നിലവിലെ വിജയ ഇലവനിൽ ഒരു പരീക്ഷണത്തിന് മുതിരേണ്ട സാഹചര്യം ഇപ്പോഴില്ല. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോമിലാണ്. ആറു സ്പെഷലിസ്റ്റ് ബാറ്റർമാരെയും ഒരു ഓൾറൗണ്ടറെയും മൂന്നു പേസർമാരെയും ഒരു സ്പിന്നറെയും ഇന്ത്യ ഇറക്കും.
സാധ്യത ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇന്ത്യ മാത്രമാണ് വേറിട്ട് നിന്നത്. ഞങ്ങളുടെ പ്രകടനത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. സെമി ഫൈനലിൽ തത്തുല്യമാണ്. ഞങ്ങൾക്കും സാധ്യതയും അവസരവുമുണ്ട്. ഇന്ത്യ മികച്ച ടീമുകളിലൊന്നാണ്. ഞങ്ങളുടെ ദിവസത്തിൽ നല്ല ക്രിക്കറ്റ് കാഴ്ചവെക്കും. അപ്പോൾ എന്തും സംഭവിക്കാം. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞു’. -കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ)
താരങ്ങളെല്ലാം ഫിറ്റാണെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മത്സരത്തലേന്ന് അറിയിച്ചത് ഇലവനിൽ മാറ്റമുണ്ടാവില്ലെന്നതിന്റെ സൂചനയാണ്. പേസ് ബൗളർ ലോക്കി ഫെർഗൂസണെ പരിക്ക് അലട്ടുന്നുണ്ടെങ്കിലും കളിക്കുമെന്നാണ് പരിശീലകൻ ഗാരി സ്റ്റെഡ് വ്യക്തമാക്കിയത്.
സാധ്യത ടീം: ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, 5 ടോം ലതാം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സോത്തി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്.
മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തോൽപിച്ചു. 28 വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യ വീണ്ടും വിശ്വവിജയികൾ. 12 വർഷത്തിനിപ്പുറം ആതിഥേയരുടെ കുപ്പായത്തിൽ ഇന്ത്യ ഇന്ന് ലോകകപ്പ് സെമി ഫൈനലിനിറങ്ങുന്നത് ഇതേ വേദിയാണ്. എതിരാളി കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലൻഡ്. ഇക്കുറി ഒമ്പത് ലീഗ് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. നാലാമതായി കിവീസും. 2019ൽ ഇന്ത്യയെ തോൽപിച്ചാണ് ഇവർ കലാശക്കളിയിലേക്ക് ടിക്കറ്റെടുത്തത്. അങ്ങനെയൊരു കടവും ബാക്കിയുണ്ട്. ശേഷം ഗ്രൗണ്ടിൽ.
ബാറ്റർമാരെ തുണക്കുന്നതാണ് ലോകകപ്പിൽ വാംഖഡെ സ്റ്റേഡിയത്തിലെ പിച്ച് കാണിച്ച സ്വഭാവം. മറ്റു സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് ചെറുതാണ് വാംഖഡെ. ബൗണ്ടറിയിലേക്ക് 64-68 മീറ്റർ മാത്രം ദൂരം. റൺസ് ഒഴുക്കാൻ എല്ലാ സാഹചര്യവുമുള്ളയിടം. ലോകകപ്പിൽ ഇവിടത്തെ ശരാശരി ഒന്നാം ഇന്നിങ്സ് സ്കോർ 350 റൺസ്. 13 പിച്ചുകളുള്ള ഇവിടത്തെ മധ്യവിക്കറ്റാണ് സെമിക്കായി ഒരുക്കുന്നത്. ലോകകപ്പിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ പിച്ച് പേസർമാരെയും തുണച്ചിട്ടുണ്ട്.
