വൈകുന്നേരം ദേശീയഗാനം പാടിത്തീർന്ന് ബെല്ലടിച്ചയുടൻ സ്കൂളിൽനിന്ന് വീട്ടിലേക്ക് ഒരോട്ടമാണ്. അച്ഛന്റെ അനിയനന്മാരുടെ കുട്ടികൾ വീട്ടിലെത്തും മുമ്പ് എനിക്ക് എത്തണമെന്ന വാശിയായിരുന്നു. ചേട്ടായിമാരെ വരെ തോൽപിച്ചാണ് ഓടി വീട്ടിലെത്തിയിരുന്നത്. സ്കൂൾ ദിവസങ്ങളിലെ വീട്ടിലേക്കുള്ള ഓട്ടമത്സരത്തിൽ ആരും എന്നെ വെല്ലാനില്ലെന്ന് അറിയാമായിരുന്നെങ്കിലും വേഗത ഒരിക്കലും കുറച്ചില്ല. ഇപ്പോഴും ആ കാലമൊക്കെ ഓർമയിലുണ്ട്.
തൊടുപുഴക്ക് സമീപം വഴിത്തലയിലായിരുന്നു ബാല്യം. അഞ്ചാം ക്ലാസ്വരെ വഴിത്തലയിലെയും തൊടുപുഴയിലെയും സ്കൂളുകളിലായിരുന്നു പഠനം. സ്കൂളിലും പള്ളിയിലുമൊക്കെ പോകുന്നതും വരുന്നതുമൊക്കെ നടന്നും ഓടിയുമൊക്കെയാണ്.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കായികമേളയിലെ ആദ്യ ഒന്നാംസ്ഥാനം. തൊടുപുഴ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ 200 മീറ്ററിൽ ഓടി ഫസ്റ്റ് നേടിയത് ഇപ്പോഴും ഓർമയിലുണ്ട്. പിതാവ് അബ്രഹാമിന് സ്ഥലംമാറ്റം കിട്ടിയതോടെ അഞ്ചാം ക്ലാസ് കഴിഞ്ഞ് കട്ടപ്പനയിൽ പഠിക്കാൻ പോയി.
പിന്നീട് ചെറുതോണി, നെടുങ്കണ്ടം എന്നിവിടങ്ങളിലൊക്കെ താമസിച്ചു. കരിമണ്ണൂർ സ്കൂളിൽ മത്സരത്തിനുപോയി വ്യക്തിഗത ചാമ്പ്യനായതാണ് ആദ്യമായി ലഭിച്ച വലിയ അംഗീകാരം. ഇതാണ് കായികമേഖലയിലേക്കുള്ള ചുവടുവെപ്പ്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ദേശീയ സെലക്ഷൻ കിട്ടി. അന്ന് വലിയ പരിശീലനം ഒന്നുമുണ്ടായിരുന്നില്ല. ഇത് കഴിഞ്ഞാണ് പരിശീലനത്തിനും മറ്റുമായി കോട്ടയം സ്പോർട്സ് സ്കൂളിലേക്ക് പോയത്. അച്ഛനായിരുന്നു മത്സരങ്ങൾക്കെല്ലാം കൊണ്ടുപോയിരുന്നത്. നാലുതവണ ഒളിമ്പിക്സിൽ പങ്കെടുത്തപ്പോഴും എന്റെ നാട് തന്ന പിന്തുണ വളരെ വലുതാണ്. എത്ര ജോലിത്തിരക്കിലാണെങ്കിലും ഇടുക്കിയിലെത്തുന്നത് വലിയ ആശ്വാസമാണ്.
അച്ഛന്റെ സഹോദരങ്ങളും ബന്ധുക്കളുമൊക്കെ ഇപ്പോഴും ഇടുക്കിയിലുണ്ട്. ഒട്ടേറെ സൗഹൃദങ്ങളും ജന്മനാട്ടിലുണ്ട്. പ്രത്യേക മഴയും കോടമഞ്ഞുമൊക്കെ ഇടുക്കിയുടെ പ്രത്യേകതകളാണ്. ഇടുക്കിയിൽനിന്നുള്ള ആദ്യ അത്ലറ്റ് എന്ന് കേൾക്കുമ്പോഴുള്ള ഇഷ്ടം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇടുക്കിയിൽ ഒട്ടേറെ താരങ്ങൾ വളർന്നുവരുന്നുണ്ടല്ലോ എന്നും ഇടുക്കിക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നും ഒരിക്കൽ സ്പോർട്സ് അതോറിറ്റിയിലെ ആളുകൾ ഒരിക്കൽ ചോദിച്ചു. കുന്നിലും മലയിലുമൊക്കെ ഓടിയും നടന്നും നേടിയെടുക്കുന്ന കായികശേഷിയാണ് അവരുടെ കരുത്തെന്നായിരുന്നു എന്റെ മറുപടി.
നല്ല പരിശീലനം കിട്ടിയാൽ മിടുക്കരായി രാജ്യത്തിനുതന്നെ അഭിമാനമാകുന്ന ഒട്ടേറെ കുട്ടികൾ ഇടുക്കിയിലുണ്ട്. നല്ല ഗ്രൗണ്ടും അടിസ്ഥാന സൗകര്യങ്ങളും നൽകിയാൽ മികച്ച താരങ്ങളെ വളർത്തിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.