ദോഹ: ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ പൂർത്തിയാവുന്നതിനു പിന്നാലെ ഡിസംബർ രണ്ട് മുതൽ മാച്ച് ടിക്കറ്റില്ലാത്തവർക്കും ഖത്തറിലെത്താൻ വഴി തുറന്ന് അധികൃതർ. പ്രവേശന അനുമതി കൂടിയായ ഹയ്യാ കാർഡിനായി ഓൺലൈൻ വഴി അപേക്ഷിച്ചാണ് ലോകകപ്പ് ആതിഥേയ മണ്ണിലേക്കുള്ള യാത്ര ഉറപ്പാക്കേണ്ടത്. വ്യാഴാഴ്ച മുതൽ ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യവും ആരംഭിച്ചു. ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങൾ അറിയിക്കാനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ലോകകപ്പ് സുരക്ഷാ വക്താവ് കേണൽ ഡോ. ജാബിർ ഹമദ് ജാബിർ അൽ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, 500 റിയാൽ (11,360 രൂപ) ഫീസായി ഈടാക്കും. 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി അപേക്ഷിക്കാവുന്നതാണ്.
നിലവിൽ മാച്ച് ടിക്കറ്റുള്ള കാണികൾക്കു മാത്രമാണ് ഖത്തറിലേക്കുള്ള പ്രവേശന അനുമതിയായ ഹയ്യാ കാർഡിന് അപേക്ഷിക്കാവുന്നത്. എന്നാൽ, നവംബർ 20ന് ആരംഭിക്കുന്ന ഗ്രുപ്പ് റൗണ്ട് മത്സരങ്ങൾ ഡിസംബർ രണ്ടിനാണ് പൂർത്തിയാവുന്നത്. അതോടൊപ്പം തന്നെ, ടിക്കറ്റില്ലാത്തവർക്കും ഖത്തറിലേക്ക് വിമാനം കയറാം. ഖത്തർ 2022 മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, ഹയ്യാ പോർട്ടൽ വഴിയോ ആണ് അപേക്ഷിക്കേണ്ടത്. എന്നാൽ, മത്സരങ്ങൾ ആസ്വദിക്കാനായി സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് മാച്ച് ടിക്കറ്റ് നിർബന്ധമായിരിക്കും. മത്സരങ്ങൾക്ക് പുറമെ, ലോകകപ്പിൻെറ ഭാഗമായി ഖത്തർ ഒരുക്കിയ വിവിധ വിനോദ പരിപാടികളും മറ്റും എല്ലാവർക്കും ആസ്വാദ്യകരമാക്കുന്നതിനുവേണ്ടിയാണ് മാച്ച് ടിക്കറ്റില്ലാത്തവർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതെന്ന് കേണൽ ഡോ. ജാബിർ ഹമദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.