മഞ്ചേരി: ഫുട്ബാളിന്റെ ഈറ്റില്ലമായ പയ്യനാട്ടേക്ക് വിരുന്നെത്തിയ സൂപ്പർ ലീഗ് കേരളയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആരാധക പിന്തുണയാൽ ചരിത്രത്തിൽ ഇടംനേടിയ കാൽപന്ത് കളിയുടെ ഹൃദയഭൂമിയിൽ വീണ്ടും ഫുട്ബാൾ മാമാങ്കമെത്തുമ്പോൾ മത്സരം പൊടിപാറും. ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കണ്ണൂർ വാരിയേഴ്സും തമ്മിൽ ഏറ്റുമുട്ടും. ഇന്നു രാത്രി 7.30നാണ് കിക്കോഫ്. തൃശൂർ, മലപ്പുറം ടീമുകളുടെ ഹോം ഗ്രൗണ്ടാണ് പയ്യനാട്.
മുൻ ഇന്ത്യൻ താരവും മലയാളികളുടെ ആവേശവുമായ സി.കെ. വിനീതിന്റെ നായകത്വത്തിലാണ് തൃശൂർ മാജിക് എഫ്.സി കളത്തിലിറങ്ങുക. ഇറ്റലിക്കാരൻ ജിയോവാനി സ്കാനു പരിശീലിപ്പിക്കുന്ന യുവത്വവും അനുഭവസമ്പത്തുമുള്ള ടീമിനെയാണ് തൃശൂർ മൈതാനത്തേക്കയക്കുന്നത്.
ബ്രസീലിയൻ സ്ട്രൈക്കർ മാഴ്സെലോ ടോസ്കാനോ, ബ്രസീലിൽ നിന്ന് തന്നെയുള്ള ഡിഫൻഡർ മെയിൽസൺ ആൽവസ് വെറിയാറ്റോ, കാമറൂൺ സ്വദേശിയായ മിഡ്ഫീൽഡർ ബെല്ലക് ഹെർമൻ എന്നിവരാണ് ടീമിലെ പ്രധാന വിദേശ താരങ്ങൾ. 15 മലയാളി താരങ്ങളും ടീമിലുണ്ട്. പി.പി. സഫ്നീദ്, കെ.പി. ഷംനാദ്, ജസീൽ, പി.എ. ആഷിഫ്, കെ. വിഷ്ണു രാജേഷ് എന്നീ അഞ്ചുപേർ മലപ്പുറത്തുനിന്നുള്ളവരാണ്. കൂടാതെ തൃശൂർ സ്വദേശികളായ ജെയ്മി ജോയ്, അർജുൻ മാക്കോത്ത് മോഹനൻ, പി.സി. അനുരാഗ്, വി.ആർ. സുജിത്ത്, യൂനുസ് റഫീഖ് എന്നിവരും വയനാട് സ്വദേശികളായ ഗിഫ്റ്റി പി. ഗ്രേഷ്യസ്, മുഹമ്മദ് സഫ്നാദ്, കാസർകോട് സ്വദേശി പി. ആദിൽ എന്നിവരും തൃശൂരിന് കരുത്ത് പകരുന്നു. എക്കാലത്തും കേരളത്തിന് മികച്ച വിജയങ്ങൾ സമ്മാനിച്ച സതീവൻ ബാലനാണ് ടീമിന്റെ സഹപരിശീലകൻ.
പരിശീലകനും അഞ്ച് കളിക്കാരുമുൾപ്പെടെ അടിമുടി സ്പാനിഷ് കരുത്തുമായാണ് കണ്ണൂർ എഫ്.സി പോരാട്ടത്തിനിറങ്ങുന്നത്. മാനുവൽ സാഞ്ചസ് മുരിയാസാണ് മുഖ്യപരിശീലകൻ. ലാ ലിഗയിൽ ഗെറ്റാഫെ ടീം താരമായിരുന്ന സ്പാനിഷ് സ്ട്രൈക്കർ അഡ്രിയാൻ സാർഡിനെറോ കോർപയാണ് ടീമിന്റെ വജ്രായുധം. 25 അംഗ ടീമിൽ അഡ്രിയാനെ കൂടാതെ നാല് സ്പാനിഷ് താരങ്ങൾ കൂടിയുണ്ട്. അൽവാരോ അൽവാരസ് ഫെർണാണ്ടസ് (സെന്റർ ബാക്ക്), ഐസ്യർ ഗോമസ് അൽവാരസ് (വിങ്ങർ- സ്ട്രൈക്കർ), എലോയ് ഒർഡോണസ് മ്യൂനിസ് (വിങ്ങർ), ഡേവിഡ് ഗ്രാൻഡേ (സ്ട്രൈക്കർ). ഇവർക്കുപുറമെ കാമറൂണിൽ നിന്നുള്ള ഏൺസ്റ്റൻ റൂബിസ് ലാവ്സാംബയും (മിഡ്ഫീൽഡർ) ചേരുന്നതാണ് കണ്ണൂരിന്റെ വിദേശനിര. ആകെ 13 മലയാളികളാണ് കണ്ണൂർ ടീമിലുള്ളത്.
ചേലേമ്പ്ര സ്വദേശി പി.എ. അജ്മൽ, പെരിന്തൽമണ്ണ സ്വദേശി ലിയാഖത്ത് അലിഖാൻ, കൊണ്ടോട്ടി സ്വദേശി എൻ.പി. അക്ബർ സിദ്ദീഖ്, വെളിയങ്കോട് സ്വദേശി മുഹമ്മദ് റിഷാദ് ഗഫൂർ എന്നിവരാണ് മലപ്പുറം സാന്നിധ്യം. ഇവർക്കുപുറമെ തിരുവനന്തപുരം സ്വദേശി അബിൻ ആന്റണി, എറണാകുളം സ്വദേശി ജി.എസ്. ഗോകുൽ, കണ്ണൂർ സ്വദേശി ടി.കെ. അശ്വിൻ കുമാർ, തൃശൂർ സ്വദേശി മുഹമ്മദ് അമീൻ, വയനാട് സ്വദേശികളായ പി. നജീബ്, സി.വി. അജയ് എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്. ഷഫീഖ് ഹസൻ സഹപരിശീലകൻ. കോഴിക്കോടാണ് ഹോം ഗ്രൗണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.