ഉറുഗ്വായിയുടെ കിരീടധാരണത്തോടെ അണ്ടർ 20 ലോകകപ്പിന് കഴിഞ്ഞ ദിവസം അർജന്റീനയിൽ വിസിൽ നിലച്ചു. ടൂർണമെന്റിലെ മിന്നുംതാരങ്ങൾ ദേശീയ ടീമുകളിലേക്ക് വിളി ഉറപ്പിച്ചിരിക്കെ അടുത്ത സീസണിൽ പ്രമുഖ ക്ലബുകളും നോട്ടമിട്ടിരിക്കുകയാണ്. വരുംനാളുകൾ തങ്ങളുടേതാണെന്ന് തെളിയിക്കുകയായിരുന്നു ഇവർ. യുവ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ചു പേർ ഇതാ.
അണ്ടർ 20 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ, ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരമാണ് ഇറ്റാലിയൻ മിഡ്ഫീൽഡർ സിസേർ കാസാഡെയ്. ഏഴു ഗോളാണ് ചെൽസി താരം ടൂർണമെന്റിൽ ഇറ്റലിക്കായി അടിച്ചത്. അറ്റാക്കിങ് മിഡ്ഫീൽഡറായ 20കാരൻ വലതുവിങ്ങിലാണ് കൂടുതൽ അപകടം വിതറുന്നത്. ചെൽസിയുമായി 2028 വരെ കരാറുള്ള കാസാഡെയ് ഇപ്പോൾ ഇംഗ്ലണ്ടിലെ ചാമ്പ്യൻഷിപ് ഡിവിഷൻ ടീമായ റീഡിങ്ങിലേക്ക് വായ്പയിൽ പോയിരിക്കുകയാണ്. ലോകകപ്പിലെ പ്രകടനത്തോടെ താരത്തിന്റെ വിപണിമൂല്യം 60 ലക്ഷം യൂറോയിൽനിന്ന് 1.2 കോടി യൂറോയിലേക്കു കുതിച്ചു.
ചാമ്പ്യൻ ടീമിന്റെ 19കാരൻ ഡിഫൻഡർ എതിരാളികൾക്കു മുന്നിൽ ഉരുക്കുകോട്ട തീർത്തു. ഫൈനലടക്കം ഏഴു മത്സരങ്ങൾ കളിച്ച ലാറ്റിനമേരിക്കൻ സംഘം വഴങ്ങിയത് മൂന്നു ഗോൾ മാത്രം. ഇതാവട്ടെ ഗ്രൂപ് റൗണ്ടിൽ ഇംഗ്ലണ്ടിനോട് തോൽവി ഏറ്റുവാങ്ങിയ കളിയിലും. അനുഭവസമ്പന്നനെപ്പോലെയായിരുന്നു കളത്തിൽ ബോസെല്ലിയുടെ പൊസിഷനിങ്. ഉറുഗ്വായ് ഒന്നാം ഡിവിഷനിലെ ഡിഫൻസർ ടീമിന്റെ താരമാണിപ്പോൾ. വെബ്സൈറ്റ് ട്രാൻസ്ഫർ മാർക്കറ്റിൽ ഒമ്പതു ലക്ഷം യൂറോയാണ് നിലവിൽ ബോസെല്ലിയുടെ വില.
ബ്രസീലിയൻ സെന്റർ ഫോർവേഡായ മാർകോസ് ലിയോണാർഡോ ടീം ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും ലോകകപ്പിൽ അഞ്ചു ഗോൾ സ്കോർ ചെയ്ത് മുൻനിരയിലെത്തി. സാന്റോസ് ക്ലബിന്റെ ഗോളടിയന്ത്രമായി മാറിക്കഴിഞ്ഞ 20കാരൻ, ഇടതു വിങ്ങിലൂടെ കളിമെനയാൻ ഇഷ്ടപ്പെടുന്നയാളാണ്. പന്തടക്കത്തിലും മിടുക്കൻ. മികച്ച തുക കിട്ടിയാൽ ലിയോണാർഡോയെ കൈമാറാനൊരുങ്ങുകയാണ് ബ്രസീലിയൻ ക്ലബായ സാന്റോസ്. ഇംഗ്ലണ്ടിൽനിന്ന് വെസ്റ്റ്ഹാമിന്റെ 1.1 കോടി യൂറോയുടെ ഓഫർ ഇയ്യിടെ സാന്റോസ് നിരസിച്ചിരുന്നു. വിപണിമൂല്യം 1.3 കോടി യൂറോയായി.
അണ്ടർ 20 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നൈജീരിയക്കെതിരെ 1-0 ജയം നേടി ഏഷ്യൻ സംഘമായ ദക്ഷിണ കൊറിയയെ സെമി ഫൈനലിലെത്തിച്ചതിലെ പ്രധാനി 20കാരൻ ഗോൾകീപ്പർ കിം ജൂൻ ഹോങ്ങാണ്. സെമി ഫൈനലിൽ ടീം ഇറ്റലിയോട് തോറ്റെങ്കിലും പരാജയഭാരം കുറച്ചത് ജൂൻ നടത്തിയ ഉഗ്രൻ സേവുകളായിരുന്നു. കൊറിയയിലെ രണ്ടാം ഡിവിഷൻ ക്ലബായ ഗിംചിയോൺ സിങ്മുവിനായി കളിക്കുകയാണ് ആറടി രണ്ടിഞ്ച് പൊക്കമുള്ള താരം. വിപണിമൂല്യം ഏകദേശം 1.5 ലക്ഷം യൂറോയാണിപ്പോൾ.
അരങ്ങേറ്റ ലോകകപ്പിൽ ഇസ്രായേലിനെ മൂന്നാം സ്ഥാനക്കാരാക്കിയതിൽ 18കാരൻ ഡിഫൻഡർ ഒർ ഇസ്രായേലോവ് നൽകിയ സംഭാവനകൾ ഏറെ വലുതാണ്. ഏതു കാലിലും കരുത്തുറ്റ പാസുകൾ നൽകാൻ ശേഷിയുള്ള താരം. എതിരാളികളെ പരാജയപ്പെടുത്തി ലൈൻ ബ്രേക്കിങ് നടത്തുന്നതിലെ മിടുക്ക് ഇസ്രായേലോവിനെ ടീം ലീഡറാക്കുന്നു. ആധുനിക പരിശീലകർക്ക് മികച്ചൊരു സമ്പത്താണ് കൗമാരതാരം. ഇസ്രായേലിലെ ഹാപോയെൽ തെൽഅവീവ് ക്ലബിനായി കളിക്കുന്ന ഇസ്രായേലോവിന് വിപണിയിൽ മൂന്നു ലക്ഷം യൂറോ വിലമതിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.