ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ യുവന്‍റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ച് പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് കാമ്പയിൻ തുടങ്ങി.
മത്സരത്തിന്‍റെ അഞ്ചാംമിനിറ്റിൽ എംബാപ്പെയിലൂടെ പി.എസ്.ജിയാണ് ആദ്യ ഗോൾ നേടിയത്. ഗോളിന് വഴിയൊരുക്കിയത് സൂപ്പർതാരം നെയ്മറും. ബോക്സിനകത്തേക്ക് യുവന്‍റസ് പ്രതിരോധത്തിനു മുകളിലൂടെ നെയ്മർ ഉയർത്തി നൽകിയ പന്ത് എംബാപ്പെ വലയിലെത്തിച്ചു. 22ാം മിനിറ്റിൽ എംബാപ്പെ ലീഡ് ഉയർത്തി. ബോക്സിനുള്ളിൽനിന്ന് അഷ്റഫ് ഹക്കീമി നൽകിയ പന്ത് എംബാപ്പെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചു.
53ാം മിനിറ്റിൽ മധ്യനിര താരം വെസ്റ്റേൺ മക്കെന്നിയാണ് യുവന്‍റസിന്‍റെ ആശ്വാസ ഗോൾ നേടിയത്. ഫിലിപ് കോസ്റ്റിക്കിന്‍റെ കോർണർ കിക്ക് തകർപ്പൻ ഹെഡറിലൂടെ താരം ഗോളാക്കുകയായിരുന്നു. ബാക്കിയുള്ള സമയങ്ങളിൽ പി.എസ്.ജി ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽതന്നെ ശക്തമായ ടീമിനെതിരെ വിജയം നേടാനായതിന്‍റെ ആവേശത്തിലാണ് പരിശീലകൻ ക്രിസ്റ്റോഫ് ഗ്ലാറ്റിയറും സംഘവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.