ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേട്ടം നിറകണ്ണുകളോടെ കാണുന്ന കാര്‍ത്തിക്


ബ്ലാസ്റ്റേഴ്‌സിനെ പ്രണയിച്ച് കുഞ്ഞു കാര്‍ത്തിക് വൈറൽ

കിഴിശ്ശേരി: കാല്‍പന്തുകളിയെ ഹൃദയം കൊണ്ടാവാഹിച്ച ആസ്വാദകരുടെ നാടെന്ന പെരുമ ഇപ്പോഴും സ്വന്തമാണ് മലപ്പുറത്തിന്. ഇതിന് തെളിവാണ് കിഴിശ്ശേരിയിലെ പത്ത് വയസ്സുകാരന്‍ കാര്‍ത്തിക്. കേരള ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പൂര്‍ മത്സരം ടി.വിയില്‍ കാണുമ്പോള്‍ സഹലിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയപ്പോള്‍ വീട്ടിലിരുന്ന് കണ്ണീരണിഞ്ഞ കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കാര്‍ത്തികിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. കളിയും കളിക്കാനും ഇഷ്ടമാണ്. എന്നാല്‍ എവിടെ കളിക്കണം, എങ്ങനെ കളിക്കണം എന്നൊന്നും പറഞ്ഞുതരാന്‍ ആരുമില്ലെന്ന് കാര്‍ത്തിക് നിഷ്‌കളങ്കമായി പറയുമ്പോള്‍ കളിയാരവത്തിനു പിന്നാലെയോടുന്ന മലപ്പുറത്തിന്റെ കായിക ഭാവിയാണ് ചോദ്യചിഹ്നമാകുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ കുഞ്ഞു ആരാധകന്റെ ആനന്ദക്കണ്ണീരാണ് ഇപ്പോള്‍ കായിക ലോകത്തെ ചര്‍ച്ച. കിഴിശ്ശേരി മാങ്കാവ് മൈലാംപാറ വീട്ടില്‍ കാര്‍ത്തികാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം നിറഞ്ഞാസ്വദിച്ചത്.

ഇത് ചര്‍ച്ചയാകുമ്പോഴും ഈ കൊച്ചു കായിക പ്രേമിക്കു ചോദിക്കാനുള്ളത് ഞങ്ങള്‍ എങ്ങനെ കളി പഠിക്കുമെന്നാണ്. കായികമന്ത്രി സ്വന്തം ജില്ലക്കാരൻ തന്നെയായതിനാൽ സ്വന്തം പഞ്ചായത്തായ കുഴിമണ്ണയില്‍ കളിക്കളവും കാല്‍പന്ത് കളി പരിശീലനവും തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചു പ്രതിഭ. മികച്ച കളിക്കാര്‍ വളര്‍ന്നു വരണമെന്ന് കിഴിശ്ശേരി ജി.എല്‍.പി സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന കാര്‍ത്തിക് പറയുന്നു. കല്‍പ്പണിക്കാരനും പഴയകാല ഫുട്‌ബാള്‍ താരവുമായ ഷാജിമോന്റേയും ശ്രീജിഷയുടേയും മകനാണ്. സഹോദരി കീര്‍ത്തന പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ കായിക രംഗത്ത് ചര്‍ച്ചയായിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.