ലോകകപ്പ്​-ഏഷ്യൻ കപ്പ്​ യോഗ്യത: ഒമാന്​ തകർപ്പൻ വിജയം

മസ്കത്ത്​: പുതിയ കോച്ച്​ ജറോസ്ലാവ് സിൽഹവിക്ക്​ കീഴിൽ ആദ്യ അങ്കത്തിനിറങ്ങിയ ​ഒമാന്​ തകർപ്പൻ വിജയ തുടക്കം. സുൽത്താൻ ഖാബൂസ്​ സ്​പോർട്​സ്​ ​ കോംപ്ലക്സിൽ നടന്ന ഫിഫ ലോകകപ്പ് 2026, എ.എഫ്‌.സി ഏഷ്യൻ കപ്പ് 2027 ഇരട്ട യോഗ്യത മത്സരത്തിൽ മലേഷ്യയെ എതിരില്ലാത്ത രണ്ട്​ ഗോളുകൾക്കാണ്​ തകർത്തത്​. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും​. 58ാം മിനിറ്റിൽ ഇസ്സാം അൽസാബിയും 88ാം മിനിറ്റിൽ മുഹ്​സിൻ അൽ ഗസ്സാനിയുമാണ്​ സുൽത്താനേറ്റിനുവേണ്ടി വലുകുലുക്കിയത്​.

ഇതോടെ ഗ്രൂപ്പ്​ ഡിയിൽ മൂന്ന്​ കളിയിൽനിന്ന്​ രണ്ട്​ വിജയമടക്കം ആറുപോയന്‍റുമായി ഒമാൻ ഒന്നാം സ്ഥാനത്തെത്തി. ഇത്രയും കളിയിൽനിന്ന്​ രണ്ട്​ വിജയവുമായി മലേഷ്യ രണ്ടാമതാണ്​​. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാണ്​ ഒമാൻ ഒന്നാം സ്ഥാനത്ത്​ തുടരുന്നത്​. 

പുതിയ കോച്ചിന്​ കീഴിൽ പുതിയ തന്ത്രങ്ങളുമായിട്ടായിരുന്നു സുൽത്താനേറ്റ്​ കളത്തിലിറങ്ങിയത്​. ആക്രമണത്തോടൊപ്പം പ്രതിരോധവും കനപ്പിച്ചായിരുന്നു മുന്നേറ്റം​. റമദാൻ മാസമായിട്ടും മത്സരം കാണാൻ ആളുകൾ ഒഴുകിയെത്തിയത്​​ ടീമിന്​ അനുകൂല ഘടകമാകുകയും ചെയ്തു. ആദ്യ പകുതിയിൽ കൊണ്ടും കൊടുത്തുമായിരുന്നു ഇരു ടീമുകളും മുന്നേറിയത്​. നിരവധി അവസരങ്ങൾ വീണു കിട്ടിയെങ്കിലും ഇരുകൂട്ടർക്കും മുതലെടുക്കാനായില്ല​. 

 

എന്തുവിലകൊടുത്തും ലീഡെടുക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു ജറോസ്ലാവ് സിൽഹവിയുടെ കുട്ടികൾ രണ്ടാം പകുതിയിൽ ഇറങ്ങിയത്​. ഇടതു-വലതു വിങ്ങുകളിലുടെയുള്ള ആക്രമണത്തിൽ മലേഷ്യൻ ഗോൾമുഖം വിറക്കുകയും ചെയ്തു. ഒടുവിൽ 58ാം മിനിറ്റിൽ ഒമാൻ കാത്തിരുന്ന നിമിഷം വന്നു. മൈതാന മധ്യത്തുനിന്ന്​ നീട്ടി കിട്ടിയ പന്തുമായുള്ള ഒമാൻ താരങ്ങളുടെ മുന്നേറ്റത്തിൽ, ബോക്സിനുള്ളിൽനിന്നുള്ള വലംകാൽ ഷോട്ടിലൂടെ ഇസ്സാം അൽസാബി വല കുലുക്കുകയായിരുന്നു. ഇതോടെ കാണികൾ ആഹ്ലാദ തിമിർപ്പിലായി. ​ഗോൾ വീണതോടെ ഉണർന്ന്​ കളിച്ച മലേഷ്യ സമനിലക്കായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഒമാൻ രണ്ടാം ഗോളും സ്വന്തമാക്കി. ഒമാന്‍റെ അടുത്ത മത്സരം മ​ലേഷ്യക്കെതിരെ ചൊവ്വാഴ്ച ക്വാലാലംപൂരിൽ നടക്കും. 

Tags:    
News Summary - World Cup-Asian Cup Qualifier: Oman won against malaysia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.