അർജൻറീനയെന്ന് കേൾക്കുന്നതിന് മുമ്പ് ഡീഗോ മറഡോണ എന്ന പേരാണ് ആദ്യം കേട്ടത്. ഹൈസ്കൂളിൽ പഠിക്കുന്ന സമയത്താണത്. 1986ലെ ലോകകപ്പിനുപിന്നാലെയായിരുന്നു, പത്രത്താളുകളിൽ വായിച്ച അക്ഷരങ്ങളിൽനിന്ന് മറഡോണ അളന്നുകുറിച്ച മനോഹര പാസുമായി മനസ്സിനുള്ളിലേക്ക് ഡ്രിബ്ൾ ചെയ്തു കയറിയത്. കളിയോട് അതിരില്ലാത്ത പ്രണയം തോന്നിയ നാളുകളിൽ ഹൃദയത്തിൽ ഫുട്ബാളിെൻറ മുഹബ്ബത്ത് നിറച്ച മാന്ത്രികനായിരുന്നു എനിക്ക് മറഡോണ. കലയും കായികവുമടക്കം ഭൂമിയിലെ സകല പ്രതിഭാധനർക്കുമിടയിൽ ആദ്യം മനസ്സുകീഴടക്കിയ ആരാധ്യപുരുഷൻ.
പിന്നീട് കളിയെഴുത്തുകാരനായിമാറിയ ജോസൺ സ്കൂളിൽ സഹപാഠിയും ഉറ്റസുഹൃത്തുമായിരുന്നു. നന്നായി ചിത്രം വരക്കും ജോസൺ. സർവോപരി എന്നെപ്പോലൊരു ഫുട്ബാൾ ഭ്രാന്തനും. ഒരു ദിവസം ക്ലാസിൽവെച്ച് അവനോട് ആ ആഗ്രഹം അറിയിച്ചു. മറേഡാണയുടെ ഒരു ചിത്രം വരച്ചുതരുമോ? കുറുകിയ കാലുകളിൽ പന്തിനെ അസാമാന്യമായി നിയന്ത്രിച്ചു നിർത്തുന്ന ഡീഗോയുടെ മനോഹരചിത്രം ജോസൺ വരച്ചുതന്നു. അമൂല്യമായൊരു ഉപഹാരം കിട്ടിയ സന്തോഷമായിരുന്നു അപ്പോൾ.
വീട്ടിലെത്തി കിടപ്പുമുറിയിൽ ആ ചിത്രം ഒട്ടിച്ചുവെച്ചപ്പോൾ ഉള്ളിൽ അനൽപമായ ആവേശം നിറഞ്ഞു. ഉറങ്ങുേമ്പാഴും ഉണരുേമ്പാഴുമെല്ലാം ആ മരച്ചുമരിൽനിന്ന് ഡീഗോ എന്നെ നോക്കി വെളുക്കെ ചിരിച്ചു. ആകാശനീലിമയും വെള്ളയും വരകളുള്ള ആ കുപ്പായത്തിൽ ഡീഗോക്കൊപ്പമായി പിന്നീട് കളിയിലെ മനക്കോട്ടകളൊക്കെ. ഇറ്റാലിയ 90 ലോകകപ്പിൽ അർജൻറീനക്കൊപ്പം പ്രാർഥനാനിർഭരമായി നിലയുറപ്പിക്കാൻ പ്രേരണ ഡീഗോ മാത്രമായിരുന്നു. അർജൻറീനയുടെ മുഴുവൻ മത്സരങ്ങളും ഒരുമിനിറ്റുപോലും വിടാതെ കണ്ടുതീർക്കുേമ്പാൾ അവസാനം അയാളൊരു കണ്ണീരായി പടർന്നു. ആന്ദ്രേ ബ്രെഹ്മ പെനാൽറ്റി സ്പോട്ടിൽനിന്ന് തൊടുത്ത കിക്ക് സെർജിയോ ഗൊയ്ക്കോഷ്യയുടെ കൈകളിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ വലയുടെ വലതുമൂലയിലേക്ക് പാഞ്ഞുകയറുേമ്പാൾ സങ്കടപ്പെട്ടത് ഡീഗോക്ക് നഷ്ടമാകാൻ പോന്ന കിരീടത്തെക്കുറിച്ചോർത്ത് മാത്രമായിരുന്നു. ആ സങ്കടം പെയ്തുതീരാൻ ദിനരാത്രങ്ങളേറെയെടുത്തു.
