അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കൊമ്പുകോർത്തിട്ട് എന്തു കാര്യം...അതെ, അതു ശരിയാണ്. പക്ഷേ, പാരിസിലെ ചില പി.എസ്.ജി ആരാധകർ അങ്ങനെയാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് മടങ്ങിയതിനു പിന്നാലെ പാരിസിൽ ആരാധകർ കാണിച്ചുകൂട്ടിയത് കണ്ടാൽ ആരും അമ്പരന്നു പോകും. പൊലീസുമായി കൊമ്പുകോർത്ത് കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തു.
ഒരു പക്ഷേ, ആദ്യമായി യൂറോപ്പ്യൻ ചാമ്പ്യൻ പോരാട്ടത്തിലെ ഫൈനലിൽ എത്തിയതിൻെറ അങ്കലാപ്പായിരിക്കും. അല്ലെങ്കിൽ, മത്സരത്തിനു മുന്നെ കപ്പുറപ്പിച്ച അമിത ആഹ്ലാദത്തിനേറ്റ തിരിച്ചടിയിൽ നിന്നുണ്ടായ ഷോക്കായിരിക്കും.
ഏതായാലും ആ രാവിൽ പാരിസ് നഗരത്തിൽ പി.എസ്.ജി ആരാധകർ അഴിഞ്ഞാടി. കോവിഡോ, സമൂഹിക അകലമോ, ലോക്ഡൗണോ ഒന്നും നോക്കിയില്ല. അതിരുവിട്ട ആരാധകർ നിരവധി കാറുകൾ അടിച്ചു തകർത്തു, കത്തിച്ചു കളഞ്ഞു.
മത്സരത്തിനു മുന്നെ പാർക് ഡെസ് പ്രിൻസെസ് സ്റ്റേഡിയത്തിനു മുന്നിൽ തടിച്ചു കൂടിയ 5000ത്തിൽപരം വരുന്ന ആരാധകരാണ് അക്രമത്തിലേക്കു നീങ്ങിയത്. തീഗോളങ്ങൾ എറിഞ്ഞും കടകൾ തകർത്തും വാഹനങ്ങൾ കത്തിച്ചും അവർ ബയേണിനോടുള്ള 'പ്രതിഷേധം' അറിയിച്ചു. സംഭവത്തിൽ, 148 പേരെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു.
പാരിസ് മേയർ അന്നെ ഹിഡാൽഗോ അക്രമത്തെ അപലപിച്ചു രംഗത്തെത്തി. നേരത്തെ, പി.എസ്.ജി സെമിയിൽ ജയിച്ചപ്പോൾ തന്നെ കാണികൾ സംയമനം പാലിക്കണമെന്ന് നഗര ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.