേർന്നാണ് പുറത്തുപോയത്. കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അർജന്റീനക്ക് ഭീഷണിയുയർത്തി.
20ാം മിനിറ്റിൽ അർജന്റീനയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ഡി മരിയയുടെ ഡ്രൈവിൽനിന്ന് മെസ്സി പോസ്റ്റിന് നേരെ ഷോട്ടുതിർത്തെങ്കിലും അർജന്റീന താരത്തിന്റെ കാലിൽതട്ടി പുറത്തായി. 33ാം മിനിറ്റിൽ കൊളംബിയ അക്കൗണ്ട് തുറന്നെന്ന് തോന്നിച്ചു. എന്നാൽ, ജെഫേഴ്സൺ ലെർമയുടെ ഉശിരൻ ലോങ് റേഞ്ചർ എമിലിയാനോ മാർട്ടിനസ് മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി. ഉടൻ അർജന്റീന താരങ്ങളുടെ കൂട്ടമായ മുന്നേറ്റത്തിനൊടുവിൽ മെസ്സി പരിക്കേറ്റ് വീണത് ആശങ്ക പരത്തി. ബോക്സിലേക്ക് ക്രോസ് നൽകാനുള്ള മെസ്സിയുടെ നീക്കം തടയാനുള്ള സാന്റിയാഗോ ആരിയാസിന്റെ ശ്രമത്തിൽ ചവിട്ടേറ്റ മെസ്സി വേദനയിൽ പുളഞ്ഞു. ആശങ്കക്കൊടുവിൽ താരം കളത്തിൽ തുടർന്നത് അർജന്റീന ക്യാമ്പിന് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.