ജോർജിയൻ വലയിൽ സ്പാനിഷ് അർമാദം; ​വമ്പൻ ജയത്തോടെ ക്വാർട്ടറിൽ

യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ജോർജിയൻ വലയിൽ നാലുതവണ നിറയൊഴിച്ച് സ്​പെയിൻ ക്വാർട്ടറിൽ. സെൽഫ് ഗോളിൽ മുന്നിലെത്തിയ ജോർജിയക്ക് റോഡ്രിയുടെയും ഫാബിയൻ റ്യൂസിന്റെയും നികൊ വില്യംസിന്റെയും ഡാനി ഒൽമോയുടെയും ഗോളുകളിലൂടെ മറുപടി നൽകിയാണ് സ്​പെയിൻ 4-1ന് ജയിച്ചുകയറിയത്. തുടക്കം മുതൽ എതിർ ഗോൾമുഖത്തേക്ക് ഇരച്ചുകയറിയ സ്​പെയി​നിനൊത്ത എതിരാളികളാകാൻ പോർച്ചുഗലിനെ തോൽപിച്ചെത്തിയ ജോർജിയക്ക് ഒരു ഘട്ടത്തിലും ആയില്ല.

മനോഹര പാസിങ് ഗെയിമിലൂടെ എതിർ ബോക്സിലേക്ക് സ്​പെയിൻ നിരന്തരം കടന്നുകയറിയെങ്കിലും ആദ്യപകുതിയിൽ എതിർ ഗോൾകീപ്പറും പ്രതിരോധ താരങ്ങളും ചേർന്ന് തടഞ്ഞുനിർത്തി. 18ാം മിനിറ്റിൽ കളിയുടെ ഗതിക്ക് വിപരീതമായി അപ്രതീക്ഷിതമായി സ്പാനിഷ് വലയിൽ പന്തുമെത്തി. ജോർജിയൻ കൗണ്ടർ അറ്റാക്കിനിടെ കാകബദ്സെയുടെ ക്രോസ് തടയാനുള്ള ശ്രമത്തിൽ റോബിൻ ലെ നോർമാൻഡിന്റെ ദേഹത്ത് തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു. എന്നാൽ, ജോർജിയയുടെ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. ആദ്യപകുതി അവസാനിക്കാൻ ആറ് മിനിറ്റ് ശേഷിക്കെ നികോ വില്യംസ് നൽകിയ പാസ് റോഡ്രി ജോർജിയൻ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

രണ്ടാം പകുതിയിലും സ്​പെയിൻ ആധിപത്യം തുടർന്നതോടെ ജോർജിയൻ ഗോൾകീപ്പർക്കും പ്രതിരോധത്തിനും വിശ്രമമില്ലാതായി. ലമീൻ യമാൽ എടുത്ത ഫ്രീകിക്ക് ആയാസപ്പെട്ടാണ് ഗോൾകീപ്പർ തടഞ്ഞിട്ടത്. എന്നാൽ, മിനിറ്റുകൾക്കകം കൗമാര താരത്തിന്റെ സൂപ്പർ ക്രോസിൽ ഫാബിയൻ റ്യൂസ് സ്​പെയിനിനെ മുന്നിലെത്തിച്ചു. ഇതിനിടെ രണ്ട് സുവർണാവസരങ്ങൾ യമാൽ പുറത്തേക്കടിച്ചു. മറ്റൊരു തവണ എതിർതാരത്തിന്റെ കാലിൽ തട്ടി വലയിൽ കയറിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു.

എന്നാൽ, 75ാം മിനിറ്റിൽ സ്​പെയിൻ ഗോളെണ്ണം മൂന്നാക്കി. ഫാബിയൻ റ്യൂസ് നൽകിയ ലോങ് പാസ് പിടിച്ചെടുത്ത് ഒറ്റക്ക് ​മുന്നേറിയ നികൊ വില്യംസ് എതിർ ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. തൊട്ടുപിന്നാലെ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരം ഡാനി ഒൽമൊ നഷ്ടമാക്കിയപ്പോൾ ലാമിൻ യമാലിന്റെ ശ്രമം ഗോൾകീപ്പർ പണിപ്പെട്ട് തടഞ്ഞിട്ടു. നിശ്ചിത സമയം അവസാനിക്കാൻ ഏഴ് മിനിറ്റ് ശേഷിക്കെ സ്​പെയിൻ നാലാം ഗോളും നേടി. ഇത്തവണ മികേൽ ഒയാർസബലിന്റെ അസിസ്റ്റിൽ ഡാനി ഒൽമോയാണ് നിറയൊഴിച്ചത്. ലീഡുയർത്താൻ സ്​പെയിൻ അവസാന മിനിറ്റുകളിലും നിരന്തരം ആക്രമിച്ചു കളിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

മത്സരത്തിൽ 76 ശതമാനവും പന്ത് നിയന്ത്രണത്തിലാക്കിയ സ്​പെയിൻ, 35 ഷോട്ടുകൾ ഉതിർത്തുവിട്ടപ്പോൾ പതിമൂന്നും വലക്ക് നേരെയായിരുന്നു. ജോർജിയൻ താരങ്ങൾക്ക് അടിക്കാനായത് നാല് ഷോട്ടുകൾ മാത്രമാണ്. ക്വാർട്ടറിൽ ആതിഥേയരായ ജർമനിയാണ് സ്​പെയിനിന്റെ എതിരാളികൾ.

Tags:    
News Summary - Spain enters in to the Quarters with a big win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.