കൊച്ചി: രാകി തേച്ചുമിനുക്കിയെടുത്ത മഹാരാജാസ് കോളജിലെ സിന്തറ്റിക് ട്രാക്ക് ഗ്രൗണ്ടിൽ പുതിയ ഉയരവും വേഗവും കണ്ടെത്താൻ കേരളത്തിലെ കായികകൗമാരങ്ങൾ ഇന്നിറങ്ങും. രാവിലെ 6.10ന് സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്ത മത്സരത്തോടെയാണ് 66ാമത് സംസ്ഥാന കായികമേളയുടെ അത്ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി 14 തീപ്പൊരി ഫൈനലുകൾക്ക് ആദ്യദിനം സാക്ഷിയാകും. 11 വരെ നടക്കുന്ന 98 ഫൈനലുകളിൽ 2700 കായികതാരങ്ങളാണ് കൊച്ചിയുടെ കായലോളങ്ങള്ക്കൊപ്പം അലയടിച്ചുയരുക.
ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ജില്ലക്കുള്ള മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫിക്കുള്ള പോരാട്ടത്തിൽ ഇത്തവണയും മുൻപന്തിയിൽ പാലക്കാടും എറണാകുളവും മലപ്പുറവും തിരുവനന്തപുരവുംതന്നെ. തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് എത്തുന്നത്. കഴിഞ്ഞവർഷം കുമരംപുത്തൂരിന്റെയും പറളിയുടെയും മുണ്ടൂരിന്റെയും ചിറകിലേറി കുതിച്ച കായിക രാജാക്കന്മാർക്ക് ഇത്തവണ കാര്യങ്ങൾ അത്രനിസാരമാകില്ല. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായ മലപ്പുറത്തിന്റെ പ്രതീക്ഷകൾ ഇത്തവണയും കടകശ്ശേരി ഐഡിയൽ എച്ച്.എസ്.എസിനെ ആശ്രയിച്ചാണ്. ഒരു വ്യാഴവട്ടക്കാലം കായിക കേരളം അടക്കി ഭരിച്ച എറണാകുളം ഇപ്പോൾ പഴയപ്രതാപത്തിന്റെ നിഴലിലാണ്. കഴിഞ്ഞ വർഷം മികച്ച സ്കൂളിനുള്ള കിരീടം 11 പോയന്റ് അകലെ അടിയറവ് വെച്ചതിന്റെ കേട് കൊച്ചിയിൽ തീർക്കാനാണ് കോതമംഗലം മാർ ബേസിൽ സ്കൂൾ കായിക മേധാവി ഷിബി ടീച്ചറും സംഘവും ഇറങ്ങുക.
അതേസമയം, സ്കൂൾ ഗെയിംസിലെ ആധിപത്യം അത്ലറ്റിക്സിലും ആവർത്തിച്ച് കൊച്ചിയിൽ രാജകീയ തിരിച്ചുവരവിനൊരുങ്ങുകയാണ് തലസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.