പ്രത്യേകിച്ച് രണ്ടാം ഇന്നിങ്സിൽ. ലൈറ്റുകൾക്ക് കീഴിൽ പുതിയ പന്തുമായി പേസർമാരും സ്വിങ്ങും സീമും ഉപയോഗപ്പെടുത്തി. നാലു മത്സരങ്ങളിൽ ആദ്യ പവർപ്ലേയിൽ 17 വിക്കറ്റ് ചേസിങ് ടീമിന് നഷ്ടമായപ്പോൾ ആദ്യം ബാറ്റ് ചെയ്തവർക്ക് വീണത് അഞ്ചെണ്ണം മാത്രം. വേഗക്കാർ 6.60 എന്ന ഇക്കോണമി റേറ്റിൽ 47 വിക്കറ്റുകൾ വീഴ്ത്തി. അതേസമയം, സ്പിന്നർമാർക്ക് ഓവറിൽ ശരാശരി 5.9 റൺസ് വഴങ്ങി ഇരകളെ കണ്ടെത്താനേ കഴിഞ്ഞുള്ളൂ.
ടോസ് വലിയ തോതിൽ സ്വാധീനം ചെലുത്താത്ത വേദിയെന്നതാണ് വാംഖഡെ സ്റ്റേഡിയത്തിന്റെ ചരിത്രം. ടോസ് നഷ്ടപ്പെട്ട ടീമുകളാണ് കൂടുതൽ മത്സരം ജയിച്ചത്, 15. ടോസ് നേടിയവർ ജയിച്ചത് 12ഉം. ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യുന്നതിനാണ് ഇവിടെ ക്യാപ്റ്റന്മാർ മുൻഗണന കൊടുത്തിട്ടുള്ളത്. 27ൽ 17ലും ടോസ് ലഭിച്ചവർ തന്നെ ബാറ്റിങ് തുടങ്ങി. ഇവരിൽ എട്ട് ടീമുകൾ ജയം കണ്ടു.
ഒമ്പതു തവണയും ടോസ് നേടി ആദ്യം ബാറ്റ് ചെയ്തവർ തോറ്റു. ഫീൽഡിങ് തിരഞ്ഞെടുത്ത പത്തിൽ നാലു ടീമുകളാണ് ജയിച്ചത്. ആറിലും തോൽവിയായിരുന്നു ഫലം. നിലവിലെ ലോകകപ്പിൽ രണ്ടു തവണയും ഇവിടെ ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചവർ പരാജയം ഏറ്റുവാങ്ങി. ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തവർ ഓരോ മത്സരം വീതം ജയിക്കുകയും തോൽക്കുകയും ചെയ്തു. എങ്കിലും ഇക്കുറി ആദ്യം ബാറ്റ് ചെയ്തവർ റൺസ് അടിച്ചുകൂട്ടിയ അനുഭവമുള്ളതിനാൽ ടോസ് ഭാഗ്യത്തിലും കാര്യമുണ്ട്.
13 ലോകകപ്പുകളിൽ ഇന്ത്യയുടെ എട്ടാം സെമി ഫൈനലാണിത്. മുമ്പ് നടന്ന ഏഴെണ്ണത്തിൽ നാലിലും തോറ്റു. ഫൈനലിലെത്തിയ 1983ലും 2011ലും യഥാക്രമം വെസ്റ്റിൻഡീസിനെയും ശ്രീലങ്കയെയും തോൽപിച്ച് ജേതാക്കളായി. 2003ലെ ഫൈനലിൽ ആസ്ട്രേലിയയോട് പരാജയമേറ്റുവാങ്ങി.
2019: ന്യൂസിലൻഡിനോട് 18 റൺസ് തോൽവി (മാഞ്ചസ്റ്റർ)
2015: ആസ്ട്രേലിയയോട് 95 റൺസ് പരാജയം (സിഡ്നി)
2011: പാകിസ്താനെ 29 റൺസിന് തോൽപിച്ചു (മൊഹാലി)
2003: കെനിയയെ 91 റൺസിന് തോൽപിച്ചു (ഡർബൻ)
1996: അനിഷ്ട സംഭവങ്ങളെത്തുടർന്ന് ശ്രീലങ്കയെ
വിജയികളായി പ്രഖ്യാപിച്ചു (കൊൽക്കത്ത)
1987: ഇംഗ്ലണ്ടിനോട് 35 റൺസിന് തോറ്റു (മുംബൈ)
1983: ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന് തോൽപിച്ചു
(മാഞ്ചസ്റ്റർ)
ആകെ 7, ജയം 3, തോൽവി 4
ഇംഗ്ലണ്ട് ആതിഥ്യമരുളിയ 2019ലെ ലോകകപ്പിൽ ഒമ്പതിൽ ഏഴു മത്സരങ്ങളും ജയിച്ച് റൗണ്ട് റോബിൻ ലീഗിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. സെമിയിൽ ഇന്ത്യയെ കാത്തിരുന്നത് ന്യൂസിലൻഡ്. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ കിവികൾ നേടിയത് 239 റൺസ്.