ഇറ്റാലിയൻ മണ്ണിലെ വിശ്വകിരീടം ഡീഗോ അർഹിച്ചിരുന്നുവെന്ന ചിന്തകൾ ഒരുപാടുകാലം കൂടെക്കൊണ്ടുനടന്നു. 1986നു പിന്നാെല വീണ്ടും അയാളുടെ ഒറ്റയാൾപോരാട്ടം സ്വർണക്കപ്പിൽ തൊട്ടുനിൽക്കുമെന്ന തോന്നൽ തകർത്തത് ഫിഫയുടെ ആസുത്രിത നീക്കമായിരുന്നുവെന്ന വാദങ്ങളെ അത്രകണ്ട് പിന്തുണക്കുകയും ചെയ്തു. അമേരിക്ക വേദിയായ 1994 ലോകകപ്പിൽ ഉത്തേജക പരിശോധനയിൽ കുടുങ്ങി ഡീഗോ അയോഗ്യനാക്കെപ്പട്ടപ്പോൾ േതാന്നിയ നിരാശയുടെ ആഴം ഇന്നും മനസ്സിലുണ്ട്. അന്നും, അതിനുമുമ്പും പിമ്പുമെല്ലാം വിവാദങ്ങൾ ആ മനുഷ്യനൊപ്പം കുത്തിയൊലിച്ചൊഴുകിയിട്ടും അയാളെ വെറുക്കാൻ അതൊന്നും ഒരു കാരണമേ ആയിരുന്നില്ല. മരുന്നടിച്ചില്ലെങ്കിൽ ആ മനുഷ്യൻ എത്തിപ്പെടുമായിരുന്ന കൂടുതൽ ഉയരങ്ങളെക്കുറിച്ച നഷ്ടബോധമായിരുന്നു അപ്പോഴൊക്കെ മനസ്സിൽ നിറഞ്ഞത്.
പന്തുകളിക്കുേമ്പാെഴല്ലാം മനസ്സിൽ അയാളായിരുന്നു റോൾമോഡൽ. സ്കൂൾവിട്ട് വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുേമ്പാൾ കടലാസുകൊണ്ടുകെട്ടിയ പന്തിനെ വരുതിയിൽ നിർത്താൻ കൊതിച്ചത് അയാളെപ്പോലെയാകാനായിരുന്നു. സ്കൂൾ ഗ്രൗണ്ടിലെ ചരൽ നിറഞ്ഞ കൊച്ചുമൈതാനത്ത് റബർ പന്ത് തുള്ളിത്തെറിക്കുേമ്പാഴും വെള്ളക്കുപ്പിയെ കാലിൽ കൊരുക്കുന്ന ഡീഗോയുടെ മിടുക്കിനെക്കുറിച്ചായിരുന്നു ചിന്ത. കൊയ്ത്തുകഴിഞ്ഞ പാടത്ത് ഓരോ വരമ്പും ഡ്രിബ്ൾ ചെയ്തു കയറാൻ ശ്രമിക്കുേമ്പാൾ മനസ്സിൽ മറഡോണ പൂത്തുലഞ്ഞു. എതിർ ടീമിലെ അലിയെയും ഹമീദിനെമൊക്കെ ലോതർ മേത്തവൂസും യുർഗൻ ക്ലിൻസ്മാനുമൊക്കെയായി കണക്കുകൂട്ടി വെട്ടിയൊഴിയാൻ നിരന്തര ശ്രമം നടത്തിനോക്കി. ബനിയന് പുറത്ത് പേന കൊണ്ട് പത്താംനമ്പർ ആേലഖനം ചെയ്തു. ഗ്രൗണ്ടിലിറങ്ങി നെഞ്ചുവിരിച്ച് നടക്കുന്ന ഡീഗോയെപ്പോലെ, നടപ്പിലും എടുപ്പിലുമുള്ള അയാളുടെ മാനറിസങ്ങൾ വരെ പകർത്താൻ നോക്കി. മറഡോണ എന്ന് എഴുതുന്നതും പറയുന്നതുമായ എന്തും അകതാരിൽ അത്രയേറെ ആനന്ദം നിറച്ചു. അയാളെ പിന്തുടർന്ന് മനസ്സ് അർജൻറീനയും കടന്ന് ഇറ്റലിയിലെ നാപ്പോളിയിലുമെത്തി.
