ലണ്ടൻ: യൂറോകപ്പ് ഫൈനലിൽ ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്‍റെ അവസാന കിക്ക് പാഴാക്കിയ ബുക്കായോ സാക്കയെ മാറോടണക്കുേമ്പാൾ അവന്‍റെ വേദന മറ്റാരെക്കാളും അയാൾക്ക് മനസിലാകുമായിരുന്നു. ജർമനിക്കെതിരെ തനിക്കുണ്ടായ സമാനമായ ഒരു അനുഭവം 25 വർഷങ്ങൾക്കിപ്പുറവും ഗാരത് സൗത്ത്ഗേറ്റ് എന്ന ഇംഗ്ലീഷ് കോച്ചിനെ വേട്ടയാടുന്നുണ്ടായിരുന്നു.
മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുമെന്ന് മനസിലാക്കി കളത്തിലിറക്കിയ മൂന്നു താരങ്ങളും കിക്കുകൾ പാഴാക്കിയതോടെ വിമർശന ശരങ്ങൾ ഉയരുന്നത് സൗത്ത്ഗേറ്റിന്റെ തന്ത്രങ്ങൾക്ക് നേരെയാണ്. സമ്മർദ ഘട്ടത്തിൽ 19കാരനായ സാക്കയെ പെനാൽറ്റി കിക്കെടുക്കാൻ വിട്ട തീരുമാനത്തിലും സൗത്ത്ഗേറ്റ് ഇപ്പോൾ പശ്ചാതപിക്കുന്നുണ്ടാവണം. റഹീം സ്റ്റർലിങ്ങിനെ പോലെ പരിചയസമ്പന്നനായ ഒരാൾ ഇരിക്കേ 19കാരനെ കിക്കെടുക്കാൻ പറഞ്ഞയച്ച തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെ സൗത്ത്ഗേറ്റ് കുറ്റമേറ്റിരിക്കുകയാണ്. നാല് യൂറോകളിൽ പന്തുതട്ടിയ സ്റ്റർലിങ്ങിനെ പെനാൽറ്റി കിക്കെടുക്കുന്ന അഞ്ചുപേരുടെ പട്ടികയിൽ ഉൾപെടുത്തുക പോലും ചെയ്തിട്ടില്ല.
1966ന് ശേഷം ഒരു മേജർ കിരീടം പോലും നേടാൻ സാധിക്കാത്ത ഇംഗ്ലണ്ട് സമീപഭാവിയിൽ സൗത്ത്ഗേറ്റിന്റെ പെനാൽറ്റി തന്ത്രങ്ങൾ പഠനവിധേയമാക്കുമെന്നുറപ്പ്. 'പരീശീലന സമയത്താണ് ഞങ്ങൾ പെനാൽറ്റി കിക്കെടുക്കേണ്ടവരെ തീരുമാനിച്ചത്. അത് എന്‍റെ തീരുമാനമായിരുന്നു. എനിക്കാണ് അതിന്‍റെ ഉത്തരവാദിത്വം' -സൗത്ത്ഗേറ്റ് പറഞ്ഞു.
കളി പെനാൽറ്റിയിലേക്ക് നീങ്ങുമെന്നുറപ്പായതോടെ 120ാം മിനിറ്റിലാണ് ഇംഗ്ലണ്ട് മാർകസ് റാഷ്ഫോഡിനെയും ജേഡൻ സാഞ്ചോയെയും പകരക്കാരായി കളത്തിലിറക്കിയത്. പെനാൽറ്റി കിക്കെടുക്കാൻ കണക്കാക്കിയായിരുന്നു സൗത്ത്ഗേറ്റിന്റെ ഈ നീക്കം. ൈകൽ വാക്കറിനെയും ഹെൻഡേഴ്സണെയും പിൻവലിച്ചായിരുന്നു ഇരുവരെയും ഇറക്കിയത്.
ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ ഹെൻഡേഴ്സണെ മാറ്റിയാണ് പെനാൽറ്റി എടുക്കാൻ യോഗ്യൻ സാഞ്ചോയാണെന്ന് സൗത്ത്ഗേറ്റ് തീരുമാനിച്ചത്. അന്തിമ സെക്കൻഡുകളൊഴികെ അധിക സമയവും ബെഞ്ചിൽ ചെലവഴിച്ച റാഷ്ഫോഡിനും സാഞ്ചോക്കും അതൊരു പരീക്ഷണമായിരുന്നു. സാക്കക്ക് മുമ്പ് കിക്കെടുത്ത ഇരുവരും പരാജയപ്പെട്ടു.
റാഷ്ഫോഡിന്‍റെ കിക്ക് പോസ്റ്റിന് തട്ടി മടങ്ങിയപ്പോൾ സാഞ്ചോയുടെ കിക്ക് ഇറ്റാലിയൻ ഗോൾകീപ്പർ തട്ടിയകറ്റി. ഇതോടെ ഇംഗ്ലണ്ട് ഷൂട്ടൗട്ടിൽ 3-2ന് തോറ്റു. ടൈബ്രേക്കറിൽ തുടക്കത്തിൽ മുൻതൂക്കം നേടിയ ശേഷമായിരുന്നു ഇംഗ്ലണ്ടിൻ്റെ നിർഭാഗ്യകരമായ കീഴടങ്ങൽ. ഇറ്റലിയുടെ ബെലോട്ടിയുടേയും ജോർജീഞ്ഞോയുടേയും കിക്കുകൾ ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദൻ പിക്ഫോർഡ് തടുത്തിട്ടിരുന്നു.
ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാെല മൂന്ന് കൗമാര താരങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വംശീയാധിക്ഷേപ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഇംഗ്ലണ്ട് കളിക്കാരെ ലക്ഷ്യം െവച്ചുള്ള വംശീയാധിക്ഷേപങ്ങളെ ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ ശക്തമായി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.