ഇന്ത്യൻ ഫുട്ബാൾ താരം അൻവർ അലിക്ക് നാല് മാസത്തെ വിലക്ക്; മോഹൻ ബഗാന് 12.90 കോടി നഷ്ടപരിഹാരം

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാൾ താരം അൻവർ അലിക്ക് നാല് മാസത്തെ വിലക്കേർപ്പെടുത്തി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). ഡൽഹി എഫ്.സിയിൽനിന്ന് ലോണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലെത്തിയ താരം അവരുമായുള്ള നാലുവർഷത്തെ കരാർ ലംഘിച്ച് ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതാണ് പ്രതിരോധ താരത്തിന് തിരിച്ചടിയായത്.

അൻവർ അലിയും മാതൃക്ലബ് ഡൽഹി എഫ്.സിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും ചേർന്ന് 12.90 കോടി രൂപ മോഹൻ ബഗാന് നഷ്ടപരിഹാരം ​നൽകണമെന്നും എ.ഐ.എഫ്.എഫ് ​െപ്ലയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ (പി.എസ്.സി) നിർദേശമുണ്ട്. പിഴത്തുകയുടെ പകുതി അൻവർ അലിയാണ് നൽകേണ്ടത്. ഡൽഹി എഫ്.സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ പുതിയ താരങ്ങളെ എത്തിക്കുന്നതിനും വിക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബാൾ കണ്ട ഏറ്റവും വലിയ ട്രാൻസ്ഫർ തുകകളിലൊന്നായ 24 കോടിക്കാണ് അൻവർ അലി ഈസ്റ്റ് ബംഗാളിലെത്തിയത്. മാസങ്ങളോളം ഈ ട്രാൻസ്ഫർ ഫുട്ബാൾ വൃത്തങ്ങളിൽ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈസ്റ്റ് ബംഗാളുമായി അഞ്ച് വർഷത്തെ കരാറിലൂടെ മാതൃക്ലബായ ഡൽഹി എഫ്.സിക്ക് 2.5 കോടി രൂപ ലഭിച്ചിരുന്നു. വിവാദമായതോടെ ട്രാൻസ്ഫറിന് അനുമതി തേടി അൻവർ അലി ​െപ്ലയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റിയെ സമീപിച്ചിരുന്നു.

അണ്ടർ 17 മുതൽ ഇന്ത്യൻ ടീമിന്റെ ജഴ്സിയണിയുന്ന 24കാരൻ പഞ്ചാബിലെ മിനർവ അക്കാദമിയിലാണ് കളിയഭ്യസിച്ചത്. 2022ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ അൻവർ അലി ഇതുവരെ രാജ്യത്തിനായി 22 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 2023ൽ ​ത്രിരാഷ്ട്ര ടൂർണമെന്റിലും ഇന്റർ കോൺഡിനന്റൽ കപ്പിലും സാഫ് കപ്പിലും ജേതാക്കളായ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ ഐ.എസ്.എല്ലിൽ മികച്ച പ്രകടനമാണ് അൻവർ അലി പുറത്തെടുത്തത്.

Tags:    
News Summary - Indian football player Anwar Ali banned for four months; 12.90 crore compensation to Mohun Bagan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.