അയാളെപ്പോലെ, നൈസർഗിക ഫുട്ബാളിെൻറ ചെറിയ അംശങ്ങളുണ്ടെന്ന് തോന്നിക്കുന്നവരോടെല്ലാം വലിയ ഇഷ്ടം തോന്നി. എത്ര വളർന്നാലും മറേഡാണയാവില്ലെന്നറിയാമെങ്കിലും ഏരിയൽ ഒർട്ടേഗയും പാേബ്ലാ അയ്മറുമൊക്കെ കത്തിത്തെളിയുമെന്ന് വെറുതെയെങ്കിലും ആഗ്രഹിച്ചു. ബ്രസീലുകാരനായ റൊണാൾഡീന്യോയുടെ ചില ചുവടുകൾ മറഡോണയെ അനുസ്മരിപ്പിച്ചപ്പോൾ അയാളെയും ഇഷ്ടമായി. മലയാളത്തിെൻറ ആസിഫ് സഹീർ മുതൽ നാട്ടിൽ പുഞ്ചിരി മീനങ്ങാടിയുടെ ഉണ്ട ബഷീർ വരെ, കുറിയ ശരീരക്കാരും ക്രിയേറ്റിവ് ഫുട്ബാൾ പാദങ്ങളിൽ കൊരുത്തെടുത്തവരുമായ കളിക്കാരുടെ പദചലനങ്ങൾ കാണാൻ ഏറെ താൽപര്യം തോന്നി.
അഞ്ചടി അഞ്ചിഞ്ചിൽ ഡീഗോയുടെ ഫ്രീസ്റ്റൈൽ പാടവങ്ങൾ കണ്ടുതുടങ്ങിയ നാളുകളിലേ ഏറെ അതിശയം തോന്നിയിരുന്നു. പിന്നെപ്പിന്നെ, ഫ്രീസ്റ്റൈൽ ഫുട്ബാളിൽ അസാമാന്യമായി ജഗ്ൾ ചെയ്യുന്നവരും പന്തുകൊണ്ട് അമ്പരപ്പിക്കുന്ന വിദ്യകൾ കാട്ടുന്നവരുമൊന്നും എന്തേ മറഡോണയാകാത്തത്? എന്ന സംശയം ശക്തമായി. മറഡോണയെപ്പോലൊരാൾ ഇനിയുണ്ടാവില്ല എന്ന ധാരണ തന്നെയായിരുന്നു അതിനെല്ലാമുള്ള ഉത്തരം.
യൂറോപ്യൻ ഫുട്ബാൾ മലയാള മനസ്സുകളിലേക്ക് അധിനിവേശം നടത്തിയിട്ടില്ലാത്ത കാലത്ത് അർജൻറീന കുപ്പായത്തിലെ മറഡോണ തന്നെയായിരുന്നു ഹീറോ. ആ ഇഷ്ടം മറഡോണയുടെ നാടിനോടും തോന്നി. കാർലോസ് മെനമാണ് അവിടുത്തെ പ്രസിഡെൻറന്നറിഞ്ഞു. ബ്വേനസ് എയ്റിസും കൊർഡോബയും റൊസാരിയോയും ലാ പ്ലാറ്റയുമൊക്കെ കാലംപോകവെ, പരിചിതമായി തോന്നിത്തുടങ്ങി. സ്റ്റെഫി ഗ്രാഫും മാർട്ടിന നവരത്തിലോവയും അരാന്ത സാഞ്ചസും മോണിക്ക സെലസും ടെന്നിസ് കോർട്ടുകളിൽ വാണരുളിയ നാളുകളിൽ ഗബ്രിയേല സബാറ്റിനിയായി പ്രിയതാരം. എല്ലാറ്റിനും അയാൾ മാത്രമായിരുന്നു വഴികാട്ടിയത്. അയാളോടു തോന്നിയ താൽപര്യമാണ് ലക്ഷക്കണക്കിനാളുകളെ ഫുട്ബാളിനെ അകമഴിഞ്ഞുപ്രണയിക്കാൻ പ്രേരിപ്പിച്ചത്. പൂക്കളും കുട്ടികളും ഫുട്ബാളുമില്ലാത്ത ഒരു ലോകം എന്തു വിരസമായിരിക്കുമെന്ന് പറയാറുണ്ട്. മറഡോണയില്ലായിരുന്നെങ്കിൽ ഫുട്ബാളും എന്തുമാത്രം വിരസമായേനേ. ചരിത്രത്തിെൻറ ഷോക്കേസിലേക്ക് അയാൾ സംഭാവന ചെയ്ത നൂറ്റാണ്ടിെൻറ ഗോൾ മാത്രം മതി ഇനിയുമൊരുപാട് തലമുറകൾ ഈ കളിയോടൊട്ടിനിൽക്കാൻ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.