ബെർലിൻ: ഒരു പതിറ്റാണ്ടിലേറെയായി ആർക്കും വിട്ടുകൊടുക്കാതെ ബുണ്ടസ് ലിഗ ചാമ്പ്യൻപട്ടം സ്വന്തം ഷെൽഫിൽ സൂക്ഷിക്കുന്ന ബവേറിയന്മാർക്ക് കിരീടനഷ്ടം ഇത്തവണ നേരത്തേ തീരുമാനമാകാൻ പോകുന്നു. സീസണിൽ ഇതുവരെ ഒരു കളിപോലും തോൽക്കാതെ കുതിക്കുന്ന കറുത്ത കുതിരകളായ ബയേർ ലെവർകൂസൻ ജേതാക്കളാകുമെന്ന് നേരത്തേ ഉറപ്പായതാണെങ്കിലും ടീം ഒന്നു പന്തു തട്ടുകപോലും ചെയ്യാതെ ഈയാഴ്ച അത് സംഭവിച്ചേക്കുമെന്നതാണ് പുതിയ വർത്തമാനം. രണ്ടാമതുള്ള ബയേണിനെക്കാൾ 16 പോയന്റ് മുന്നിലാണ് ടീം. ലെവർകൂസന് 76ഉം ബയേണിന് 60ഉം. സ്റ്റട്ട്ഗർട്ടിനും 60 പോയന്റുണ്ട്.
ആറു റൗണ്ട് മത്സരങ്ങൾ ശേഷിക്കെ ശനിയാഴ്ച ആദ്യം ഇറങ്ങുന്ന ബയേൺ എതിരാളികളായ കൊളോണിനോട് തോൽവി സമ്മതിച്ചാൽ ബുണ്ടസ് ലിഗ ചാമ്പ്യൻപട്ടം നേരത്തെ തീരുമാനമാകും. പിറ്റേന്ന് വെർഡർ ബ്രെമനെതിരെ പന്തു തട്ടാതെ കിരീടം തങ്ങളുടേതാക്കാനുള്ള കാത്തിരിപ്പിലാണ് ലെവർകൂസൻ.
നീണ്ട കാലത്തിനിടെ ആദ്യമായാണ് ബയേൺ ജർമൻ ലീഗിൽ പിന്തള്ളപ്പെടുന്നത്. 2012ൽ യുർഗൻ ക്ലോപിന്റെ ബൊറുസിയ ഡോർട്മുണ്ട് ജേതാക്കളായ ശേഷം ബയേൺ മാത്രമാണ് ബുണ്ടസ് ലിഗയിൽ കപ്പുയർത്തിയത്. ഇത്തവണ പക്ഷേ, പ്രീമിയർ ലീഗിൽ എത്തിപ്പിടിക്കാനാവാതെ പോയ ചാമ്പ്യൻപട്ടം ജർമൻ ടീമിനൊപ്പം സ്വന്തമാക്കാമെന്ന സൂപ്പർ താരം ഹാരി കെയിനിന്റെ കാത്തിരിപ്പ് പിന്നെയും നീട്ടിയാണ് പിൻനിരയിൽനിന്ന് കയറിവന്ന് മറ്റൊരു ടീം കിരീടം തട്ടിപ്പറിച്ചെടുക്കുന്നത്. ഒപ്പം, ഒരു മുൻനിര ടീമിന്റെ ഒന്നാം നമ്പർ പരിശീലക പദവിയിൽ ആദ്യ സീസണിനിറങ്ങുന്ന ലെവർകൂസന്റെ സാവി അലോൻസോക്ക് ഒരു മാസത്തിലേറെ ബാക്കി നിൽക്കെ കിരീടം മാറോടുചേർക്കാമെന്ന സന്തോഷം കൂടിയുണ്ട്. സീസൺ ഒടുവിൽ ടീം വിടുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അലോൻസോ തുടരുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
മത്സരങ്ങളേറെ ബാക്കിയില്ലാത്ത ലീഗിലും സീസണിലും ഇതുവരെ തോൽക്കാത്ത ലെവർകൂസന് വരുംമത്സരങ്ങളിലും തോൽവിയില്ലാകളി തുടരാനായാൽ ഫുട്ബാൾ ചരിത്രത്തിലെ അത്ഭുതമായി അത് മാറും. ഒരു സീസണിൽ ഒറ്റക്കളിയും തോൽക്കാതെ ഒരു ടീമുമില്ല.
മൂന്നു കിരീടങ്ങളടക്കം വലിയ നേട്ടങ്ങൾ പിടിച്ച് മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ബാഴ്സലോണ തുടങ്ങിയ ടീമുകളുണ്ട്. ആഴ്സനലടക്കം സ്വന്തം ലീഗിൽ ഒറ്റക്കളിയും തോൽക്കാതിരുന്നവരുമുണ്ട്. പക്ഷേ, മറ്റു ടൂർണമെന്റുകളിൽകൂടി അപരാജിത കുതിപ്പിന് ഇതുവരെയും ഒരാൾക്കുമായിട്ടില്ല.
ബയേർ ഇതുവരെ സീസണിൽ മൊത്തം 41 കളികൾ കളിച്ചതിൽ 36ലും ജയിച്ചതാണ്. അഞ്ചെണ്ണം സമനിലയിലും. ക്ലബിന്റെ 119 വർഷത്തെ ചരിത്രത്തിൽ ടീം ഇതുവരെ ബുണ്ടസ് ലിഗയിൽ ജേതാക്കളായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.