പാണ്ഡവർ അഞ്ചുപേരാണെങ്കിൽ പാണ്ഡേവ് ഒറ്റയാനാണ്. നോർത്ത് മാസിഡോണിയ എന്ന കൊച്ചുരാജ്യത്തിെൻറ കാൽപന്തു പ്രതീക്ഷകൾ രണ്ടു പതിറ്റാണ്ടുകാലം ഒറ്റക്ക് ചുമലിലേറ്റിയവൻ. അതെ, ഗൊരാൻ പാണ്ഡേവ് എന്ന 37കാരൻ നോർത്ത് മാസിഡോണിയക്കാർക്ക് ഇതിഹാസതുല്യനാണ്. അതിനാലാണല്ലോ തെൻറ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച് യൂറോ കപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിനിടെ തിരിച്ചുകയറിയ പാണ്ഡേവിന് സഹതാരങ്ങൾ കാൽപന്തുകളത്തിൽ സാധാരണ കാണാത്തവിധം കളി അൽപനേരം നിർത്തി ഗാർഡ് ഓഫ് ഓണർ നൽകിയത്. മത്സരത്തിനുമുമ്പ് നെതർലൻഡ്സ് ടീമിെൻറ സമ്മാനമായി പാണ്ഡേവിെൻറ അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണമായ 122 എന്ന് പ്രിൻറ് ചെയ്ത ജഴ്സി ക്യാപ്റ്റൻ ജോർജീന്യോ വിനാൾഡം സമ്മാനിക്കുകയും ചെയ്തു.
മൂന്നു പതിറ്റാണ്ട് മുമ്പ് മാത്രം പിറവിയെടുത്ത നോർത്ത് മാസിഡോണിയ ഫുട്ബാൾ ചരിത്രത്തിൽ കാര്യമായ അടയാളപ്പെടുത്തലുകളില്ലാത്ത രാജ്യമാണ്. ഇത്തവണത്തെ യൂറോ കപ്പ് ആണ് അവരുടെ കന്നി അന്താരാഷ്ട്ര ടൂർണമെൻറ്. മാസിഡോണിയയുടെ ഫുട്ബാൾ ചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങളിലെല്ലാം പാണ്ഡേവിെൻറ കൈയൊപ്പുണ്ട്.
38 ഗോളുമായി രാജ്യത്തിനായുള്ള ഗോൾവേട്ടയിൽ ബഹുദൂരം മുമ്പിൽ. തൊട്ടുപിറകിലുള്ള ജോർജി ഹ്രിസ്റ്റോവിനെക്കാൾ (16) ഇരട്ടിയലധികം ഗോളുകൾ. പാണ്ഡേവിെൻറ ഗോളാണ് നോർത്ത് മാസിഡോണിയക്ക് യൂറോ കപ്പ് യോഗ്യത നേടിക്കൊടുത്തത്. ഓസ്ട്രിയക്കെതിരെ പാണ്ഡേവ് നേടിയ ഗോളാണ് അന്താരാഷ്ട്ര ടൂർണമെൻറിൽ ടീമിെൻറ ആദ്യ ഗോൾ. ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ ജർമനിയെ 2-1ന് അട്ടിമറിച്ചപ്പോഴും ഒരു ഗോൾ പാണ്ഡേവിെൻറ വകയായിരുന്നു.
2001ൽ അരങ്ങേറിയ പാണ്ഡേവ് അന്താരാഷ്ട്ര ഫുട്ബാൾ 20 വർഷം തികച്ചാണ് മടങ്ങുന്നത്. ഇടക്ക് 2015ൽ വിരമിച്ചിരുന്നെങ്കിലും കോച്ച് ഇഗോൾ ആഞ്ചലോവ്സ്കിയുടെ നിർബന്ധത്തിൽ തിരിച്ചുവരുകയായിരുന്നു. അത് ചരിത്രത്തിലേക്കുള്ള വരവുമായി. ക്ലബ് ഫുട്ബാളിലും ചില്ലറക്കാരനല്ല പാണ്ഡേവ് ഇൻറർ മിലാൻ, ലാസിയോ, നാപോളി, ടോട്ടൻഹാം, ഗലാറ്റസറായ് തുടങ്ങിയ വമ്പൻ ടീമുകൾക്ക് ബൂട്ടുകെട്ടിയിട്ടുള്ള പാണ്ഡേവ് 2010ൽ ഹോസെ മൊറീന്യോയുടെ കീഴിൽ ഇൻറർ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുേമ്പാൾ ടീമിലുണ്ടായിരുന്നു. നിലവിൽ ഇറ്റലിയിലെ ജെനോവ ക്ലബിെൻറ താരമായ പാണ്ഡേവ് ക്ലബ് ഫുട്ബാളിൽ തുടരുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
മാസിഡോണിയൻ ഫുട്ബാളിലെ രാജതുല്യനാണ് പാണ്ഡേവ്. 'അദ്ദേഹം ഞങ്ങളുടെ രാജാവാണ്. അദ്ദേഹത്തെപ്പോലെ മറ്റൊരാളില്ല'-ടീമിലെ ഡിഫൻഡർ കിറെ റിസ്റ്റെവ്സ്കിയുടെ വാക്കുകൾ. നാട്ടിൽ സ്വന്തമായൊരു ക്ലബും പാണ്ഡേവ് സ്ഥാപിച്ചിട്ടുണ്ട്. സ്വന്തം നഗരമായ സ്ട്രുമികയിലെ 'അക്കാദമിയ പാണ്ഡേവ്'എന്ന ക്ലബ് ഇപ്പോൾ രാജ്യത്തെ പ്രീമിയർ ലീഗിൽ കളിക്കുന്നു. ദേശീയ ജഴ്സി അഴിക്കുന്നതോടെ ക്ലബിനായി കൂടുതൽ സമയം ചെലവഴിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പാണ്ഡേവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.