വലിയ വെല്ലുവിളികളില്ലാതെ ഇന്ത്യ ലക്ഷ്യത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും ആദ്യ അഞ്ചു റൺസെടുക്കുന്നതിനിടെ ഓപണർമാരായ രോഹിത് ശർമയും കെ.എൽ. രാഹുലും ക്യാപ്റ്റൻ വിരാട് കോഹ്ലിയും കൂടാരം കയറി. ഇടക്ക് എം.എസ്. ധോണിയും (77) രവീന്ദ്ര ജദേജയും (50) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ടീമിനെ 200 കടത്തിയെങ്കിലും 221ൽ പോരാട്ടം അവസാനിപ്പിച്ചതോടെ 18 റൺസ് തോൽവി. കിരീടവഴിയിൽനിന്ന് ഇന്ത്യയെ മടക്കിവിട്ട ന്യൂസിലൻഡിനോട് മധുരപ്രതികാരം ചെയ്യാനാണ് രോഹിതും സംഘവും ഇറങ്ങുന്നത്.
മുംബൈ: ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം കാണാൻ വിഖ്യാത ഇംഗ്ലീഷ് ഫുട്ബാളർ ഡേവിഡ് ബെക്കാമും. യൂനിസെഫ് ഗുഡ്വിൽ അംബാസഡറെന്ന നിലയിൽ ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നുണ്ട്. സെമി കാണാൻ അദ്ദേഹം വാംഖഡെ സ്റ്റേഡിയത്തിലുണ്ടാവുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രിക്കറ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പദ്ധതിയിൽ യുനിസെഫും പങ്കാളിയാണ്. മുൻ താരങ്ങളും സെലിബ്രിറ്റികളും ഉൾപ്പെടെ നിരവധി പ്രമുഖരും കളി കാണാനെത്തും.
ന്യൂസിലൻഡിനെതിരെ ലോകകപ്പ് സെമി പോരാട്ടത്തിനിറങ്ങുന്ന ടീം ഇന്ത്യക്ക് വിജയാശംസകൾ നേർന്ന് ജർമൻ ഫുട്ബാൾ ഇതിഹാസവും ബയേൺ മ്യൂണിക് താരവുമായ തോമസ് മുള്ളർ. ടീം ഇന്ത്യയുടെ ജഴ്സി ധരിച്ച് വിജയം ആശംസിക്കുന്ന താരത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മുള്ളർക്ക് താരത്തിന്റെ പേരെഴുതിയ 25ാം നമ്പർ ജഴ്സി ടീം ഇന്ത്യ സമ്മാനിച്ചിരുന്നു.
ബോക്സിൽനിന്ന് ജഴ്സിയെടുത്ത് ധരിക്കുന്നതും ഇന്ത്യക്ക് വിജയാശംസകൾ നേരുന്നതുമാണ് താരം എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലുള്ളത്. പോസ്റ്റിൽ സൂപ്പർ താരം വിരാട് കോഹ്ലിയെയും ടാഗ് ചെയ്തിട്ടുണ്ട്. ‘ഇത് നോക്കൂ, വിരാട് കോഹ്ലി. ജഴ്സിക്ക് നന്ദി, ടീം ഇന്ത്യ! ആശംസകൾ’ എന്ന കുറിപ്പിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തേയും താരം ഇന്ത്യൻ ടീമിന് വിജയാശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.