വിമാനം ഇടിക്കൂടാക്കി ടൈസൻ; സഹയാത്രികന്റെ മുഖം ഇടിച്ച് പൊട്ടിച്ചു

വാഷിങ്ടൻ: കരിയറിലുടനീളം ബോക്സിങ് റിങിനുള്ളിലും പുറത്തും വിവാദ നായകനായ മൈക്ക് ടൈസൻ ഇ​പ്പോൾ വീണ്ടും വിവാദത്തിൽ. വിമാനയാത്രക്കിടെ സഹയാത്രികന്റെ മുഖം ഇടിച്ച് പൊട്ടിച്ചാണ് മുൻ ലോക ബോക്സിങ് ചാമ്പ്യൻ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. സാൻഫ്രാൻസിസ്കോയിൽനിന്നു ഫ്ലോറിഡ‍യിലേക്ക് പോകുന്ന ഡെറ്റ് ബ്ലൂ എയർലൈനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൈക്ക് ടൈസൻ ഇരുന്നതിന്റെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന യുവാവിനാണ് ഇടിയേറ്റത്. ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ നെറ്റി പൊട്ടി ചോര വന്നു. ഇടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലുമായി.

ആദ്യം യുവാവിനോട് ടൈസൻ സംസാരിക്കുന്നത് കാണാം. എന്നാൽ, വീണ്ടും സംസാരിക്കാൻ ശ്രമിച്ച് ശല്യം സഹിക്കാൻ വയ്യാതെയായതോടെയാണ് ടൈസൻ പ്രകോപിതനായതെന്നും യുവാവിന്റെ മുഖത്ത് തുടരെത്തുടരെ ഇടിച്ചതെന്നും സഹയാത്രക്കാർ പറയുന്നു. മുഖത്ത് ചോരയൊലിപ്പിച്ചിരുന്ന യുവാവിനു വിമാനാധികൃതർ പ്രഥമ ശുശ്രൂഷ നൽകി.

യുവാവ് ടൈസനെ പ്രകോപിപ്പിച്ചെന്നും ദേഹത്തേക്ക് വെള്ളക്കുപ്പി വലിച്ചെറിഞ്ഞെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. 'ജീവന് ഭീഷണിയില്ലാത്ത' പരിക്കുകളേറ്റ യുവാവിന് ചികിത്സ നൽകിയെന്നും സംഭവത്തിന്റെ വിശദാംശങ്ങൾ നൽകാൻ അയാൾ വിസമ്മതിച്ചെന്നും സാൻഫ്രാൻസിസ്കോ പൊലീസ് പറഞ്ഞു. സംഭവത്തിന്റെ പിറ്റേദിവസം 'ഫൈറ്റ് ക്യാമ്പ്' എന്നെഴുതിയ കറുത്ത ടീഷർട്ടും ധരിച്ച്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് നടന്നു നീങ്ങുന്ന ടൈസന്റെ പടങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബോക്സിങ് റിങ്ങിലും പുറത്തും ടൈസന്റെ 'ഇടികൾ' കുപ്രസിദ്ധി നേടിയിട്ടുണ്ട്. 1997ൽ മത്സരത്തിനിടെ എതിരാളി ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചുപറിച്ചും 1992ൽ പീഡനക്കേസിൽ കുറ്റക്കാരനായി മൂന്ന് വർഷം തടവുശിക്ഷയും അനുഭവിച്ചമൊക്കെ ടൈസൻ കുപ്രസിദ്ധനായി.

1986ൽ തന്റെ 20–ാം വയസ്സിൽ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായാണു ടൈസൻ വരവറിയിച്ചത്. ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.സി, ഐ.ബി.എഫ് എന്നീ ബോക്സിങ്ങിലെ മൂന്ന് പ്രധാന ലോക കിരീടങ്ങളും ഒരേ സമയം നേടിയ ആദ്യ താരമാണ്. 58 മത്സരങ്ങൾ, 50 വിജയം (44 നോക്കൗട്ട്) എന്നിങ്ങനെയാണു ടൈസന്റെ പ്രഫഷനൽ റെക്കോർഡ്. 2006ൽ പ്രഫഷനൽ ബോക്സിങ്ങിൽ നിന്നു വിരമിച്ചു.



Tags:    
News Summary - Mike Tyson hits passenger on US plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.